അസംബ്ലിയില്‍ വൈകിയെത്തിയതിനുള്ള ശിക്ഷ ‘താറാവ് നടത്തം’; പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് സംഭവിച്ചത്

വെള്ളി, 19 ജനുവരി 2018 (10:51 IST)
സ്‌കൂളിലെ അസംബ്ലിയില്‍ വൈകിയെത്തിയതിന് അധ്യാപകര്‍ ശിക്ഷിച്ച പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തിരുവികനഗറിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. വൈകിയെത്തിയ വിദ്യാര്‍ഥിയ്ക്ക് ‘താറാവുനടത്തം’ ആയിരുന്നു അധ്യാപകര്‍ നല്‍കിയ ശിക്ഷ. അത്തരത്തില്‍ നടക്കുന്നതിനിടെയാണ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചത്. 
 
സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പളായ അരുള്‍സ്വാമി, കായികാധ്യാപകന്‍ ജയസിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പെരമ്പൂര്‍ സ്വദേശിയായ മുരളിയുടെ മകന്‍ നരേന്ദ്രനാണ് മരിച്ചത്. നരേന്ദ്രന്‍ ഉള്‍പ്പെടെ ആറുവിദ്യാര്‍ഥികളെയാണ് സ്‌കൂളിനുചുറ്റും താറാവ് നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിച്ചത്. കാല്‍മുട്ട് മടക്കി നടക്കുന്നതിനിടെ കുഴഞ്ഞുവീണ നരേന്ദ്രന്‍ മരിക്കുകയായിരുന്നു. 
 
സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുന്നതിനിടെയാണ് കുട്ടി കുഴഞ്ഞുവീണതെന്നായിരുന്നു സ്ക്കൂള്‍ അധികൃതര്‍ തങ്ങളെ അറിയിച്ചതെന്ന് നരേന്ദ്രന്റെ മാതാപിതാക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതിനുശേഷമാണ് അവര്‍ തങ്ങളെ വിവരമറിയിച്ചതെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ ഉപരോധിച്ചു. 
 
പ്രതിഷേധം ശക്തമായതോടെയാണ് കേസെടുത്ത പൊലീസ്, പ്രിന്‍സിപ്പലിനെയും കായികാധ്യാപകനെയും അറസ്റ്റുചെയ്തത്. തോളില്‍ കല്ല് കെട്ടിത്തൂക്കിയതിനുശേഷമാണ് താറാവിനെപ്പോലെ നടത്തിച്ചതെന്ന് സഹപാഠികള്‍ പൊലീസിന് മൊഴിനല്‍കി. ആവര്‍ത്തിച്ച് ക്ഷമാപണം നടത്തിയിട്ടും ശിക്ഷനടപ്പാക്കിയ കായികാധ്യാപകന്‍ ജയസിങ് ഇത് ചെവിക്കൊണ്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍