‘പുലർച്ചെ മുതൽ രാത്രി വരെ അടുക്കളയിൽ കിടന്നു നരകിച്ചാലും "വെറുതെ ഇരിക്കുന്ന സ്ത്രീ" എന്നതാണ് അവൾക്ക് കിട്ടുന്ന ബഹുമതി‘, ജോളിക്ക് പിഴച്ചത് എവിടെ? - കുറിപ്പ്
സമൂഹത്തിൽ എങ്ങനെയാണ് ജോളിമാർ ഉണ്ടാകുന്നതെന്ന് വിശദീകരിച്ച് മാധ്യമപ്രവർത്തകയായ രമ്യ ബിനോയുടെ കുറിപ്പ്. വിവാഹശേഷം ഒന്നും ചെയ്യാനില്ലാതെ വീട്ടുപണിയെടുത്ത് കഴിയുന്ന, സ്വന്തമായി കൈയ്യിൽ പൈസ ഇല്ലാത്ത സ്ത്രീകളെ ക്രിമിനൽ മുഖമുള്ളവരാക്കി മാറ്റുമെന്ന് രമ്യ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:
‘ആത്മവിശ്വാസമെന്ന പറുദീസാ നഷ്ടമാകുമ്പോൾ...*
ആദ്യത്തെ കൊലപാതകം അമ്മായിയമ്മയുടേതായിരുന്നു. വീടിന്റെ അധികാരം, കുടുംബത്തിന്റെ സാമ്പത്തികാധികാരം പിടിച്ചെടുക്കാനുള്ള ഒന്ന് – കൂടത്തായി കൊലപാതകക്കേസിന്റെ തുടക്കം ഇവിടെ നിന്നാണ്. പ്രേരകശക്തികളിൽ പ്രണയമോ മറ്റു സംഗതികളോ ഒക്കെ പിന്നാലെയാണ് വന്നത്. ജോളി എന്ന സ്ത്രീക്ക് പിഴച്ചുതുടങ്ങിയത് സമ്പത്തിന്റെ കാര്യത്തിലെ പരാശ്രയത്വത്തിൽ നിന്നാണ്.
അതേ... ഒരു സ്ത്രീയുടെ അവസ്ഥ, പ്രത്യേകിച്ച് വിവാഹശേഷം, നിർണയിക്കുന്നതിൽ സമ്പത്തിനു വലിയൊരു പങ്കുണ്ട്. സ്ത്രീധനം, കുടുംബസ്വത്തിന്റെ പങ്ക്, പോക്കറ്റ് മണി തുടങ്ങി പല പേരിൽ വിളിക്കുന്ന പണമല്ല ഈ സാമ്പത്തികനിലയുടെ അടിസ്ഥാനം. ഒരുപാട് സ്ത്രീധനം നൽകി വിവാഹം കഴിച്ചയച്ച, സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകളിൽ പലരുടെയും അവസ്ഥ നേരിൽ കാണുന്നുണ്ട്. സ്ത്രീധനം കുറച്ചു കഴിയുമ്പോൾ ചെല"വായി(ൽ)"പ്പോകും. അച്ഛനമ്മമാർ സ്നേഹത്തോടെ മകളെ അണിയിക്കുന്ന സ്വർണാഭരണങ്ങളും പുതുമ മാറും മുൻപേ സ്വർണപ്പണയമായോ, വിൽപ്പനയ്ക്കായോ ഒക്കെ പടിയിറങ്ങിപ്പോകും. അതോടെ തുടങ്ങിയിടത്തേക്ക് എത്തുകയാണ് പല സ്ത്രീകളും.
"ചേച്ചീ... ഈ വീട്ടിൽനിന്ന് പത്തു പൈസ കാണാതായാൽ എന്റെ നേർക്കാണ് ആദ്യത്തെ സംശയക്കണ്ണ്" എന്നു പറഞ്ഞുകരയുന്ന ഒരു പെൺകുട്ടിയുണ്ട് എന്റെ പരിചയത്തിൽ. പ്രഫഷനൽ കോഴ്സ് ജയിച്ചവളാണ്. വിവാഹം കഴിഞ്ഞ് ജോലി ഉപേക്ഷിച്ചതോടെ തുടങ്ങി നരകജീവിതം. പുലർച്ചെ അഞ്ചു മുതൽ രാത്രി പത്തു മണി വരെ അടുക്കളയിൽ കിടന്നു നരകിച്ചാലും "വെറുതെ ഇരിക്കുന്ന സ്ത്രീ" എന്നതാണ് കിട്ടുന്ന ബഹുമതി.
മറ്റൊരു കൂട്ടരുണ്ട്, "എനിക്ക് ചെലവിനു തരുന്നവൻ എന്നെ കെട്ടിയാൽ മതി" എന്ന അഹങ്കാരമാണ് മുഖമുദ്ര. "എന്റച്ഛനു പണമുണ്ട്, അല്ലെങ്കിൽ ഭർത്താവ് സമ്പന്നനാണ്, അതുകൊണ്ട് ഞാൻ അലസജീവിതം നയിക്കു"മെന്നാണ് ന്യായം. അലസജീവിതം നയിച്ചോളൂ... പക്ഷേ ആ അലസതയിൽ നിന്ന് ഉരുത്തിരിയുന്ന ക്രൂരവാസനകളുടെ ഇരയാകുന്നത് പലപ്പോഴും മറ്റുള്ളവരാണെന്നതു മറക്കാതിരിക്കുക.
എല്ലാവർക്കും പഠിച്ച് സർക്കാർ സർവീവീസിലോ ബാങ്കിങ്ങിലോ മൾട്ടി നാഷനൽ കമ്പനികളിലോ മറ്റു പ്രഫഷനുകളിലോ എത്തിപ്പെടാൻ ആവില്ല. അതു മാത്രമാണ് തൊഴിലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്... പത്താം ക്ലാസോ പ്ലസ് ടു വോ കഴിഞ്ഞ് ബ്യൂട്ടീഷൻ കോഴ്സോ തുന്നലോ ഹാൻഡ് എംബ്രോയ്ഡറിയോ പഠിച്ചുകൂടേ... എത്ര തരം കംപ്യൂട്ടർ കോഴ്സുകളാണ് പത്രങ്ങളുടെ അറിയിപ്പു കോളങ്ങളിലുള്ളത്. സ്വയം തൊഴിൽ പരിശീലനങ്ങൾ അതിലേറെയുണ്ട്.
അടുത്തിടെ എന്റെ ജോലിയുടെ ഭാഗമായി, സ്വയം തൊഴിൽ ചെയ്യുന്ന കേരളത്തിലെ പെൺകൂട്ടായ്മകളുമായി അടുത്തിടപഴകേണ്ടി വന്നു. പത്താം ക്ലാസ് ജയിക്കാത്തവർ മുതൽ ബിരുദാനന്തര ബിരുദക്കാർ വരെ അവരിലുണ്ടായിരുന്നു. 20 വയസ്സുകാർ മുതൽ 70 വയസ്സുകാർ വരെയും. അവർക്കെല്ലാമൊരു പ്രത്യേകതയുണ്ട്. എല്ലാവരും ആത്മവിശ്വാസവും പോസിറ്റിവിറ്റിയുമുള്ളവരാണ്. കുടുംബത്തിൽ ബഹുമാനിക്കപ്പെടുന്നവരാണ്. അഭിമുഖത്തിനെത്തിയ വിധികർത്താക്കളോട് എത്ര ഭംഗിയായാണ് അവർ ഓരോരുത്തരും സംസാരിച്ചത്. തൊഴിലുറപ്പിനു പോകുന്ന സ്ത്രീകളിലും ഈ ആത്മവിശ്വാസം ഞാൻ കണ്ടിട്ടുണ്ട്. തന്റെ കുടുംബത്തിനായി, തനിക്കായി സമ്പാദിക്കാൻ കഴിയുന്നവരെന്ന അഹംബോധം (അഹങ്കാരമല്ല) അവരിലെല്ലാമുണ്ട്. എനിക്കുറപ്പുണ്ട്, അവരാരും ജോളിമാർ ആകില്ലെന്ന്. അവരാരും അച്ഛന്റെയോ അമ്മായിയച്ഛന്റെയോ കയ്യിലിരിക്കുന്ന പണത്തിന്റെ അരികുപറ്റി എക്കാലവും ജീവിക്കുന്ന പരാദജീവികളാകില്ലെന്ന്.
അതുകൊണ്ട് പെൺമക്കളെ വളർത്തുന്ന എല്ലാ അച്ഛനമ്മമാരും ഒന്ന് മനസ്സിലുറപ്പിക്കൂ, അവർ എല്ലാ നോമ്പും വ്രതവും പിടിക്കുന്നവരും എല്ലാ കുർബാനയും ദീപാരാധനയും കൂടുന്നവരും ഉപവാസവും ഒരിക്കലൂണും നടത്തുന്നവരും നന്നായി അടുക്കള നോക്കുന്നവരും ആയില്ലെങ്കിലും സാരമില്ല, ദൈവത്തിലെന്ന പോലെ മനുഷ്യനിലും വിശ്വാസമുള്ളവരും നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കുന്നവരും മനസ്സ് ചെകുത്താന് വിട്ടുകൊടുത്ത് അലസ ജീവിതം നയിക്കാത്തവരും ആവട്ടെ. പുറത്തു പോയി ജോലി ചെയ്യാൻ സാഹചര്യമില്ലെങ്കിലെന്ത്, അവനവന്റെ ഇത്തിരി പുരയിടത്തിൽ അല്ലെങ്കിൽ പാട്ടത്തിനെടുത്ത അരയേക്കർ സ്ഥലത്ത് അന്തസ്സായി കൃഷി ചെയ്തു കൂടേ... അതുമല്ലെങ്കിൽ പഠിച്ച കൈത്തൊഴിലുകൾ, തുന്നലോ എംബ്രോയ്ഡറിയോ പോട്ട് പെയിന്റിങ്ങോ ആകട്ടെ, വീട്ടിലിരുന്ന ചെയ്തുകൂടേ... ആകെയറിയുന്നത് പാചകമാണെങ്കിൽ അച്ചാറോ, ചമ്മന്തിപ്പൊടിയോ ഉണ്ണിയപ്പമോ ഉണ്ടാക്കിവിറ്റാലും മുന്നോട്ടുപോകാം. അങ്ങനെ അവനവൻ സമ്പാദിക്കുന്ന തുക, അത് എത്ര തുച്ഛമാണെങ്കിലും അതിന് ഒരു അന്തസ്സുണ്ട്. അതിനു പകരം, വിധിക്കു സ്വയംവിട്ടുകൊടുത്ത ശേഷം, പരാദജീവിയെന്ന് സ്വന്തം മനസാക്ഷി കുറ്റപ്പെടുത്തുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ടവളായോ, എനിക്കില്ലാത്തതൊന്നും മറ്റുള്ളവർക്ക് വേണ്ട എന്ന ക്രൂരത ഉള്ളിലൊളിപ്പിച്ചവളായോ, ഞാനൊരു ദുർബല എന്നെ താങ്ങിക്കോളൂ എന്ന് കുടുംബാംഗങ്ങളോട് പറയാതെ പറയുന്നവളായോ അധപതിക്കാതിരിക്കൂ.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയിച്ച സ്ത്രീകൾ നിങ്ങൾക്കു ചുറ്റും ഒരുപാടുണ്ട്. അവരാകട്ടെ നിങ്ങളുടെ മാതൃക. അതിനു പകരം, ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീകളെ അവഹേളിച്ചും അലസമനസ്സ് സമ്മാനിക്കുന്ന ക്രൂരതകൾ നടപ്പാക്കാനുള്ള വഴികൾ ആലോചിച്ചും സ്വയം നശിക്കുന്നതെന്തിനാണ്...
നാളെ വേണ്ട, ഇന്നു തന്നെയാകട്ടെ ഉയിർത്തെഴുന്നേൽപ്പ്. എന്തു ചെയ്യാൻ കഴിയുമെന്ന് ഓരോരുത്തരും മനസ്സിലൊന്ന് ഉറപ്പിക്കൂ. വിജയത്തിലേക്കുള്ള വഴികളിൽ കുറച്ചു മുള്ളും പടർപ്പും ഉണ്ടാകും. ആത്മവിശ്വാസത്തിന്റെ ഉലയിൽ നിർമിച്ച ഉടവുതട്ടാത്ത പ്രസരിപ്പിന്റെ ഒരു വെട്ടരിവാൾ കയ്യിലെടുത്തോളൂ. കാടും പടർപ്പും വെട്ടിനീക്കുമ്പോൾ തെളിഞ്ഞുവരുന്നത് നമുക്കുള്ള നേർവഴി തന്നെയാണ്.