എന്തൊരു ടെന്‍ഷന്‍..വലിക്കണോ?

PTIPTI
ജോലി ബോറടിക്കുന്നു, മൊത്തത്തില്‍ ഒരു സുഖമില്ലായ്മ, ഹോ..എന്തൊരു ടെന്‍ഷന്‍ എന്നിങ്ങനെ പുകവലിക്കുന്നതിന്‍റെ കാരണങ്ങളുടെ പട്ടിക നീളും. പുകവലിക്കാരോട് അതിനുള്ള കാരണം ചോദിച്ചാല്‍ മറുപടി മറ്റേതൊരു ചോദ്യത്തിനുള്ള ഉത്തരത്തെക്കാളും വേഗത്തില്‍ ലഭിച്ചേക്കാം.

ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനം മുതല്‍ പൊതുസ്ഥലത്ത് പുകവലി നിരോധിക്കാന്‍ ഒരുങ്ങിപ്പുറപ്പെടുകയാണ് കേന്ദ്ര സര്‍ക്കാര്‍. മറ്റേതൊരു നിരോധനത്തെക്കാളും പൊതു ജനങ്ങള്‍ , പുകവലിക്കാര്‍ ഒഴികെയുള്ള, ഇതിനെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. എന്നാല്‍, പുകവലിക്കാര്‍ ഇതിനോട് എങ്ങനെയാവും പ്രതികരിക്കുക?

അതെ, അവര്‍ ഈ നിലപാടിനെ സംശയ ദൃഷ്ടിയോടെ തന്നെയാണ് നോക്കുന്നത്. ഓഫീസില്‍ പറ്റില്ല, തിയേറ്ററില്‍ പറ്റില്ല, കട സ്വന്തമായാലും അതിലും പറ്റില്ല. പിന്നെ എവിടെ പറ്റും? സ്വന്തം ബെഡ് റൂമില്‍ പറ്റും, ഭാര്യയുടെ സമ്മതമുണ്ടെങ്കില് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞത്‍. അതായത്, മാതാപിതാക്കളെ ആശ്രയിക്കുന്ന അവിവാഹിതര്‍ക്ക് ഈ വഴി പറ്റില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മുന്‍‌കൂട്ടി കണ്ടുകഴിഞ്ഞിരിക്കുന്നു.

കൌമാരക്കാരും യുവാക്കളുമാണ് പുകവലിയിലേക്ക് അനുദിനം ആകര്‍ഷിക്കപ്പെടുന്ന വിഭാഗം. ഇവരാണ് സിഗരറ്റ് കമ്പനികളുടെ പ്രധാന ലക്‍ഷ്യവും. ഈ വിഭാഗമാണ് പുകവലിക്കെതിരെ നടപ്പാക്കാന്‍ പോവുന്ന നിരോധനത്തെ ഏറ്റവും കൂടുതല്‍ സംശയ ദൃഷ്ടിയോടെ കാണുന്നതും.

PRO
മാതാപിതാക്കള്‍ വളച്ചുകെട്ടി പറഞ്ഞിട്ടും പുകവലി നിര്‍ത്താത്തവരാണ് ഞങ്ങള്‍. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ഒരു നിരോധനം വന്നാല്‍ അത് ഞങ്ങള്‍ പുകവലി നിര്‍ത്താന്‍ കാരണമാവുമോ? ചോദിക്കുന്നത് മറ്റാരുമല്ല, കേരളത്തിലെ ഒരു പ്രശസ്തമായ എഞ്ചിനിയറിംഗ് കോളജിലെ ‘റഫ് ആന്‍ഡ് ടഫ്’ ഗ്യാംഗ്. ഇവരെല്ലാം പഴയ റഫ് ആന്‍ഡ് ടഫ് പരസ്യത്തില്‍ അക്ഷയ് കുമാര്‍ അവതരിച്ച പോലെ ‘റഫ്’ആയിത്തന്നെയാണ് ചോദ്യത്തോട് പ്രതികരിച്ചത്. അതിനാല്‍ തന്നെ അവരെ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല.

നിരോധനം ഒരാഴ്ച പോലും നീളില്ല എന്നാണ് കുറച്ചുകൂടി പ്രായം ചെന്ന ഒരു വിഭാഗം ഇതെ കുറിച്ച് പ്രതികരിച്ചത്. എന്തു തന്നെയായാലും ‘ചൊട്ടയിലെ ശീലം ചുടല വരെ’ എന്നാണ് വന്ദ്യ വയോധികരുടെ തീരുമാനം. വ്യാപാരികളാവട്ടെ, ‘സിഗരറ്റ് വില്‍ക്കുന്നത് നിരോധിക്കാന്‍ എന്താ ധൈര്യം പോരേ’ എന്ന മട്ടിലും പ്രതികരണം നടത്തി.

പുകവലി നിരോധനത്തെ എതിര്‍ക്കുന്നവര്‍ക്ക് പൊതുവെ പറയാനുള്ളത് മികച്ച രണ്ട് ഉദാഹരണങ്ങളാണ്- സ്പീഡ് ഗവര്‍ണര്‍, ഹെല്‍മറ്റ്. ഇവ നടപ്പാക്കാന്‍ ശ്രമിക്കുന്നതിലും മോശമായിരിക്കും പുകവലി നിരോധനത്തിന്‍റെ ഗതിയും എന്ന് പറഞ്ഞ് ഇവര്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു.

വലിയന്‍‌മാര്‍ പുകച്ച് തള്ളുന്നത് ശ്വസിക്കാതെ ഇനിയുള്ള കാലം കഴിയാമെന്ന് ആശ്വസിക്കുകയാണ് കേരളത്തിലെ ഭൂരിഭാഗം വനിതകളും ഒപ്പം പുകവലിക്കാത്തവരും. എന്നാല്‍, നിരോധനം ഫലപ്രദമായി പ്രാവര്‍ത്തികമായില്ല എങ്കില്‍ നഷ്ടപ്പെടുന്നത് ഇവര്‍ക്ക് മാത്രമായിരിക്കില്ല വലിക്കുന്നവരുടെ ആരോഗ്യമുള്ള ഭാവി ജീവിതത്തിനു കൂടിയാണെന്ന് എത്ര സംശയാലുക്കള്‍ മനസ്സിലാക്കും?