ഒറ്റുകാര്‍ക്ക്‌ ഇടയില്‍ വി എസ്‌

PROPRO
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ഒറ്റുകാര്‍ക്ക്‌ ഇടയില്‍. ചോരച്ചാലുകള്‍ നീന്തിക്കടന്ന്‌ തോക്കിന്‍റീണം കേട്ടു വളര്‍ന്ന്‌ മുഖ്യമന്ത്രി കസേരയില്‍ എത്തിയ വി എസിന്‌ ക്ലിഫ്‌ ഹൗസിനുള്ളിലെ കിടക്കയില്‍ പോലും ഉയിര്‌ ഭയമില്ലാതെ ഉറങ്ങാനാകുന്നില്ല.

മുതലാളിക്ക്‌ മുന്നില്‍ വിശ്വസ്‌തനായി അഭിനയിച്ച്‌ കുടുംബാധാരം വരെ കബളിപ്പിച്ച്‌ ഒപ്പിട്ട്‌ വാങ്ങുന്ന വില്ലന്മാരെ ഇപ്പോള്‍ തമിഴ്‌ സിനിമയില്‍ പോലും കാണാനില്ല. അത്തരക്കാര്‍ പക്ഷെ സെക്രട്ടേറിയറ്റില്‍ ഉണ്ട്‌, കൃത്യമായി പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍, വി എസിന്‍റെ കസേരക്ക്‌ തൊട്ടു പുറകേ.

അഴിമതി വീരനെന്ന്‌ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച പൊലീസ്‌ ഉദ്യോഗസ്ഥന്‍ പുലികേശിയെ ക്രൈംബ്രാഞ്ച്‌ എഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രിയെ കൊണ്ട്‌ തന്നെ ഒപ്പിടീക്കാന്‍ കഴിവുള്ളവര്‍.

പൊലീസിലെ ചില സാധാരണ സ്ഥലം മാറ്റങ്ങള്‍ എന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ വീട്ടിലേക്ക്‌ ഇറങ്ങാന്‍ തുടങ്ങിയ വി എസിനെ കൊണ്ട്‌ പ്രൈവറ്റ്‌ സെക്രട്ടറി രാജേന്ദ്രന്‍ ഫയലില്‍ ഒപ്പുവാങ്ങിയത്‌. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാലും ഇക്കാര്യത്തില്‍ സംശയത്തിന്‍റെ നിഴലിലാണ്‌.

എണ്‍പതു കഴിഞ്ഞ വൃദ്ധനെ ഭംഗിയായി കബളിപ്പിക്കാന്‍ പാര്‍ട്ടി ഏര്‍പ്പെടുത്തിയവര്‍ ഫലപ്രദമായി തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണം. വായിച്ചു നോക്കാതെ ഒപ്പിടുന്ന മുഖ്യന്‍ ന്യായീകരിക്കപ്പെടേണ്ടവന്‍ അല്ല.

എന്നാല്‍ കൈ പിടിച്ച്‌ കസേരയിലിരുത്താനും മുണ്ടുടുപ്പിക്കാനും സഹായിക്കുന്ന സഖാവിനെ സംശയിച്ചുകൊണ്ട്‌ സംസ്ഥാനം ഭരിക്കേണ്ടി വരുന്ന നേതാവിന്‍റെ ധര്‍മ്മ സങ്കടവും കാണേണ്ടതില്ലേ.

ഋഷിരാജ്‌ സിങ്ങ്‌ സംഭവത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനെ മറികടന്നതിന്‌ സമാനമായി മുഖ്യന്‍ ചുവടുപയറ്റേണ്ടി വന്നു അറിയാതെ ഒപ്പിട്ടു പോയ ഫയല്‍ തിരിച്ചു പിടിക്കാന്‍.

വിവാദ ഉത്തരവ്‌ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നേരിട്ട്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനോട്‌ ആവശ്യപ്പെടുകയായിരുന്നു. പുലികേശിക്ക്‌ വേണ്ടി രംഗത്ത്‌ എത്തിയ ആഭ്യന്തര വകുപ്പിന്‌ തന്നെ ഉത്തരവ്‌ പിന്‍വലിക്കേണ്ടി വന്നു.

സി പി എം സംസ്ഥാന സമ്മേളന അവലോകന രേഖയില്‍ ഋഷിരാജ്‌ സിങ്ങ്‌ സംഭവത്തില്‍ പാര്‍ട്ടി വി എസിനെ കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടിയുടെ നോട്ടത്തില്‍ അതിനേക്കാള്‍ വലിയ കുറ്റമാണ്‌ അഴിമതിക്കാരനെ ക്രൈംബ്രാഞ്ചില്‍ നിന്ന്‌ ഒഴിവാക്കി നിര്‍ത്താന്‍ മുഖ്യന്‍ ഇപ്പോള്‍ ചെയ്‌തിരിക്കുന്നത്.

കഴിഞ്ഞ ആഴ്‌ച ചേര്‍ന്ന അഞ്ചംഗ പാര്‍ട്ടി-ഭരണ ഏകോപന സമിതി യോഗത്തിലാണ്‌ പുലികേശിയെ ക്രൈംബ്രാഞ്ചിലേക്ക്‌ കൊണ്ടുവരാന്‍ തീരുമാനമായത്‌. ഈ തീരുമാനമാണ്‌ വി എസ്‌ ലംഘിച്ചിരിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക