മാലാഖമാര്‍ സമരത്തിലാണ്! ലോകം നഴ്സുമാര്‍ക്കൊപ്പമാണ്, ജനങ്ങളും!

അപര്‍ണ ഷാ

ചൊവ്വ, 4 ജൂലൈ 2017 (14:41 IST)
മാലാഖമാര്‍ സമരത്തിലാണ്. തങ്ങളുടെ അടുത്തെത്തുന്നവരെ കനിവ് കൊണ്ട് ശുശ്രൂഷിക്കുന്നവരാണ് നഴ്സുമാര്‍ . സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ കടമെടുത്ത് പറയുകയാണെങ്കില്‍ ‘രോഗികള്‍ക്ക് മരുന്ന് എടുത്ത് കൊടുക്കലും, ഡോക്ടര്‍മാര്‍ വരുമ്പോള്‍ ഫയലുമെടുത്ത് പുറകേ ഓടലുമല്ല ഒരു നഴ്സ് ചെയ്യുന്ന ജോലി’. പലര്‍ക്കും അങ്ങനെയൊരു ധാരണ ഉണ്ടെന്ന് തോന്നുന്നു. രോഗമെന്തെന്ന് നിര്‍ണയിക്കലും അതിനു വേണ്ടുന്ന ചികിത്സ നല്‍കുന്നതും ഡോക്ടര്‍മാര്‍ ആണ്. എന്നാല്‍, അതിനുമപ്പുറം ആ രോഗികള്‍ക്കൊപ്പം കൂട്ടിരിക്കലും അവരെ രോഗമുക്തതയിലേക്ക് നയിക്കുന്നതിലും നഴ്സുമാര്‍ നിര്‍വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.  
 
കേരളത്തില്‍ നിന്നുള്ള നഴ്സുമാരെ കുറിച്ച് ലോകത്തെവിടെയും മികച്ച അഭിപ്രായമാണ് ഉള്ളത്. അതിന് കാരണവുമുണ്ട്, നമ്മുടെ മാലാഖമാര്‍ പണത്തിനായി മാത്രം ജോലിയെടുക്കുന്നവരല്ല . അവര്‍ ചെയ്യുന്നത് ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണ്. രോഗികളെ പരിചരിക്കുമ്പോള്‍ അവരുടെ കൈകള്‍ മാത്രമല്ല, മനസ്സും പണിയെടുക്കുകയാണ്. ജനിച്ച മണ്ണില്‍ മാന്യമായി ജീവിക്കാനുള്ള അവകാശത്തിനായിട്ടാണ് അവര്‍ പോരാടുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ല. പക്ഷേ, എന്നിട്ടും വ്യവസ്ഥകള്‍ അവരെ തഴയുകയാണ്.
 
ദിവസങ്ങളായി നടന്നു വരുന്ന നഴ്സിംഗ് സമരത്തെ പിന്തുണച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള നഴ്സുമാര്‍ രംഗത്തെത്തിയിരിക്കുന്നതും ശ്രദ്ധേയമാവുകയാണ്. ലോകത്തുള്ള നഴ്സുമാര്‍ മുഴുവനും സമരത്തിനൊപ്പമാണ്. പ്രക്ഷോഭങ്ങള്‍ ഇല്ലാതെ അവര്‍ സമരം ചെയ്യുന്നത് കൊണ്ടാകാം വാര്‍ത്തയാകുന്നില്ല. അവരുടെ കണ്ണുനീര്‍ കാണാന്‍ സര്‍ക്കാരും ഇല്ല. അല്ലെങ്കിലും മാധ്യമങ്ങള്‍ സെന്‍സേഷണല്‍ ന്യൂസ് ആക്കുന്നതിനോടു മാത്രമല്ലെ അന്നും ഇന്നും സര്‍ക്കാര്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളു. അല്ലാത്ത പക്ഷം ഒരൊഴുക്കന്‍ മട്ടില്‍ അതങ്ങുപോകും, ചിലപ്പോള്‍ അലിഞ്ഞില്ലാതേയും ആകും.
 
മിനിമം വേതനം നടപ്പാക്കണമെന്ന ആവശ്യമാണ് നഴ്സ്മാര്‍ക്കുള്ളത്. സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ സമരം അവസാനിക്കുന്നത് വരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ സൗജന്യ സേവനം നല്‍കാമെന്ന് വരെ അവര്‍ വ്യക്തമാക്കിയിരുന്നു. ആവശ്യം ഒന്ന് മാത്രം - വേതനം വര്‍ദ്ധിപ്പിക്കണം. 
 
ശമ്പളം കൊണ്ട്‌ യാത്രയും ഭക്ഷണവും മാത്രം നടത്താനേ ഉതകുന്നുള്ളൂ എന്നും ലക്ഷങ്ങള്‍ വായ്പ എടുത്ത്‌ പഠിച്ച്‌ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ വായ്പാ പലിശ പോലും തിരിച്ചടക്കാന്‍ ശമ്പളം തികയുന്നില്ല എന്നുമുള്ള യാഥാര്‍ത്ഥ്യം നഴ്സുമാര്‍ക്കൊപ്പം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അഡ്മിറ്റ് ആയ രോഗികളില്‍ നിന്നും നഴ്സിങ് ചാര്‍ജ് എന്ന് പറഞ്ഞ് വാങ്ങിക്കുന്ന തുക പോലും ഇവര്‍ക്ക് ശമ്പളമായി ലഭിക്കുന്നില്ല എന്നതാണ് വസ്‌തുത. 
 
തെരഞ്ഞെടുപ്പില്‍നിന്നും തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന സര്‍ക്കാര്‍ ഇവര്‍ക്ക് വേണ്ടി അല്‍പ്പസമയം മാറ്റി വെക്കേണ്ടിയിരിക്കുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തുള്ള എല്ലാ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നിലും സമരത്തിനായി ഇരിക്കുമെന്നാണ് നഴ്സുമാര്‍ പറയുന്നത്. പനിക്കാലത്ത് സമരം ചെയ്യുമ്പോഴേ അധിക്രതര്‍ക്ക് ചിലതെല്ലാം മനസ്സിലാവുകയുള്ളു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.
 
ഈ സമരം ലോകം മുഴുവന്‍ കാണുന്നുണ്ടെന്ന തിരിച്ചറിവാണ് സര്‍ക്കാരിനുണ്ടാകേണ്ടത്. വെറുതെ മാലാഖപട്ടം കൊടുത്താല്‍ മാത്രം പോര അവരുടെ ആവശ്യങ്ങളേയും വാക്കുകളേയും മനസ്സിലാക്കി അതിനുള്ള പരിഹാരം ചെയ്തു കൊടുക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം. 

വെബ്ദുനിയ വായിക്കുക