‘ഞങ്ങളെ അപമാനിക്കുന്നത് ദയവായി അവസാനിപ്പിക്കൂ’- കോഹ്‌ലിയോട് ഫിഞ്ച്

വെള്ളി, 20 മെയ് 2016 (13:26 IST)
ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനും ഇന്ത്യന്‍ ടീം ഉപനായകനുമായ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തെ പുകഴ്‌ത്തി ഗുജറാത്ത് ലയണ്‍സ് ബാറ്റ്സ്മാന്‍ ആരോണ്‍ ഫിഞ്ച് രംഗത്ത്. മറ്റ് ടീമുകളിലെ ബാറ്റ്‌സ്‌മാന്‍‌മാരെ കളിയാക്കുന്ന തരത്തിലാണ് വിരാട് ബാറ്റ് ചെയ്യുന്നത്. ബാറ്റിംഗ് വളരെ എളുപ്പമാണെന്ന തരത്തില്‍ താങ്കള്‍ ബോളര്‍മാരെ നേരിടുന്നത് മറ്റു ടീമുകളിലെ ബാറ്റ്‌സ്‌മാന്‍‌മാര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്നും തമാശയോടെ ഫിഞ്ച് ട്വിറ്ററില്‍ കുറിച്ചു.

മാസങ്ങളായി കോഹ്‌ലി തുടരുന്ന തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ ഇത്തരത്തിലൊരു പ്രശംസയ്‌ക്ക് അര്‍ഹനാക്കിയത്. ഐപിഎല്ലില്‍ 86.5 റണ്‍ ശരാശരിയില്‍ പതിമൂന്ന് മത്സരങ്ങളില്‍ നിന്നായി നാലു സെഞ്ചുറികളും അഞ്ച് അര്‍ധസെഞ്ചുറികളും അടക്കം 865 റണ്‍സാണ് കോഹ്‌ലി ഇതുവരെ നേടിയത്.

കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് കൂട്ടായി ടീമിലുള്ള ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സാണ് റണ്‍ വേട്ടയില്‍ രണ്ടാമതുള്ളത്. ഇരുവരും ചേര്‍ന്ന് ഡസന്‍ കണക്കിന് റെക്കോര്‍ഡുകളാണ് ഇത്തവണത്തെ ഐ പി എല്‍ സീസണില്‍ സ്വന്തമാക്കിയത്.  

വെബ്ദുനിയ വായിക്കുക