Yashasvi Jaiswal: ഇന്ത്യയുടെ ഭാവിയാണ് അവന്‍ ! ഒന്നുമല്ലാത്തവനില്‍ നിന്ന് ബിസിസിഐ ഗ്രേഡ് ബി താരത്തിലേക്ക്; ഇനി 'ജയ്‌സ്വാള്‍ യുഗം'

രേണുക വേണു

ബുധന്‍, 28 ഫെബ്രുവരി 2024 (20:14 IST)
Yashasvi Jaiswal: ജീവിക്കാന്‍ വേണ്ടി തെരുവില്‍ പാനീ പൂരി വിറ്റു നടന്നിരുന്ന ചെറുപ്പക്കാരന്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി താരമാണ്. വിരാട് കോലി, രോഹിത് ശര്‍മ യുഗത്തിനു ശേഷം ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തിയുള്ള താരമെന്നാണ് യഷസ്വി ജയ്‌സ്വാളിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ബിസിസിഐയുടെ പുതുക്കിയ വാര്‍ഷിക കരാര്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ ഗ്രേഡ് ബി താരമായി ജയ്‌സ്വാള്‍ ഇടം പിടിച്ചു. ജയ്‌സ്വാളിനേക്കാള്‍ സീനിയര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഈ പട്ടികയിലെ മറ്റ് താരങ്ങള്‍. 
 
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമാകുകയാണ് ജയ്‌സ്വാള്‍. രോഹിത് ശര്‍മ പടിയിറങ്ങുമ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറാകുക എന്ന ഭാരിച്ച ദൗത്യമാണ് ജയ്‌സ്വാളിനെ കാത്തിരിക്കുന്നത്. ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം നടത്തുമ്പോള്‍ 73-ാം റാങ്കുകാരനായിരുന്നു ജയ്‌സ്വാള്‍. കരിയറിലെ ആദ്യ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 66-ാം സ്ഥാനത്ത്. പിന്നീട് നടന്നത് ചരിത്രം ! 
 
ആറാം ടെസ്റ്റിനു ശേഷം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ജയ്‌സ്വാള്‍ 30-ാം സ്ഥാനത്തെത്തി. ഇപ്പോള്‍ എട്ട് ടെസ്റ്റുകള്‍ താരം പൂര്‍ത്തിയാക്കി. പോയിന്റ് പട്ടികയില്‍ 12-ാം സ്ഥാനത്താണ് ജയ്‌സ്വാള്‍ നില്‍ക്കുന്നത്. സ്വപ്‌ന സമാനമായ നേട്ടമാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ ജയ്‌സ്വാള്‍ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍