മദനിയും പിഡിപിയും തെറ്റുകാരോ?

ബുധന്‍, 25 മാര്‍ച്ച് 2009 (20:36 IST)
PRO
ഒരു സമുദായത്തെയും മറ്റ് ന്യൂനപക്ഷ സമുദായത്തെയും പേരിലെങ്കിലും കൂട്ടി അബ്ദുള്‍ നാസര്‍ മദനിയെന്ന ശാസ്താംകോട്ടക്കാരനായ തീവ്ര ചിന്താഗതിക്കാരനായ നേതാവ് പിഡിപി (മുസ്ലീം-ദളിത്-പിന്നോക്ക) രാഷ്ട്രീയ പാര്‍ട്ടി രൂപപ്പെടുത്തിയത് ആര്‍ക്കെങ്കിലും എതിര്‍ക്കാനാവുമോ? രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്‍റെ മെമ്മറിയില്‍ പതിയുന്ന പിന്തുണ മുദ്രകള്‍ക്ക് ഏഴ് വെള്ളിക്കാശിന്‍റെ മൂല്യം കല്‍പ്പിച്ചതല്ലേ തെറ്റ്?

മദനി കുറ്റക്കാരനോ അല്ലയോ എന്നത് കോടതി തീരുമാനിക്കേണ്ടകാര്യം. ‘മൊത്തം കുഴപ്പത്തിലുള്ള’ പ്രതിഛായയും പേറി വന്ന മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്നുള്ള മടക്കത്തില്‍ ആശ്ലേഷിച്ചാനയിക്കാന്‍ മനുഷ്യത്വമെന്ന മുഖം മൂടിയണിഞ്ഞ് പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം മത്സരം തന്നെയായിരുന്നു നടത്തിയത്. അന്ന് നടന്ന മത്സരത്തിന്‍റെ ‘ഫൈനല്‍’ ഇപ്പോള്‍ നടക്കുന്നു, അതില്‍ യുഡി‌എഫ് തന്ത്രപരമായി അല്‍പ്പം പിന്നോട്ട് പോയി എന്നു മാത്രം!

മദനി വര്‍ഗീയതയുടെ പ്രവാചകനല്ല എന്ന കണ്ടെത്തലിലൂടെ ഇടതുപക്ഷ പ്രമുഖരായ സിപി‌എം ഇപ്പോള്‍ ഘടക കക്ഷികളില്‍ നിന്നുള്ള എതിര്‍പ്പിനെ തൃണവല്‍ക്കരിച്ച് മദനിയുമൊത്ത് വേദി പങ്കിടുന്നു. മദനിയുടെ ഐ‌എസ്‌എസ് എന്ന ഇസ്ലാമിക് സേവക് സംഘത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 1993 ല്‍ നിരോധിച്ചപ്പോള്‍ മദനി ആരായിരുന്നു? പൊതു പ്രവര്‍ത്തകനോ, വര്‍ഗീയ വാദിയോ?

PRO
അവിടെയും മതേതരത്തിന്‍റെ കടുത്ത നിറമുള്ള നേതാക്കള്‍ക്ക് പറയാനേറെയുണ്ട് - ‘മദനിയുടെ പൂര്‍വകാലമല്ല ഇപ്പോഴുള്ള മദനിയെ ആണ് ഞങ്ങള്‍ അംഗീകരിക്കുന്നത്’. ഇപ്പോഴുള്ള മദനി പൊതു സമൂഹ നന്മയ്ക്കായി എന്തൊക്കെ ചെയ്യുന്നു എന്ന ചോദ്യത്തിനാവും ഇടതുപക്ഷം ഇവിടെ മറുപടി പറയേണ്ടി വരുന്നത്.

വര്‍ഗീയാതീത മദനിയെ കണ്ടെത്തിയതിനും ശക്തമായി പിന്തുണച്ച് കൂടെ കൊണ്ടു നടക്കുന്നതിലും ജാതി വോട്ടുകളുടെ അവിശുദ്ധ ആകര്‍ഷണമല്ലേ പ്രചോദനമായത് എന്ന് പൊതു സമൂഹം ചിന്തിച്ചാല്‍ എന്താണ് തെറ്റ്? പൊന്നാനിയിലെ ഹുസൈന്‍ രണ്ടത്താണിക്ക് വേണ്ടി സിപിഐയെ തള്ളിപ്പറയാന്‍ പ്രേരിപ്പിച്ചതിനു പിന്നിലെ രാഷ്ട്രീയം മണ്ഡലത്തിലെ അമ്പതിനായിരത്തില്‍ പരം പിഡിപി വോട്ടുകളാണെന്ന് ആര്‍ക്കും മനസ്സിലാവും - ആറായിരത്തോളം വരുന്ന ഘടകക്ഷി ശക്തിക്ക് അമ്പതിനായിരത്തിനെ വെല്ലാനാവുമോ?

കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ഒമ്പത് കൊല്ലമാണ് വിചാരണ തടവുകാരനായി മദനി ജയിലില്‍ കഴിഞ്ഞത്. ഇക്കാലയളവില്‍ സംശയഗ്രസ്തരായ ഉപജാപകരില്‍ പലരും അങ്ങോട്ടേക്ക് പരസ്യ പ്രവേശനം നടത്തിയില്ല എന്ന് മാത്രമല്ല ഇവിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പറയേണ്ടിടത്തെല്ലാം മദനിയുടെ മോചനത്തിന്‍റെ പേര് പറഞ്ഞ് വോട്ട് പിടിക്കുകയും ചെയ്തു.

PRO
ബിജെപി, മുസ്ലീം ലീഗ് എന്നിവര്‍ വര്‍ഗീയ കക്ഷികളാണെങ്കില്‍ അത്ര പോലും പാരമ്പര്യം പറയാനില്ലാത്ത പിഡിപിക്ക് അവരെക്കാളും ദുരൂഹമായ പ്രതിഛായ ഉള്ളതില്‍ കവിഞ്ഞ് എന്തുണ്ട്? മദനിയുടെ കാര്യത്തില്‍ പൊതു സമ്മതനായ മുന്‍ മുഖ്യമന്ത്രി നായനാരുടെ നിലപാടിലേക്കാണ് വി എസ് അച്യുതാനന്ദന്‍റെ പോക്ക് എന്നാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മദനിയെകുറിച്ചുള്ള അന്വേഷണങ്ങള്‍ അവസാനിച്ചു എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞപ്പോള്‍ അത് പുതുതായി തുടങ്ങുമെന്നാണ് അച്യുതാനന്ദന്‍ നല്‍കുന്ന സൂചന.

ഇടതുപക്ഷം വ്യക്തമായ ഒരു ചേരിയിലേക്കാണ് ഇപ്പോള്‍ ചേക്കേറുന്നത്. ജാതി നിറങ്ങളില്‍ ഭിന്നിച്ച വോട്ടിനെ തട്ടിയെടുക്കുന്നവരുടെ ചേരിയിലേക്ക്. കേരളത്തില്‍ കോണ്‍ഗ്രസ് കാലങ്ങളായി നടത്തുന്നതും ഇടതുപക്ഷം നടത്തുന്നില്ല എന്ന് പറഞ്ഞ് അഭിമാനിച്ചിരുന്നതുമായ ഒരു അവിശുദ്ധ ചേരിയിലേക്കുള്ള ചേക്കേറല്‍.

ഈ അവസരത്തില്‍, മദനിയെയും പിഡിപിയെയും കുറ്റം പറഞ്ഞ് യുഡി‌എഫ് ബുദ്ധിമുട്ടേണ്ടതില്ല. ഇടതുകക്ഷികള്‍ തന്നെ ഇക്കാര്യത്തില്‍ ശക്തമായ തീരുമാനം കൈക്കൊള്ളുകയാണ് വേണ്ടത്. തെറ്റുപറ്റിപ്പോയി എന്ന് പശ്ചാത്തപിക്കാനിടവരാതെ മൂല്യങ്ങളെ കാത്ത് സംരക്ഷിക്കാന്‍ സമയമിനിയും വൈകിയിട്ടില്ല.