ഈ ചോദ്യങ്ങള്‍ക്കൊക്കെ പല ഉത്തരങ്ങളാണ് അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. കാരണം, ഓരോ സീരിയല്‍ കില്ലറിനും പറയാനുള്ളത് വ്യത്യസ്തമായ കഥകളായിരിക്കും എന്നതാണ്. എന്നാല്‍ ആ ഉത്തരങ്ങളിലെല്ലാം പൊതുവായ ചില വികാരങ്ങള്‍ അടങ്ങിയിരിക്കും. ഉപേക്ഷിക്കപ്പെടല്‍, പിന്തള്ളല്‍, നിരാസം, അരക്ഷിതാവസ്ഥ, ഭയം, സമൂഹത്തോടാകെയുള്ള വിദ്വേഷം ഇവയെല്ലാം പരമ്പരക്കൊലയാളികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ചിലതാണ്.
എല്ലാം നഷ്ടപ്പെട്ടവന്‍റെ പ്രതികാരവും രക്തം കാണുമ്പോഴുള്ള ഉന്‍മാദവുമെല്ലാം ഇത്തരം തുടര്‍ കൊലപാതകങ്ങള്‍ക്ക് അവരെ നിര്‍ബന്ധിക്കുന്നതായാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പണത്തിനുവേണ്ടി കൊലപാതക പരമ്പരകള്‍ നടത്തുന്നത് സാധാരണയല്ല. എന്നാല്‍ ലൈംഗികതൃഷ്ണ ശമിപ്പിക്കാന്‍ വേണ്ടി സ്ത്രീകളെ കൊലപ്പെടുത്തുകയും മൃതദേഹങ്ങളുമായി ബന്ധം പുലര്‍ത്തുകയും ചെയ്ത സംഭവങ്ങള്‍ അനവധിയാണ്.
ചില പരമ്പരക്കൊലയാളികള്‍ അവര്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് സമാന സ്വഭാവം കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ചില പ്രത്യേക രീതിയില്‍ വധിക്കാനോ കൊല നടത്തിയ ശേഷം മൃതദേഹം വികൃതമാക്കാനോ ഒക്കെ അവര്‍ ശ്രമിക്കുന്നു. അസാധാരണമായ പ്രൊഫഷണലിസം കൊലപാതകത്തില്‍ വേണമെന്ന് നിര്‍ബന്ധമുള്ള പരമ്പരക്കൊലയാളികളെയും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ചില കൊലയാളികള്‍ തങ്ങള്‍ക്ക് പരിചയമുള്ളവരെ ഇരകളായി തെരഞ്ഞെടുക്കുമ്പോള്‍ ചിലര്‍ അപരിചിതരെ ഇരകളാക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. പരമ്പരക്കൊലയാളികള്‍ക്ക് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അതിന്‍റെ അനന്തര ഫലങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നും കൃത്യമായി അറിയാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. പിടിക്കപ്പെടാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും കൊലയാളികള്‍ പ്രയോഗിക്കും. കൊലയാളികള്‍ ക്രമേണ മനോരോഗികളും അങ്ങേയറ്റം അപകടകാരികളുമായി പരിണമിക്കുന്നത് സാധാരണമാണ്. ഇരകളോട് സഹതാപം തോന്നാത്തതിന് കാരണം അവര്‍ വിചിത്രമായ മനോരോഗത്തിന് അടിമയായിരിക്കാം എന്നതാണ്.
വ്യക്തികളോടും സമൂഹത്തോടുമുള്ള പ്രതിഷേധവും അഗാധമായ ദുഃഖവും പ്രതികാര മനോഭാവവുമെല്ലാം പരമ്പരക്കൊലയാളികളെ സൃഷ്ടിക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇത്തരം കൊലയാളികളെ സൃഷ്ടിക്കുന്നതില്‍ സമൂഹത്തിനുള്ള പങ്ക് തള്ളിക്കളയാവുന്നതല്ല. സഹജീവികളോട് പെരുമാറുന്നതെങ്ങനെ എന്നറിയാത്ത സമൂഹത്തില്‍ നിന്നാണ് ഇത്തരം ക്രിമിനലുകള്‍ ഉയര്‍ന്നുവരുന്നത്.