മാലദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌ ,നഷീദ്‌ പ്രസിഡന്‍റ്

WDPRO
ലക്ഷദ്വീപ് സമുദ്രത്തിലെ കൊച്ചുപച്ചത്തുരുത്തായ മാലദ്വീപില്‍ മൂന്നു പതിറ്റാണ്ടത്തെ ‘ഏകാധിപത്യ ഭരണ‘ത്തിനു അന്ത്യമായി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ എം ഡി പി നേതാവും മുന്‍ രാഷ്ട്രീയ തടവുകാരനുമായ മുഹമ്മദ്‌ അന്നി നഷീദ്‌ നിലവിലെ പ്രസിഡന്‍റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിനെ എട്ടുശതമാനം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

നവംബര്‍ 11ന്‌ 41 കാരനായ നഷീദ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. മുഹമ്മദ് വാഹീദ് ഹസ്സനാണ് വൈസ് പ്രസിഡന്‍റ്. 1978 ല്‍ ഗയൂം ആദ്യമായി അധികാരത്തിലേറിയ നവംബര്‍ 11ന്‌ തന്നെയാണ്‌ നഷീദിന്റെയും സത്യപ്രതിജ്ഞ.

1967 മെയ് 17 ന് ജനിച്ച നഷീദ് ‘അന്നി‘ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. ഗയൂമിന്‍റെ രാഷ്ട്രീയത്തേയും നയങ്ങളേയും നിരന്തരം എതിര്‍ത്തു പോന്ന നഷേദിന് ഒട്ടേറെ തവണ കോടതി കയറ്റവും ജയില്‍ വാസവും വേണ്ടി വന്നിട്ടുണ്ട്.

ഗയൂം 6 വര്‍ഷം രാഷ്ട്രീയത്തടവുകാരന്‍ ആക്കിയ നഷീദ് ചൊവ്വാഴ്‌ച നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തോല്‍പ്പിച്ച് മധുരമായി പ്രതികാരം വീട്ടിയപ്പോല്‍ അത് മാലദ്വീപിന്‍റെ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമാവുകയായിരുന്നു‌. മുപ്പത് വര്‍ഷത്തെ ഗയൂം ഭരണത്തിന്‌ അങ്ങനെ അന്ത്യമായി.

ആറുവട്ടം പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്‌ നടന്ന മാലദ്വീപില്‍ ആറുതവണയും ഗയൂമിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. ഫലത്തില്‍ ഏകാധിപത്യ ഭരണമായിരുന്നു മാലദ്വീപില്‍ ഉണ്ടായിരുന്നത്.


1978 മുതല്‍ 30 വര്‍ഷം മാലദ്വീപിന്‍റെ ഭരണാധികാരിയാണ്‌ എഴുപത്തിയൊന്നുകാരനായ ഗയൂം. ഒക്‌ടോബര്‍ ഒമ്പതിനു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും ഗയൂമിന്‌ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. അതുകൊണ്ടാണ് ഒക്ടോബര്‍ 28 ന് വീണ്ടും - രണ്ടാം ഘട്ട- വോട്ടെടുപ്പ് നടന്നത്.

സമാധാനപരമായ ഭരണമാറ്റമാണ്‍` മാറ്റമാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ നഷീദ്‌ പറഞ്ഞു.
നഷീദിന്‍റെ ജയം അംഗീകരിച്ചതായി ഗയൂമും അറിയിച്ചു നഷീദിനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ മാല്‍ദിവിയന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയെയും അദ്ദേഹം അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ്‌ ഫലം വളരെ സന്തോഷം നല്‍കുന്നുവെന്ന്‌ മാല്‍ദിവിയന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ ഇബ്രാഹിം ഹുസൈന്‍ സകി പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ നാലുവര്‍ഷം മുമ്പ്‌ ഗയൂം പിന്‍വലിച്ചിരുന്നു. അതുകൊണ്ടാണ് ഇക്കുറി ഗയൂമിനെതിരെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നഷീദിന് കഴിഞ്ഞത്. മാലിദ്വീപില്‍ നടക്കുന്ന ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് പറയാം.

ഇന്ത്യയിലുള്ള മാലിദ്വീപുകാര്‍ക്കും ഇക്കുറി വോട്ടു ചെയ്യാന്‍ അവസരം കിട്ടി. തിരുവനന്തപുരത്ത് കുമാരപുരത്ത് ഇതിനായി സര്‍ക്കാര്‍ മേല്‍‌നോട്ടത്തില്‍ പോളിംഗ് ബൂത്തും സജ്ജമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക