ഉത്തർപ്രദേശിൽ വീണ്ടും പശുവിന്റെ പേരിൽ ആൾക്കൂട്ടക്കൊല; യുവാവ് കൊല്ലപ്പെട്ടു - ആക്രമിച്ചത് അമ്പതോളം പേര്
വ്യാഴം, 30 ഓഗസ്റ്റ് 2018 (14:42 IST)
ഉത്തർപ്രദേശിലെ ബറേലിയിൽ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച്യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബറോലി സ്വദേശി ഷാരൂഖ് ഖാനാണ്(22) കൊല്ലപ്പെട്ടത്. അമ്പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച അര്‍ധരാത്രി ഉത്തർപ്രദേശിലെ ബറോലി ജില്ലയിലെ ഹിന്ദോലിയ എന്ന ഗ്രാമത്തിലാണ് സംഭവം. ക്രൂരമായ മര്‍ദ്ദനമേറ്റ ഷാരൂഖിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൃക്കയിലും കരളിലുമുള്ള മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ദുബായില്‍ ജോലി ചെയ്തിരുന്ന ഷാരൂഖ് ജനുവരിയിലാണ് നാട്ടിലെത്തിയത്. സുഹൃത്തക്കള്‍ക്കൊപ്പം പുറത്തു പോയ യുവാവിനെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. പശുവിനെ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
അവശനായ ഷാരൂഖിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെയാണ് യുവാവ് മരിച്ചത്. ഷാരൂഖിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ദൃക്സാക്ഷി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 30തോളം പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.