പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയത് ബ്ലാക്മാന്‍?

തിങ്കള്‍, 17 ഡിസം‌ബര്‍ 2012 (13:38 IST)
PRO
തിരുവനന്തപുരം നാലാഞ്ചിറയില്‍ ബ്ലാക്മാന്‍ ആക്രമണം നടത്തിയതായി പ്രചരണം. ഒരു പെണ്‍കുട്ടിക്ക് കുത്തേറ്റതിന് പിന്നില്‍ ബ്ലാക്മാനാണെന്നാണ് പ്രചരണം പുരോഗമിക്കുന്നത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ബ്ലാക്മാനൊന്നുമല്ലെന്നും പെണ്‍കുട്ടിയെ അപമാനിക്കാന്‍ ഏതോ അക്രമി ശ്രമിച്ചതാണെന്നും നാട്ടുകാരില്‍ മറ്റൊരു വിഭാഗം പറയുന്നു.

നാലാഞ്ചിറ സെന്‍റ് ജോണ്‍സ്‌ സ്കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിക്ക് നേരെയാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായത്. കൂശവൂര്‍ക്കല്‍ വഴി റോഡിലൂടെ സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ കറുത്ത വസ്ത്രധാരിയായ ഒരാള്‍ കടന്നുപിടിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഓടാന്‍ ശ്രമിച്ചപ്പോള്‍ കൈയിലുരുന്ന കത്തികൊണ്ട് അക്രമി പെണ്‍കുട്ടിയുടെ കൈയില്‍ കുത്തി പരുക്കേല്‍പ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അടുത്തുള്ള വീടിന്‍റെ മതില്‍ ചാടിക്കടന്ന് അക്രമി രക്ഷപ്പെട്ടു.

അക്രമി കറുത്ത വസ്ത്രം ധരിച്ചിരുന്നതിനാല്‍ ഇത് ബ്ലാക്മാന്‍റെ ആക്രമണമാണെന്നാണ് പ്രചരണം പുരോഗമിക്കുന്നത്. പെണ്‍കുട്ടി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.

പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. സംഭവസ്ഥലത്തിന് സമീപത്തായി ഒരു കോളനിയുണ്ട്. അക്രമി ഈ ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് വിവരം. അതുകൊണ്ടുതന്നെ കോളനിയിലെ ആര്‍ക്കെങ്കിലും ഈ ആക്രമണവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, പെണ്‍കുട്ടിയെ ആക്രമിച്ചത് ബ്ലാക്മാന്‍ തന്നെയാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. പൊലീസിനോടും ഇവര്‍ ഇത്തരത്തില്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

അടുത്ത പേജില്‍ - ആരാണ് ഈ ബ്ലാക്മാന്‍?

PRO
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ് ബ്ലാക്മാനെ സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. കുറച്ചുകാലമായി ഈ മേഖലകള്‍ ബ്ലാക്മാന്‍റെ ഭീതിയിലാണ്. ആദ്യമൊക്കെ ആരും നേരില്‍ ബ്ലാക്മാനെ കണ്ടതായി വാര്‍ത്തകളില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബ്ലാക്മാനെ നേരില്‍ കണ്ടതായി അവകാശപ്പെട്ട് പലരും രംഗത്തെത്തുന്നു.

ആരാണ് ഈ ബ്ലാക്മാന്‍?

ബ്ലാക്മാന്‍ ആരാണെന്ന ചോദ്യത്തിന് പലര്‍ക്കും കൃത്യമായ ഉത്തരമുണ്ട്. ആറടി ഉയരമുള്ള ഒരാളാണ് ബ്ലാക്മാന്‍. തടിച്ച് കറുത്ത രൂപം. മുഖത്ത് കറുത്ത ചായം തേച്ചിട്ടുണ്ടാകും. കറുത്ത ബനിയനും നിക്കറും ധരിച്ചിരിക്കും. ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും കറുത്ത ചായം പൂശിയിരിക്കും. ചിലപ്പോള്‍ മുഖം‌മൂടിയും ധരിക്കാറുണ്ട്. വലിയ അഭ്യാസിയാണ്. ഏത് കൂറ്റന്‍ മതിലും ചാടും. പിടികൂടാന്‍ ബുദ്ധിമുട്ടാണ്. അസാധാരണമായ വേഗതയാണ് കക്ഷിക്ക്. നിന്നനില്‍പ്പില്‍ അപ്രത്യക്ഷനായിക്കളയും.

വര്‍ക്കല, ആറ്റിങ്ങല്‍ ഭാഗങ്ങളിലായിരുന്നു ആദ്യം ബ്ലാക്മാനെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ പിന്നീട് ബ്ലാക്മാന്‍റെ വിഹാരം മൂന്ന് ജില്ലകളിലും പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊല്ലം ജില്ലയില്‍ ജനങ്ങള്‍ വലിയ ഭീതിയിലാണ്. ഏത് സമയത്താണ് ബ്ലാക്മാന്‍റെ ആക്രമണം ഉണ്ടാവുകയെന്ന് പറയാനാവില്ലല്ലോ. ബ്ലാക്മാന്‍ ഭീതിമൂലം ജോലിക്ക് പോകാന്‍ കഴിയാതെ ടാപ്പിംഗ് തൊഴിലാളികളാണ് കൂടുതല്‍ വലയുന്നത്. ബ്ലാക്മാന്‍ ആക്രമിക്കുമോ എന്ന ഭയമാണ് പ്രധാന കാരണം. മറ്റൊന്ന്, ബ്ലാക്മാന്‍ ആണെന്ന് കരുതി നാട്ടുകാര്‍ കൈകാര്യം ചെയ്യുമോ എന്നതും. എന്തായാലും ബ്ലാക്മാന്‍ മൂലം ജീവിക്കാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

അടുത്ത പേജില്‍ - എന്തൊക്കെയാണ് ബ്ലാക്മാന്‍റെ ചെയ്തികള്‍?

PRO
സ്ത്രീകളെയാണ് ബ്ലാക്മാന്‍ കൂടുതല്‍ ലക്‍ഷ്യം വയ്ക്കുന്നതത്രേ. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ക്ക് നേരെയാണ് പലപ്പോഴും ആക്രമണം. അത്തരം വീടുകളുടെ വാതിലുകളില്‍ അര്‍ദ്ധരാത്രിക്ക് ശേഷം ആരോ ആഞ്ഞിടിക്കാറുണ്ടത്രേ. വീടിന് പുറത്താണ് ബാത്‌റൂം എങ്കില്‍ രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകളെ കാത്ത് ബ്ലാക്‍മാന്‍ നില്‍ക്കുന്നതായും പ്രചരണമുണ്ട്. ബാത്‌റൂമില്‍ പോകാനിറങ്ങുന്ന സ്ത്രീകളുടെ നേര്‍ക്ക് ഇരുട്ടിന്‍റെ മറവില്‍ നിന്ന് അലര്‍ച്ചയോടെ കുതിച്ചുചാടും. അപ്രതീക്ഷിതമായി സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറും.

സായന്തനങ്ങളിലും പ്രഭാതങ്ങളിലും സ്ത്രീകള്‍ക്ക് നേരെ ബ്ലാക്മാന്‍ ആക്രമണം നടത്തുന്നതായാണ് മറ്റ് ചില വാര്‍ത്തകള്‍. പ്രഭാതങ്ങളില്‍ നടക്കാനിറങ്ങുന്ന സ്ത്രീകളെ ചിലര്‍ പിന്തുടരുന്നതായായിരുന്നു ആദ്യവിവരം. പിന്നീടാണ് ഇത് ബ്ലാക്മാനാണെന്ന് പ്രചരണമുണ്ടായത്.

സായന്തനങ്ങളില്‍, ഓഫീസ് വിട്ട് ഒറ്റയ്ക്ക് മടങ്ങുന്ന സ്ത്രീകളെ വഴിയോരത്ത് പതുങ്ങിനിന്ന് അലറിവിളിച്ച് പേടിപ്പിക്കുകയും പിന്നാലെ കൂടി നടുക്കമുണ്ടാക്കുകയുമാണ് ബ്ലാക്മാന്‍റെ മറ്റൊരു ഹോബി. ബ്ലാക്മാന്‍ മോഷണങ്ങള്‍ക്കൊന്നും ശ്രമിക്കാറില്ലെന്നതാണ് കൌതുകകരമായ കാര്യം.

ഓരോ ദിവസവും പുലരുന്നത് ബ്ലാക്മാന്‍റെ ചെയ്തികളുടെ ഭീതിയുണര്‍ത്തുന്ന വാര്‍ത്തകളുമായാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നാട്ടിന്‍‌പുറങ്ങളില്‍ രാത്രിയില്‍ വീടിന് പുറത്തിറങ്ങാനും അതിരാവിലെ ജോലിക്കുപോകാനും ജനങ്ങള്‍ തയ്യാറാകുന്നില്ല.

അടുത്ത പേജില്‍ - ബ്ലാക്‍മാന്‍റെ മറവില്‍ മോഷ്ടാക്കളും സദാചാരപ്പൊലീസും!

PRO
ബ്ലാക്മാന്‍ എന്നത് ഒരു സങ്കല്‍പ്പമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ജനങ്ങള്‍ക്ക് ഇതുവരെ തീര്‍ച്ചയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസും ഇരുട്ടില്‍ തപ്പുകയാണ്. എന്നാല്‍ ബ്ലാക്മാനെക്കാള്‍ കൂടുതല്‍ ശല്യമാണ് ഇപ്പോള്‍ ബ്ലാക്മാന്‍റെ പേരില്‍ മറ്റു ചിലര്‍ സൃഷ്ടിക്കുന്നത് എന്നതാണ് വേറൊരു സംഗതി.

മോഷ്ടാക്കളുടെ ശല്യം ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ബ്ലാക്മാന്‍ എന്നൊരു ഭീതി ജനങ്ങളുടെ മനസിലുള്ളതിനാല്‍ മോഷ്ടാക്കള്‍ക്ക് ചാകരയാണ്. കറുത്ത വസ്ത്രമിട്ടാണത്രേ കള്ളന്‍‌മാര്‍ ഇപ്പോള്‍ ‘രാത്രിജോലി’ക്കിറങ്ങുന്നത്. പിടിക്കപ്പെടുമെന്നുറപ്പായാല്‍ ഒരു നിഗൂഢത സൃഷ്ടിക്കാനും ആളുകളെ ഭയപ്പെടുത്തി മുങ്ങാനും ജനങ്ങളുടെ ‘ബ്ലാക്മാന്‍ പേടി’ കള്ളന്‍‌മാര്‍ക്ക് സഹായകമാകുകയാണ്.

സദാചാരപ്പൊലീസാണ് ബ്ലാക്മാന്‍റെ പേരില്‍ മുതലെടുക്കുന്ന മറ്റൊരു വര്‍ഗം. കറുത്ത വസ്ത്രമിട്ട് നടക്കുന്ന ചെറുപ്പക്കാരെയൊക്കെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്നത് സദാചാരപ്പൊലീസുകാര്‍ പതിവാക്കിയിട്ടുണ്ട്. യുവാക്കളുടെ നേതൃത്വത്തില്‍ ബ്ലാക്മാനെ പിടികൂടാന്‍ പല ഭാഗങ്ങളിലായി മുഴുവന്‍‌ സമയ സ്ക്വാഡുകള്‍ രൂപീകരിച്ചിരിച്ചിട്ടുണ്ട്. ആരെക്കണ്ടാലും സംശയത്തോടെ വീക്ഷിക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങള്‍ ഇപ്പോള്‍ ബ്ലാക്മാനെക്കാള്‍ വലിയ ശല്യമായി മാറിയിരിക്കുന്നു. പുലിയെപ്പിടിക്കാന്‍ വന്ന വാറുണ്ണി പുലിയേക്കാള്‍ വലിയ ശല്യമായി മാറിയതുപോലെയാണ് ഇപ്പോള്‍ സ്ഥിതി.

എന്നാല്‍ ബ്ലാക്മാന്‍ എന്നൊരു ‘ജീവി’ ഇല്ലെന്നുള്ളതാണ് പരമമായ യാഥാര്‍ത്ഥ്യം. ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു സാമൂഹ്യവിരുദ്ധനോ, ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ക്കോ എളുപ്പം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു നിഗൂഢ കഥാപാത്രം മാത്രമാണ് ബ്ലാക്മാന്‍. ഒരു കുറ്റകൃത്യത്തിന് ബ്ലാക്മാന്‍റെ പരിവേഷം നല്‍കാന്‍ എളുപ്പമാണ്. ഇത്തരം കാര്യങ്ങള്‍ കാട്ടുതീ പോലെ പ്രചരിക്കുകയും ചെയ്യും. എന്തായാലും ബ്ലാക്മാന്‍ എന്ന സങ്കല്‍പ്പ കഥാപാത്രത്തെ മുന്‍‌നിര്‍ത്തി മുതലെടുക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് സംവിധാനത്തിന് കഴിയേണ്ടതുണ്ട്. അല്ലെങ്കില്‍ ഭീതിയുടെ ഇരുള്‍മുറികളില്‍ നിന്ന് സാംസ്കാരിക കേരളത്തിലെ ജനങ്ങള്‍ക്ക് ഉടനെങ്ങും പുറത്തിറങ്ങാന്‍ കഴിയാതെ വരും.

വെബ്ദുനിയ വായിക്കുക