ഉള്ളിയുമായെത്തിയ ട്രക്ക് കൊള്ളയടിച്ച് ആയുധധാരികൾ, നഷ്ടപ്പെട്ടത് മൂന്നരലക്ഷം രൂപയുടെ ഉള്ളി

ശനി, 28 ഡിസം‌ബര്‍ 2019 (18:56 IST)
പട്ന: ഉള്ളിയുമായി എത്തിയ ട്രക്ക് കൊള്ളയടിച്ച് ആയുധങ്ങളുമായെത്തിയ ആറംഗ സംഘം. ബിഹാറിലെ കൈമൂര്‍ ജില്ലയിലെ മൊഹാനിയയില്‍ വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. മൂന്നരലക്ഷം രൂപ വിലവരുന്ന ഉള്ളിയുമായി മോഷ്ടാക്കൾ കടക്കുകയായിരുന്നു. 50 കിലോയുടെ 102 ഉള്ളിച്ചാക്കുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്.
 
ദേശീയപാതയിലൂടെ പോകുകയായിരുന്ന ട്രക്കിനെ കാറിലെത്തിയ ആറംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ ദേശ് രാജിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ട്രക്കുമായി മോഷ്ടാക്കളിൽ ഒരു സംഘം രക്ഷപ്പെട്ടു. ഉള്ളി കൊള്ളയടിച്ച ശേഷം പ്രതികൾ ട്രക്ക് പസൗലിയിലെ പെട്രോള്‍ പമ്പിന് സമീപത്ത് ഉപേക്ഷിച്ചിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ ദേശ് രാജിനെ നാല് മണിക്കൂറോളം കാറില്‍ ബന്ദിയാക്കിയ ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് ഇറക്കിവിടുകയായിരുന്നു.
 
സംഭവത്തില്‍ മൊഹാനിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുൻപും സമാനമായ സംഭവമുണ്ടായതായി പൊലീസ് വ്യക്തമാക്കി. പഛഗഞ്ചിൽനിന്നും രണ്ട് ലക്ഷം രൂപ വിലവരുന്ന ഉള്ളിയാണ് മോഷ്ടാക്കൾ കൊള്ളയടിച്ചത്. കവര്‍ച്ചക്കാർക്കായുള്ള തിരച്ചിൽ ഊര്‍ജിതപ്പെടുത്തിയതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍