കൂട്ടുകാരികള്‍ക്കൊപ്പം ആര്യയും യാത്രയായി. കേരളത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവത്തിന്‍റെ ചുരുളഴിക്കാന്‍ പൊലീസിന് ലഭിക്കുമായിരുന്ന അവസാനത്തെ ആശ്രയമാണ് ഇതോടെ ഇല്ലാതായത്. കോന്നിയിലെ മൂന്ന് പെണ്‍കുട്ടികള്‍ എന്തിന് നാടും വീടും വിട്ട് യാത്രചെയ്തെന്നും ഒടുവില്‍ മരണം തെരഞ്ഞെടുത്തു എന്നും കണ്ടെത്താനുള്ള അവസാനത്തെ മാര്‍ഗവും അടഞ്ഞു.
യഥാര്‍ത്ഥത്തില്‍ കേരളത്തിന്‍റെ സമൂഹമനസിന് ഇതൊരു വലിയ മുന്നറിയിപ്പാണ്. നമ്മുടെ പെണ്‍കുട്ടികളുടെ ചിന്തകള്‍ക്കൊപ്പം ജീവിക്കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും കഴിയേണ്ടതുണ്ട് എന്ന മുന്നറിയിപ്പ്. എന്തിനാണ് അവര്‍ മൂവരും യാത്ര പോയതെന്നും എന്തിനാണ് അവര്‍ മരിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ ഓരോ മലയാളിയും സ്വയം ചോദിക്കേണ്ടതാണ്.
പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കിയ വിദ്യാര്‍ത്ഥികള്‍ ശരാശരിക്കും മുകളില്‍ ചിന്താശേഷിയുള്ളവരായിരിക്കും എന്നുറപ്പ്. ജീവിതം ഇങ്ങനെ എറിഞ്ഞുടയ്ക്കാന്‍ മാത്രം വിഡ്ഢികളായിരുന്നില്ല അവര്‍. അപ്പോള്‍, ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് അവരെ നയിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന ചിന്ത, ഇനിയും ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും.
‘പെണ്‍കുട്ടികളോട് സംസാരിക്കുക’ എന്നതാണ് എല്ലാവരും ചെയ്യേണ്ടത്. മാതാപിതാക്കളും അധ്യാപകരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ചെയ്യേണ്ടത് അതാണ്. മാതാപിതാക്കള്‍ അവരുടെ മക്കളോട് സംസാരിക്കുക. എന്നും സംസാരിക്കുക. എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. അച്ഛനോടോ അമ്മയോടോ ഒരു വിഷയം പറയാനാവില്ല എന്നുബോധ്യമാകുമ്പോഴാണ് പെണ്‍കുട്ടികള്‍ അവരില്‍ നിന്നുമകന്ന് മറ്റൊരു സാധ്യത തേടുക എന്ന് തിരിച്ചറിയണം. മകള്‍ക്ക് ഒരു പ്രശ്നമുണ്ടെന്ന് തോന്നിയാല്‍, അത് അവളോട് സംസാരിച്ച് അതിന് പരിഹാരം കാണുന്നതിനാകണം ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. അതിനേക്കാള്‍ പ്രാധാന്യമുള്ളതൊന്നുമില്ല, അതിനുവേണ്ടി ചെലവഴിക്കുന്ന സമയം നഷ്ടവുമല്ല.
അധ്യാപകരും ചെയ്യേണ്ടത് ഇതുതന്നെ. പെണ്‍കുട്ടികള്‍ നാടിന്‍റെ കണ്‍മണികളാണ്. അവരുടെ സന്തോഷത്തിലും ദുഃഖത്തിലും ഉയര്‍ച്ചയിലുമെല്ലാം അധ്യാപകരുടെ കണ്ണും മനസുമുണ്ടാകണം. ഹൈസ്കൂള്‍ തലം മുതല്‍ പെണ്‍കുട്ടികള്‍ക്ക് ആഴ്ച തോറും സെമിനാറുകള്‍ സംഘടിപ്പിക്കണം. അവരുടെ പ്രശ്നങ്ങള്‍, അവരുടെ മാനസിക വ്യാപാരങ്ങള്‍, അവരുടെ ശാരീരിക മാറ്റങ്ങള്‍ ഇവയെല്ലാം ചര്‍ച്ചയാകുന്ന സെമിനാറുകള്‍. ഓരോ പെണ്‍കുട്ടിയും തങ്ങളുടെ അധ്യാപകരോട് എല്ലാം തുറന്നുപറയാമെന്നും, പ്രശ്നങ്ങള്‍ക്ക് അവിടെ പരിഹാരം ലഭിക്കുമെന്നും വിശ്വസിക്കാവുന്ന നിലയിലേക്ക് പുതിയതലമുറയിലെ അധ്യാപകരും ഉയരണം.
നമ്മുടെ സൌഹൃദവും പ്രണയവുമെല്ലാം അത്തരമൊരു നിലയിലേക്ക് മാറേണ്ടതുണ്ട്. എല്ലാം തുറന്നുപറയാവുന്ന, പരസ്പരം സഹായിക്കുന്ന, പ്രശ്നങ്ങള്‍ വഷളാകാതെ പരിഹരിക്കാന്‍ പ്രാപ്തമായ ബന്ധങ്ങളാണ് ഉണ്ടാകേണ്ടത്. സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ അതിനുവേണ്ടിയുള്ള നല്ല മാര്‍ഗങ്ങള്‍ക്കായാണ് ഉപയോഗിക്കേണ്ടത്.
സമൂഹം പെണ്‍കുട്ടികളുടെ സംരക്ഷകരും സുഹൃത്തുക്കളുമാകുന്ന കാലമാണ് ഉണ്ടാകേണ്ടത്. ഒരു പെണ്‍കുട്ടി വീടുവിട്ടുപോകുമ്പോള്‍ അതിനെ പരിഹസിക്കാനും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നതിന്‍റെ പത്തിലൊന്ന് സമയം മതി, ആ പെണ്‍കുട്ടിയെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക്. അവളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക്.
നാടിന്‍റെ വെളിച്ചമായ പെണ്‍കുട്ടികളുടെ ജീവിതത്തിന് തണലാകുന്ന കുടുംബവും വിദ്യാലയങ്ങളും സമൂഹവുമാണ് നമുക്ക് നിര്‍മ്മിക്കേണ്ടത്. ഓര്‍ക്കുക, സ്ത്രീകളുടെ കണ്ണീരുണങ്ങാത്ത ഒരു സാമ്രാജ്യവും അനശ്വരമല്ല.