2002 മുതൽ വർഷങ്ങളുടെ ഇടവേളയിൽ നടന്ന കൊലപാതകങ്ങൾ തെളിയിക്കുക എന്നത് പൊലീസിന് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. വർഷങ്ങൾക്ക് മുൻപ് അടക്കം ചെയ്ത മൃതദേഹങ്ങളിൽനിന്നും ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ച് വിഷം അകത്തു ചെന്നാണോ മരിച്ചത് എന്ന് കണ്ടെത്തുക ശ്രമകരമാണ്. അതിനാൽ ഫൊറൻസിക് പരിശോധനയിൽ ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യ തന്നെ ഉപയോഗപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
കൂടത്തായി കൊലപാതക അന്വേഷണം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും കേസ് അന്വേഷണത്തിന് കൂടുതൽ വിപുലമായ അന്വേഷണ സംഘത്തെ നിയോഗിക്കും എന്നും ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. മുൻ ഭർത്താവ് റോയിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു കൊലപാതകങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ ഫോറൻസിക് ഫലങ്ങൾ ഉൾപ്പടെ ക്രൈം ബ്രാഞ്ചിന് ലഭിക്കേണ്ടതുണ്ട്.