ആരുടേതാണ് ഭാരതീയ പൈതൃകം?

10. ജ്യോതിഃശാസ്ത്രത്തിന്‌ ഈ ഗതിയെങ്കില്‍ യോഗശാസ്ത്രത്തിന്‌ ഡോ.ഗോപാലകൃഷ്ണന്‍ നല്‍കുന്ന മുറിവുകളെത്ര?

സാമാന്യജനങ്ങള്‍ക്ക്‌ ജ്യോതിഃശാസ്ത്രത്തില്‍ അവഗാഹമില്ലാത്തതിനാല്‍ എന്തു പറഞ്ഞാലും ചോദ്യം ചെയ്യപ്പെടുകയില്ലെന്ന കൈമുതലിലൂന്നിയാണ്‌ ഈ ശാസ്ത്രജ്ഞന്റെ പ്രവര്‍ത്തനം എന്ന്‌ നിസ്സംശയം മനസ്സിലാക്കാം. ഭാരതീയമായ ആചാരങ്ങള്‍ക്ക്‌ പിന്നിലെ ശാസ്ത്രചര്‍ച്ചയും അബദ്ധങ്ങള്‍ നിറഞ്ഞതാണ്‌.

നെറ്റിയില്‍ സിന്ദൂരം അണിയുന്നത്‌ അള്‍ട്രവയലറ്റ്‌ രശ്മികളെ വികര്‍ഷിക്കുന്നതിനാണ്‌, ചെവിക്ക്‌ പിന്നില്‍ തുളസിക്കതിര്‍ ചൂടുന്നത്‌ രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കും, ഭഗവത്ഗീതയുടെ വലിച്ചുനീട്ടിയ വ്യാഖ്യാനങ്ങള്‍, ഉപനിഷത്തുക്കളുടെ വിചിത്ര വ്യാഖ്യാനങ്ങള്‍ ഇങ്ങനെ ഭാരതത്തിന്‌ അകത്തും പുറത്തുമുള്ള ഭാരതത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരെ പൈതൃകത്തിന്റെ വ്യാജവ്യാഖ്യാനം നല്‍കി കുളിരണിയിക്കുകയാണ്‌ ഈ ശാസ്ത്രജ്ഞന്‍.

ജ്യോതിഃശാസ്ത്രത്തിന്റെ അവതരണത്തില്‍ ക്ഷന്തവ്യമല്ലാത്ത പാളിച്ചകള്‍ വരുത്തിയ വ്യക്തി യോഗശാസ്ത്രത്തെപ്പറ്റിയും ആത്മീയതയെപ്പറ്റിയും നടത്തുന്ന പ്രസംഗങ്ങള്‍ എത്രകണ്ടു ശരിയായിരിക്കാം?

അഭിവന്ദ്യനായ ഭാരതത്തിന്റെ രാഷ്ട്രപതി ഡോ. ഇ.പി.ജെ. അബ്ദുള്‍കലാമിന്റെ പേരും തന്റെ പൈതൃക പ്രസ്ഥാനവുമായി ഡോ.ഗോപാലകൃഷ്ണന്‍ ബന്ധപ്പെടുത്തിക്കാണുന്നു. http://www.hvk.org/articles/1106/127.html എന്ന വെബ്സൈറ്റില്‍ കാണുന്ന പ്രഭാഷണം അനുസരിച്ച്‌ ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ ആഗ്രഹം അനുസരിച്ചാണ്‌ മുകളില്‍ പറഞ്ഞ തരത്തിലുള്ള ജ്യോതിഃശാസ്ത്രപൈതൃകത്തിന്റെയും പ്രചരണം അദ്ദേഹം നടത്തുന്നത്‌.

നമ്മുടെ രാഷ്ട്രപതി ഡോ. ഗോപാലകൃഷ്ണന്റെ പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ നിജസ്ഥിതി അറിയുന്നുവോ എന്ന ചോദ്യം ഇവിടെ ഉയരുന്നു. തത്ത്വദീക്ഷയില്ലാതെ ശാസ്ത്രചരിത്രത്തെ വളച്ചൊടിച്ച്‌ അവതരിപ്പിക്കുന്ന ഒരു വ്യക്തിക്ക്‌ അറിഞ്ഞു കൊണ്ടു ഡോ. ഇ.പി.ജെ. അബ്ദുള്‍കലാം ആശീര്‍വാദം നല്‍കുമെന്ന്‌ കരുതാനാകില്ല.

11. ആര്യഭടന്‍ ജൈനനാകുമ്പോള്‍....?

ആര്യഭടന്‍ ജൈനനായിരുന്നുവെന്നും അദ്ദേഹത്തിന്റെ ദേശമായ ചമ്രവട്ടം ജൈനജനപദമായ അശ്മകത്തിന്റെ ഭാഗമായിരുന്നുവെന്നും ഒരു ശൂദ്രന്‍ സിദ്ധാന്തിച്ചു കഴിഞ്ഞു. ഭാരതീയവും കേരളീയവുമായ ചരിത്രവ്യാഖ്യാനങ്ങളില്‍ സാരമായ മാറ്റം ആവശ്യപ്പെടുന്നതാണ്‌ ആറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചമ്രവട്ടത്ത്‌ നിലനിന്ന ജൈനസംസ്കാരവും ജൈനനായ ആര്യഭടനും.

(അ) ശ്രുതികള്‍ക്കും സ്മൃതികള്‍ക്കും വിരുദ്ധമായ ആര്യഭടന്റെ യുഗഗണന ശാസ്ത്രത്തിന്‌ കല്‍പിച്ചിരുന്ന ബ്രാഹ്മണപൈതൃകത്തെ നിരാകരിക്കുന്നു.

(ആ) വേദവിരുദ്ധമായ ജൈനസംസ്കൃതിയിലാണ്‌ കേരളത്തില്‍ ആര്യഭടന്റെ മഹത്തായ കൃതികള്‍ രൂപം കൊണ്ടതെന്ന്‌ വ്യക്തമാകുന്നു.






(ഇ) ജൈനകൃതിയായ ആര്യഭടീയത്തിലെ ഗീതിക 5 ന്റെ അവസാനം ഭരതാത്‌ പൂര്‍വ്വം എന്ന്‌ ശരിയായി വായിക്കുമ്പോള്‍, ഭാരതാത്പൂര്‍വ്വം എന്ന കുത്സിതപാഠത്തിന്റെയും ബ്രാഹ്മണ പുരാണേതിഹാസങ്ങളിലെ ഭാരതയുദ്ധത്തിന്റെ 3102 ബിസി എന്ന വ്യാഖ്യാനത്തിന്റെയും മരണമണി മുഴങ്ങുന്നു. കൊച്ചുകേരളത്തിലെ ഭാരതപ്പുഴ, യഥാര്‍ത്ഥത്തില്‍ ഭരതപ്പുഴയാണെന്ന്‌ കേരളത്തിലെ ദ്രാവിഡ ജനതതി മനസ്സിലാക്കുന്ന കാലം വിദൂരമല്ല.

(ഈ) വേദാധിഷ്ഠിതമാണ്‌ ജ്യോതിഃശാസ്ത്രവും ഇതരശാസ്ത്രങ്ങളുമെന്ന്‌ ബ്രാഹ്മണ-മേധാവിത്വം അടിച്ചല്‍പിച്ച വിശ്വാസത്തെ ജൈന-ആര്യഭടന്‍ കടപുഴക്കിയെറിയുന്നു. വൈദികവിരുദ്ധമായ ജൈനസംസ്കൃതിയിലാണ്‌ കേരളീയരുടെ തനതായ സംസ്കാരമെന്നും ചാതുര്‍വര്‍ണ്യധിഷ്ഠമായ ജീര്‍ണ്ണതയാണ്‌ കേരളത്തിന്‌ ബ്രാഹ്മണന്റെ സംഭാവനയെന്നും നമുക്ക്‌ വലിയ പ്രയാസം കൂടാതെ മനസ്സിലാക്കാം.

(ഉ) ചമ്രവട്ടത്തെ ശാസ്താവ്‌ ജൈന-മൂര്‍ത്തിയാണെന്ന്‌ വരുമ്പോള്‍, ശബരി ജൈനരുടെ ചാമുണ്ഡിയുടെ പേരുകളിലൊന്നാണെന്ന്‌ ബോദ്ധ്യപ്പെടുമ്പോള്‍, ബ്രാഹ്മണസൃഷ്ടമായ കേരളോത്പത്തി ഡോ. ഗോപാലകൃഷ്ണന്റെ ഭാരതീയ പൈതൃക വ്യാഖ്യാനം പോലെ ഒരു വ്യാജകഥാകഥനമാണെന്ന്‌ കേരളീയര്‍ക്ക്‌ ബോദ്ധ്യമാകും.

ഡോ. എന്‍. ഗോപാലകൃഷ്ണനും അദ്ദേഹത്തെ പിന്തുണക്കുന്ന ഭാരതീയ ബ്രാഹ്മണപൈതൃകവാദികള്‍ക്കും ഈ ലേഖനത്തിലൂടെ പരസ്യമായ ഒരു പരസ്യമായ വെല്ലുവിളി നല്‍കുവാനാണ്‌ ഇവിടെ ശ്രമിച്ചത്‌. കേരളീയന്റെ, ദ്രാവിഡന്റെ പ്രജ്ഞയെ വെല്ലുവിളിക്കുന്ന ദുഷ്പ്രചരണമാണ്‌ ശാസ്ത്രത്തിന്‌ ഡോ.ഗോപാലകൃഷ്ണന്റെ സംഘടന നല്‍കുന്ന ബ്രാഹ്മണ പൈതൃകം. ജാതിയുടെ പേരില്‍ മാത്രം ജ്ഞാനവിജ്ഞാനങ്ങള്‍ പകര്‍ന്നിരുന്ന വൈദികബ്രാഹ്മണന്റെ പൈതൃകം ഭാരതത്തിന്റെ അന്തഃസത്തക്ക്‌ അപമാനകരമാണ്‌.

കെട്ടുകഥകളായ പുരാണേതിഹാസങ്ങളെയും ഇല്ലാത്ത ശാസ്ത്രം ഉണ്ടെന്ന്‌ പറഞ്ഞ്‌ മേന്മ നേടാന്‍ ശ്രമിക്കുന്ന വേദങ്ങളെയും ഒഴിവാക്കി ജൈന-ബൗദ്ധ-നാഗസംസ്കൃതികളിലൂടെ ഭാരതത്തിന്‌ ഇന്ന ലഭ്യമായിരിക്കുന്ന പൈതൃകത്തെ അറിയാന്‍ നാം ശ്രമിക്കേണ്ടതാണ്‌. കപലിനും, പാണിനിയും, പതഞ്ജലിയും പിംഗലനും ആര്യഭടനും ഉള്‍പ്പെടുന്ന സിദ്ധപരമ്പരയോട്‌ നീതി പുലര്‍ത്തുവാന്‍ എങ്കില്‍ മാത്രമേ നമുക്ക്‌ കഴിയുകയുള്ളു.

വസ്തുതാപരമായ ശാസ്ത്രചരിത്രത്തില്‍ വിശ്വസിക്കുന്ന ഭാരതത്തിലെ ജനതതിയും ശാസ്ത്രകാരന്മാ‍രും ഡോ. എന്‍.ഗോപാലകൃഷ്ണന്റെ അവാസ്തവികമായ ശാസ്ത്രപൈതൃക പ്രചരണത്തെ തുറന്നുകാട്ടുവാന്‍ മുന്നോട്ടു വരേണ്ടതാണ്‌. ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ പകര്‍പ്പവകാശം ലംഘിച്ച്‌ ഡോ. ഗോപാലകൃഷ്ണന്‍ തന്റെ പേര്‌ ചേര്‍ത്ത്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥങ്ങളുടെ വില്‍പന അവസാനിപ്പിക്കുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനും അക്കാദമി നടപടി സ്വീകരിക്കേണ്ടതാണ്‌.

ഇടകഞ്ഞ എന്ന സര്‍ക്കാര്‍ ശാസ്ത്രസമിതിയുടെ പേര്‌ ദുരുപയോഗപ്പെടുത്തി സമൂഹത്തില്‍ അശാസ്ത്രീയത പ്രചരിപ്പിക്കുന്നതും എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കേണ്ടതാണ്‌. ഈ ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള സംക്ഷിപ്തരൂപം രാഷ്ട്രപതിയുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വ്യക്തികള്‍ക്കും സമര്‍പ്പിക്കുന്നതാണ്‌. സഹൃദയരായ മലയാളികളുടെ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട്‌ - കെ. ചന്ദ്രഹരി

ഈ പരമ്പര അവസാനിച്ചു.

വെബ്ദുനിയ വായിക്കുക