മഴ ചതിച്ചു, കേരളത്തിന് ഇരുട്ടടി!

ചൊവ്വ, 24 ജൂലൈ 2012 (11:07 IST)
PRO
PRO
കാലവര്‍ഷം ചതിച്ചതിനാല്‍ ജലവൈദ്യുതി പദ്ധതിയെ പ്രധാനമായി ആശ്രയിക്കുന്ന കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവുംകുറഞ്ഞ ജിലനിരപ്പാണ് കേരളത്തിലെ അണക്കെട്ടുകളില്‍. എഴുപത്തിരണ്ട് ദിവസത്തെ വൈദ്യുതി ഉല്‍പാദനത്തിനുള്ള വെള്ളം മാത്രമാണ് കേരളത്തിലെ അണക്കെട്ടുകളില്‍ അവശേഷിക്കുന്നതെന്ന് റിപ്പോര്‍ട്ട്.

ശബരിഗിരി ഉള്‍പ്പെടുന്ന എല്ലാ അണക്കെട്ടുകളിലുംകൂടി 742.12 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമെ ഉള്ളുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 1984.74 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള വെള്ളം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം ഇത്രയും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം ഈ വര്‍ഷം 1243 ദശലക്ഷണം യൂണിറ്റ്‌ ഉല്‍പാദിപ്പിക്കാനുള്ള വെള്ളത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ആകെ സംഭരണ ശേഷിയുടെ 17.92 ശതമാനം മാത്രമെ അണക്കെട്ടുകളില്‍ ഇപ്പോള്‍ വെള്ളമുള്ളു. ഇപ്പോള്‍ പ്രതിദിനം 10 ദശലക്ഷം യൂണിറ്റില്‍ താഴെ ജലവൈദ്യുതിയാണ്‌ ഉല്‍പാദിപ്പിക്കുന്നത്‌. കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരും. വന്‍തുകയ്ക്ക് പുറമെ നിന്ന് വൈദ്യുതി വാങ്ങി സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് കേരളത്തിന് വലിയ ബാധ്യത വരുത്തിവയ്ക്കും.

വെബ്ദുനിയ വായിക്കുക