യുവരാജ് സിങ് അറസ്റ്റില്‍

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (09:20 IST)
2011 ലോകകപ്പ് ഹീറോയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവുമായ യുവരാജ് സിങ് അറസ്റ്റില്‍. ജാതീയ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ഹരിയാന ഹന്‍സി പൊലീസ് ആണ് യുവരാജിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍വിട്ടു. ഇന്ത്യന്‍ ടീം താരം യുസ്വേന്ദ്ര ചഹലിനെതിരെയാണ് ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെ യുവരാജ് സിങ് ജാതീയ പരാമര്‍ശം നടത്തിയത്. യുവരാജിന്റെ ഔദ്യോഗികമായ അറസ്റ്റാണെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചതെന്നും പൊലീസ് പറഞ്ഞു. ഹന്‍സി സ്വദേശിയായ രജത് കല്‍സന്റെ പരാതിയിലാണ് മുന്‍ താരത്തിനെതിരായ നടപടി. ഒക്ടോബര്‍ 16 നാണ് അറസ്റ്റിനു കാരണമായ പരാതി രജിസ്റ്റര്‍ ചെയ്തത്. 
 
അതേസമയം, താന്‍ നടത്തിയ ജാതീയ പരാമര്‍ശത്തില്‍ യുവരാജ് നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. 'സുഹൃത്തുമായി നടത്തിയ സംഭാഷണത്തിനിടെ അനാവശ്യമായ ഒരു പരാമര്‍ശം നടത്തുകയുണ്ടായി. ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ആരുടെയെങ്കിലും വികാരങ്ങള്‍ ഞാന്‍ ബോധപൂര്‍വം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു,'' യുവരാജ് ട്വിറ്ററില്‍ കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍