നേതാജി മറഞ്ഞതെവിടെ?

വെള്ളി, 23 ജനുവരി 2009 (19:02 IST)
സ്വാതന്ത്ര്യ സമരകാലഘട്ടത്തിലും അതിന് ശേഷവും ഭാരതീയ യുവത്വത്തെ വല്ലാതെ ആവേശം കൊള്ളിച്ച നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസ്. ജീവിതകാലം മുഴുവന്‍ ഒരു വിപ്ലവകാരിയുടെ തീ‍ക്ഷ്ണത അദ്ദേഹം അണയാ‍തെ സൂക്ഷിച്ചിരുന്നു. ഇന്ത്യയുടെ മോചനത്തിന് സായുധയുദ്ധം ആവശ്യമാണ് എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പിറവി അങ്ങനെയാണ്.

1897 ജനുവരി 23ന് ഘട്ടക്കിലാണ് അദ്ദേഹം ജനിച്ചത്. കല്‍ക്കട്ടയില്‍ നിന്ന് മെട്രിക്കുലേഷനും തത്വശാസ്ത്രത്തില്‍ ബിരുദവും അദ്ദേഹം നേടി. കോളജ് ജീവിതമാണ് ബോസിനുള്ളിലെ പ്രതികരണ ചിന്തയേയും രാഷ്ട്രീയ ബോധത്തേയും വിളക്കിയെടുത്തത്. ഉപരിപഠനാനന്തരം കേംബ്രിഡ്‌ജിലെത്തിയ ബോസ് വിപ്ലവകാരിയുടെ മനസുമായാണ് ഇന്ത്യയില്‍ തിരികെ എത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസിലും ദേശീയ പ്രസ്ഥാനത്തിലും ആകൃഷ്ടനായി പ്രവര്‍ത്തിച്ചുവെങ്കിലും താമസിയാതെ അത് തന്‍റെ പാതയല്ലെന്ന് ബോസ് തിരിച്ചറിഞ്ഞു.

ഗാന്ധിജിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസില്‍ നിന്ന് വിടുതല്‍ തേടി. തുടര്‍ന്ന് 1943 മേയ് മാസത്തില്‍ ജപ്പാന്‍റെ സഹായത്തോടെ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂ‍പികരിച്ചു. അതിന്‍റെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം പല രാജ്യങ്ങളും സന്ദര്‍ശിക്കുകയും ബ്രിട്ടനെതിരെ സായുധ യുദ്ധത്തിന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിരുന്നു. നിരവധി യുവാക്കള്‍ നേതാജിക്ക് പിന്നില്‍ അണിനിരന്നു.

ഇതിനിടയിലാണ് തിങ്കച്ചും അപ്രതീക്ഷിതമായി, നേതാജി മരണപ്പെട്ടുവെന്ന വാര്‍ത്ത ലോകമെങ്ങും പരന്നത്. 1945 ഓഗസ്റ്റ് 18ന് തായ്‌വാനില്‍ വച്ചുണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നായിരുന്നു പുറം‌ലോകം അറിഞ്ഞത്. എന്നാല്‍ ആ മരണവാര്‍ത്ത ചുരുളഴിക്കാ‍ന്‍ കഴിയാത്ത നിഗൂഢതയായി ഇന്നും തുടരുന്നു. നേതാജിയുടെ ചിതാഭസ്മവും അവശിഷ്ടങ്ങളുമായി സൂക്ഷിച്ചിരുന്നതൊന്നും യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‍റേതല്ല എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായി.

നടക്കാത്ത വിമാനാപകടം

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അത്തരമൊരു വിമാനാപകടം തായ്‌വാനില്‍ നടന്നിട്ടില്ല എന്ന് വ്യക്തമായി. മാത്രമല്ല, അപകടത്തെക്കുറിച്ചുള്ള യാതൊരുവിധ ഫോട്ടോഗ്രാഫുകളോ കൂടെയുണ്ടായിരുന്നവരുടെ മൃതശരീരങ്ങളോ മറ്റാരും കണ്ടിട്ടുമില്ല. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണവും നിഗൂഢതയ്ക്ക് അടിവരയിടുന്നു. തങ്ങളുടെ രാജ്യത്ത് വച്ച് നേതാജി മരണപ്പെട്ടിട്ടില്ല എന്ന് 2005ല്‍ തായ്‌വാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നേതാജിയെ സോവിയറ്റ് യൂണിയന്‍ പിടിച്ചുവെന്നും സൈബീരയില്‍ വച്ചാണ് അദ്ദേഹം മരണപ്പെട്ടതെന്നും വാദങ്ങള്‍ ഉണ്ടായി. പക്ഷേ, അദ്ദേഹം മരിച്ചുവെന്നോ ജീവിച്ചിരിക്കുന്നുവെന്നോ സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ‘മൌനിബാബ’ എന്ന പേരില്‍ അദ്ദേഹം ഇന്ത്യയില്‍ എത്തിച്ചേര്‍ന്നതായി ഒരു കൂട്ടര്‍ വാ‍ദിക്കുന്നു.

നേതാജിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹത അകറ്റാന്‍ ഇന്ത്യയും അനേഷണ കമ്മീഷനുകളെ ഏര്‍പ്പെടുത്തി. ഇതില്‍ ജസ്റ്റിസ് മുഖര്‍ജി കമ്മീഷന്‍(1999-2005) നടത്തിയ നിരീക്ഷണങ്ങള്‍ ദുരൂഹതയ്ക്ക് ആഴം വര്‍ദ്ധിപ്പിച്ചു. വിമാനാപകടത്തില്‍ നേതാജി മരിച്ചില്ലാ‍യെന്നാണ് കമ്മീഷന്‍ വെളിപ്പെടുത്തിയത്. 2005 നവംബര്‍ എട്ടിന് കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വച്ചു. പക്ഷേ, റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല, അതിന്‍റെ ഉള്ളടക്കം ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. വിവരാവകാശനിയമം വഴി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ കിട്ടുന്ന മറുപടി, തന്ത്രപ്രധാനമായ രഹസ്യമായതിനാല്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്നാണ്. റിപ്പോര്‍ട്ടിന്‍റെ വിശദാംശവും നിഗൂഢമായി തുടരുന്നു.

വെബ്ദുനിയ വായിക്കുക