ഇത് കൈവിട്ട കളിയോ; ഇവരില്ലാതെ എന്ത് ലോകകപ്പ്? കോഹ്ലി പോലും കൈവിട്ടു? - ടി 20 ടീമിൽ നിന്നും പുറത്താകുന്ന സൂപ്പർതാരങ്ങൾ

ചിപ്പി പീലിപ്പോസ്

ചൊവ്വ, 25 ഫെബ്രുവരി 2020 (17:53 IST)
ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യം വെച്ചുള്ള പ്രകടനവും പെർഫോമൻസും ആണ് ഓരോ കളിക്കാരും പുറത്തെടുക്കുന്നത്. ലോകകപ്പാണ് ലക്ഷ്യമെന്ന് നായകൻ വിരാട് കോഹ്ലിയും അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. 
 
ടൂർണമെന്റിനായുള്ള പ്രാക്ടീസും വമ്പൻ പ്ലാനിംഗും ഒക്കെ ടീമിനുള്ളിൽ തന്നെ ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴുള്ള ഓരോ ടി20 മത്സരവും ലോകകപ്പിനായുള്ള തയ്യാറെടുപ്പ് ആണ്. ആരെയൊക്കെ ടീമിൽ നിർത്തണം, ആരെ പുറത്താക്കണം എന്നെല്ലാം ഓരോ മത്സരം കഴിയുമ്പോഴും സെലക്ടർമാർക്ക് വ്യക്തമായി വരികയാണ്. 
 
ഏറ്റവും മികച്ച ടീമിനെ വാർത്തെടുക്കുക എന്നതാകും ലക്ഷ്യം. ടി20 ലോകകപ്പ് ഒരു റിഹേഴ്‌സല്‍ ആയിട്ടാണ് താരങ്ങൾ കാണുന്നത്. അതിനാൽ തന്നെ നിരവധി യുവതാരങ്ങൾക്ക് ടീം അവസരം നൽകിയിരുന്നു.  ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നും 4 സൂപ്പർതാരങ്ങൾ ഒഴിവാക്കപ്പെടാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ടെന്നാണ് ക്രിക്കറ്റ് വിശകലർ ചൂണ്ടിക്കാണിക്കുന്നത്.  
 
ഇന്ത്യയുടെ സ്ഥിരം ഓപ്പണറായ ശിഖര്‍ ധവാനെ ടി20 ലോകകപ്പിൽ കാണാൻ സാധിച്ചേക്കില്ല. അതിവേഗം ബഹുദൂരം എന്നതായിരുന്നു ധവാന്റെ ശൈലി. വേഗതയിൽ റൺസ് അടിച്ച് കൂട്ടിയിരുന്ന ധവാനെ ഇപ്പോൾ കാണാനേ കിട്ടുന്നില്ല. ഇത് ധവാന്റെ ഒരു മൈനസ് പോയിന്റ് ആയിട്ട് സെലക്ഷൻ കമ്മിറ്റി നോട്ട് ചെയ്തിട്ടുണ്ടാകും. കൂടാതെ പരിക്കും വില്ലനായി മാറിയിരിക്കുകയാണ്. ധവാന്റെ അഭാവത്തില്‍ രോഹിത് ശര്‍മയോടൊപ്പം ഓപ്പണിങ് സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ച ലോകേഷ് രാഹുല്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ധവാനെ തഴഞ്ഞ് പകരം രാഹുലിനെ ആ സ്ഥാനത്തിരുത്താനാകും ശ്രമിക്കുക. 
 
വിക്കറ്റ് കീപ്പർ റിഷഭ് പന്തിനും വില്ലനായിരിക്കുന്നത് രാഹുൽ തന്നെയാണ്. പരിക്കിനെ തുടർന്ന് പന്ത് പുറത്തിരുന്നപ്പോഴാണ് രാഹുലിന്റെ ഉള്ളിലെ യഥാർത്ഥ ‘കീപ്പർ’ ഉണർന്നു പ്രവർത്തിച്ചത്. വിക്കറ്റിനു പിറകിൽ കിടിലൻ പ്രകടനമായിരുന്നു അവസരം കിട്ടിയപ്പോഴൊക്കെ രാഹുൽ കാഴ്ച വെച്ചത്. എന്നാൽ, ലഭിക്കുന്ന ഓരോ അവസരങ്ങളും പന്ത് കളഞ്ഞു കുളിക്കുകയായിരുന്നു. പന്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നിരുന്നത്. ഇതോടെ, പന്തിനെ തഴഞ്ഞ് രാഹുലെ കീപ്പർ സ്ഥാനത്തേക്ക് പരീക്ഷിക്കാനും സാധ്യതയുണ്ട്. എം എസ് ധോണിയുടെ പേരും ഈ ഉയർന്നു വരുന്നുണ്ട്. 
 
അടുത്തത് ഭുവനേശ്വർ കുമാർ ആണ്. ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബൗളര്‍മാരില്‍ ഒരാളായിരുന്നു ഭുവി. എന്നാൽ, തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തിനു വില്ലനായി മാറി. താരം പരിക്കുകൾ കാരണം ഇപ്പോൾ ടീമിനു പുറത്താണ്. ഇന്ത്യൻ ടീമിന്റെ തുറുപ്പുചീട്ട് ആയിരുന്നു ഭുവി. എന്നാൽ പരിക്കിനെ തുടർന്ന് ഭുവിക്ക് പിന്നീടുള്ള കളികളിൽ തിളങ്ങാനായില്ല. ഫോമും ഫിറ്റ്‌നസുമെല്ലാം പരിഗണിക്കുമ്പോള്‍ ടി20 ലോകകപ്പില്‍ ഭുവിയെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത.
 
മറ്റൊരാളുടെ പരിക്ക് കാരണം ദേശീയ ടീമിലേക്ക് നറുക്കുവീണ ശിവം ദുബൈയ്ക്ക് പക്ഷേ തിളങ്ങാനായില്ല. ഹർദ്ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി എത്തിയെങ്കിലും പാണ്ഡ്യയുടെ ഏഴയലത്ത് നിൽക്കാൻ ദുബൈയ്ക്ക് കഴിഞ്ഞിട്ടില്ല. ബാറ്റിങ്ങിലോ ബൌളിങ്ങിലോ അഭിമാനിക്കാൻ തക്കതായി ദുബൈ ഒന്നും കാഴ്ച വെച്ചിട്ടില്ല. അതിനാല്‍ തന്നെ ടി20 ലോകകപ്പ് ടീമില്‍ ദുബെയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍