ഇന്ദിര - ഇന്ത്യയുടെ പ്രിയദര്‍ശിനി

PTIPTI
1917 ന് വംബര്‍ 19 ന് അലഹബാദിലെ ആനന്ദഭവനില്‍ ജനനം. പ്രിയദര്‍ശിനി അതായിരുന്നു അച്ഛനമ്മമാരിട്ട പേര്. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയുടെ പിറവിയായിരുന്നു അത്-ഇന്ദിരാഗാന്ധിയുടെ!

1984 ഒക്ടോബര്‍ 31ന് രാജ്യത്തിനു വേണ്ടി അവര്‍ രക്തസാക്ഷിയായി.

ഇന്ദിരയുടെ രക്തസാക്ഷിത്വത്തിന്‍റെ ഇരുപത്തി മൂന്നാം വര്‍ഷമാണ് 2004. സ്വാതന്ത്ര്യാനന്തരം പതിനേഴു വര്‍ഷം ഇന്ത്യ ഭരിച്ച അച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയോ കുടുംബ പാരമ്പര്യത്തിന്‍റെയോ പേരിലല്ല ഇന്ദിര ഇന്ത്യയുടെ അനിഷേധ്യ നേതാവായി വളര്‍ന്നത്.

സ്വാതന്ത്ര്യ സമരത്തിന്‍റെ തീവ്രത അനുഭവപ്പെട്ടിരുന്ന ഇരുപതുകളില്‍ മഹാത്മാഗാന്ധി ആനന്ദഭവനില്‍ എത്തുമായിരുന്നു. രാഷ്ട്രീയ ജനനായകരെ അടുത്തറിയാന്‍ കുട്ടിക്കാലത്തേ പ്രിയദര്‍ശിനിക്ക് കഴിഞ്ഞിരുന്നു.

എളിമയുടെ കരുത്തില്‍ വിശ്വസിച്ചിരുന്ന സബര്‍മതി ആശ്രമവും അവിടത്തെ ജീവിത രീതികളും സന്ദര്‍ശകയായി എത്തിയ ഇന്ദിരയെ സ്വാധീനിച്ചിരിക്കണം. പലയിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പുനെയില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായി. ടാഗോറിന്‍റെ ശാന്തിനികേതനില്‍ പഠിച്ചു.

സ്വിറ്റ്സര്‍ലണ്ടിലും ഇംഗ്ളണ്ടിലും പഠനം തുടര്‍ന്നു. അമ്മ കമലാ നെഹ് റുവിന്‍റെ ആകസ്മിക മരണത്തിനു ശേഷം ഇന്ദിര ഓക്സ്ഫോര്‍ഡിലെത്തി. യുദ്ധത്തിന്‍റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരുന്ന യൂറോപ്പില്‍ പക്ഷെ പഠനം തുടരാനായില്ല.

1942 മാര്‍ച്ചില്‍ ഫിറോസ് ഗാന്ധിയുമായുള്ള വിവാഹം. അതോടെ പ്രിയദര്‍ശിനി ഇന്ദിരാ ഗാന്ധിയായി മാറി. 1959 ല്‍ ഇന്ദിര കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷയായി.

ഇന്ദിരയെ ഏറെ തളര്‍ത്തിയ സംഭവമായിരുന്നു നെഹ് റുവിന്‍റെ മരണം. 1964 ലായിരുന്നു സ്വതന്ത്ര ഭാരതത്തിന്‍റെ ആ രാജ ശില്‍പിയുടെ വിയോഗം. ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് ഇന്ദിര കൈകാര്യം ചെയ്തു.

1966 ല്‍ ശാസ്ത്രി താഷ് കെന്‍റില്‍ അന്തരിച്ചപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു പേരേ ഉയര്‍ന്നുവന്നുള്ളു - ഇന്ദിരാഗാന്ധിയുടെ.

രാഷ്ട്രീയ കാലാവസ്ഥ തനിക്കനുകൂലമല്ല എന്നു തോന്നിയപ്പോള്‍, 1969 ല്‍ ഇന്ദിര ഇടക്കാല തെരഞ്ഞെടുപ്പിന് ഉത്തരവിട്ടു. വീണ്ടും അധികാരത്തിലേറി.

രാഷ്ട്രീയ പ്രക്ഷുബ്ധതകളില്‍ ഭാരതം ഉലഞ്ഞിരുന്ന കാലമായിരുന്നു അത്. കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ പ്രവാഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കുന്നതായിരുന്നു.

1971 ഡിസംബറില്‍ ഇന്ത്യയുടെ നേര്‍ക്ക് പാകിസ്ഥാന്‍റെ ആക്രമണം. ആ യുദ്ധം അവസാനിച്ചത് ബംഗ്ളാദേശിന്‍റെ രൂപീകരണത്തോടെയാണ്. ഇന്ദിരയുടെ നേതൃ ഗുണം പ്രക്രീര്‍ത്തിക്കപ്പെട്ടു.

ഇതേ നേതൃത്വത്തില്‍ നിന്നുണ്ടായ ഇരുണ്ടനാളുകളായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം. 1975 ജൂണ്‍ 26 ന് തുടങ്ങിയ അടിയന്തരാവസ്ഥയില്‍ പിന്നത്തെ ഏകാധിപത്യസ്വഭാവമുള്ള ഭരണവും ഇന്ദിരയുടെ ജനപ്രീതി ഉലച്ചു.

1977 ലെ ജനവിധി അവരെ അധികാരഭ്രഷ്ടയാക്കി. പിന്നത്തെ രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ ഇന്ദിരയ്ക്കനുകൂലമായിരുന്നു. 1980 ലെ പൊതുതെരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധിയെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിച്ചു.

പഞ്ചാബ് പ്രശ്നം ചില കടുത്ത തീരുമാനങ്ങളെടുക്കാന്‍ അവരെ പ്രേരിപ്പിച്ചു. പക്ഷെ, അതിനു പകരം നല്‍കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നു.

1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധിയുടെ ശരീരത്തിലേക്ക് സിഖുകാരായ കാവല്‍ ഭടന്മാര്‍ നിറയൊഴിച്ചപ്പോള്‍ പഞ്ചാബിലെ നടപടികള്‍ക്കുള്ള പകരം വീട്ടലായി അത്.

അങ്ങനെ ഇന്ത്യന്‍ ചരിത്രത്തിലെ ഒരു മഹാവ്യക്തിയുടെ ജീവിതത്തിന് തിരശ്ശീല വീണു- ഭാരതത്തിന്‍റെ പെണ്‍കരുത്തിന്‍റെ പെരുമ ലോകത്തിനു കാണിച്ചുകൊടുത്ത ഇന്ദിരാ ഗാന്ധിയുടെ.

വെബ്ദുനിയ വായിക്കുക