ആമിയെ ഖബറിന് ഉള്‍ക്കൊള്ളാനാവുമോ?

ബുധന്‍, 3 ജൂണ്‍ 2009 (16:49 IST)
PROPRO
നെറ്റിയിലെ കടും വര്‍ണത്തിലുള്ള വലിയ പൊട്ടില്‍ അഗ്നിയൊളിപ്പിച്ചു വച്ച കഥാകാരി മരിച്ചിട്ടും വലിയൊരു സംവാദത്തിനുള്ള പൊട്ടും പൊടിയും അവശേഷിപ്പിച്ചിരിക്കുകയാണ്. കമലാ സുരയ്യയെന്നും മാധവിക്കുട്ടിയെന്നും കമലാദാസെന്നും ലോകമറിയുന്ന അവരുടെ ഖബറടക്കം പുതിയൊരു വിവാദമായി തീര്‍ന്നിരിക്കുകയാണ്.

സ്വന്തം ദേഹത്തെ ഒരു വസ്ത്രമായി കണ്ട് ജീവിതത്തെ ഉല്ലാസമാക്കി കാണാന്‍ ശ്രമിച്ച മാധവിക്കുട്ടിയുടെ സാഹിത്യം സാംസ്കാരിക കേരളത്തെയും വിശ്വപ്രസിദ്ധിയിലേക്ക് കൈപിടിച്ച് നടത്തുകയായിരുന്നു. എന്നാല്‍, അവര്‍ അവസാന കാലത്ത് സ്വയമെടുത്ത തീരുമാനം മരിച്ചു കഴിഞ്ഞിട്ടും വിവാദത്തിന്‍റെ അലയൊലികള്‍ ഉയര്‍ത്തുന്നു.

മാറത്തടുക്കിയ കൃഷ്ണന് തന്‍റെ പരാധീനത കേള്‍ക്കാന്‍ സമയമില്ല എന്ന് ‘വളര്‍ന്ന് വലുതായ ആമിക്ക്’ തോന്നിക്കാണും. അള്ളാ തന്നെ തന്‍റെ രക്ഷകനും അഭയവും എന്ന് അവരങ്ങ് തീരുമാനിക്കുകയും ചെയ്തു, അതിനിത്ര പൊല്ലാപ്പ് വേണോ? കമലയുടെ കഥാകഥനം, സഫലീകരിക്കാത്ത ശാരീരിക വാഞ്ചയുടെ ബഹിര്‍സ്ഫുരണമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്ന മണ്ണിലാണ് അവരുടെ മരണാനന്തര ചടങ്ങുകളെ കുറിച്ചും ഇപ്പോള്‍ ബഹു വിചാരങ്ങള്‍ ഉയരുന്നത്.

കമലയെ ഹൈന്ദവാചാരപ്രകാരം സംസ്കരിക്കുന്നതിന് പകരമായി ഖബറടക്കുന്നത് അവരോട് കാണിക്കുന്ന കടുത്ത അനീതിയായിട്ടാണ് പ്രശസ്ത വാഗ്മിയും സാഹിത്യകാരനുമായ സുകുമാര്‍ അഴീക്കോട് കാണുന്നത്. പുന്നയൂര്‍ക്കുളത്തെ നീര്‍മാതളമാണ് അവര്‍ക്കുചിതമായ സ്മാരകമെന്നും എന്നാല്‍ അവരുടെ ഭൌതിക ശരീരത്തിന്‍റെ സാന്നിധ്യമില്ലാതെ അവിടെ സ്മാരകം ഒരുക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും അഴീക്കോട് പറയുന്നു. ഇത് അഴീക്കോടിന്‍റെയോ അഴീക്കോടിനെ പോലെയുള്ളവരുടെയോ മാനസിക വ്യാപാരമായി കാണുന്നതില്‍ തെറ്റില്ല. എന്നാല്‍, അതായിരിക്കുമോ കമല സുരയ്യയും ആഗ്രഹിച്ചിരുന്നത്?

മാധവിക്കുട്ടിക്ക് എഴുത്തച്ഛന്‍ പുരസ്കാരം നല്‍കിയപ്പോഴുള്ള എതിര്‍പ്പിന്‍റെ ചൂട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷവും കനലൂതി സൂക്ഷിച്ചിരിക്കുന്നു എന്നാണ് ഹൈന്ദവ സൈദ്ധാന്തികനായ പി പരമേശ്വരന്‍റെ നിലപാട് വ്യക്തമാക്കുന്നത്. കടമ്മനിട്ട തന്‍റെ ‘ചാക്കാല’ എന്ന കവിതയില്‍ പറയുന്ന മരണത്തിനു നല്‍കേണ്ട ഔചിത്യ ഭാവനപോലും ഹൈന്ദവ സൈദ്ധാന്തികന്‍ പരമേശ്വരന്‍റെ വാക്കുകളില്‍ ഉണ്ടായില്ല.

അടുത്ത താളില്‍ വായിക്കുക, “സത്യത്തില്‍ മാധവിക്കുട്ടി ആഗ്രഹിച്ചെതെന്ത്?

PROPRO
ആര്‍ഷജ്ഞാനത്തിന്‍റെ നാലമ്പലത്തില്‍ നിന്ന് ആരംഭിച്ച് പാളയം പള്ളിയിലെ ശവകുടീരത്തില്‍ മാധവിക്കുട്ടിയുടെ ജീവിതയാത്ര അവസാനിച്ചതിനെ ഒരു ഗ്രീക്ക് ദുരന്ത നാടകമായാണ് പരമേശ്വരന്‍ വിശദീകരിച്ചത്. ഇങ്ങനെ സംഭവിച്ചില്ല എങ്കില്‍ ഈ ദുരന്ത നാടകത്തിന്‍റെ തീഷ്ണത ഇല്ലാതായേനെ എന്നും പി പരമേശ്വേരന്‍ പറയുന്നു.

ഇസ്ലാം സമുദായത്തിലെ അനാചരങ്ങള്‍ക്കെതിരെ പേന കൊണ്ട് എതിര്‍ സമരം നടത്തിയ തസ്ലീമ നസ്രീന്‍ എന്ന എഴുത്തുകാരിയും ഇവരോടൊപ്പം ചേര്‍ന്നപ്പോള്‍ സാംസ്കാരിക കേരളം അക്ഷരാര്‍ത്ഥത്തില്‍ പകച്ചു നില്‍ക്കുകയാണ്. ഇസ്ലാം മതം സ്വീകരിച്ചതില്‍ കമലാ സുരയ്യ പശ്ചാത്തപിച്ചിരുന്നു എന്ന് തന്‍റെ അനുശോചനക്കുറിപ്പില്‍ തസ്ലീമ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവര്‍ക്ക് തിരിച്ചുപോക്കിന് വിഘാതമായി നിന്നത് മതഭ്രാന്തന്‍‌മാര്‍ മക്കളെ ഉപദ്രവിക്കുമോ എന്ന ഭയത്താലാണെന്നും ഇവര്‍ പറഞ്ഞുവത്രേ.

മാധവിക്കുട്ടിയുടെ മൂത്ത മകന്‍റെ ഇഷ്ടപ്രകാരമാണ് ഖബറടക്കം നടത്തിയതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. ഇളയമക്കള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവത്രേ. എന്നാല്‍, മൂത്തമകന്‍ എം ഡി നാലപ്പാട് ഭാര്യയുടെ വീട്ടില്‍ വച്ച് അമ്മയ്ക്ക് ഹൈന്ദവാചാര പ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ നടത്തിയതായും ചില മാധ്യമങ്ങള്‍ പറയുന്നു. ഇക്കാര്യം പക്ഷേ മത മൌലിക വാദികളുടെ ഭീഷണിയെ കുറിച്ചുള്ള ചെറിയൊരു സൂചന നല്‍കുന്നുണ്ട്. മത ഭ്രാന്തരെ കുറിച്ചുള്ള ഭയത്താല്‍ ഖബറടക്കാന്‍ വേണ്ടി ഖബറടക്കി എന്നു വേണമെങ്കില്‍ പോലും ചിന്തിക്കാവുന്ന സൂചന.

പക്ഷേ, മാധവിക്കുട്ടി എന്ന കമലാ സുരയ്യ അന്തിമമായി എന്തായിരുന്നു ആഗ്രഹിച്ചത്. അതിന് എന്തെങ്കിലും തെളിവുകളോ വെളിപ്പെടുത്തലുകളോ ലഭ്യമാവും വരെ നമുക്ക് അവര്‍ ഖബറില്‍ ഒടുങ്ങണമെന്ന് തന്നെയാണ് ആഗ്രഹിച്ചത് എന്ന് വിശ്വസിച്ചുകൂടെ? അതല്ലേ, സാംസ്കാരികകേരളം അവര്‍ക്ക് നല്‍‌കേണ്ട മിനിമം ‘ചാക്കാല ഔചിത്യം’?