ട്വന്റി 20 ലോകകപ്പ്: ഓസ്‌ട്രേലിയക്കെതിരായ മത്സരശേഷം പാക്കിസ്ഥാന്‍ താരങ്ങളായ ഷഹീന്‍ അഫ്രീദിയും ഹസന്‍ അലിയും ഡ്രസിങ് റൂമില്‍ ഇരുന്ന് കരഞ്ഞു !

ബുധന്‍, 2 ഫെബ്രുവരി 2022 (16:34 IST)
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ തോറ്റ ശേഷം പാക്കിസ്ഥാന്‍ താരങ്ങളായ ഷഹീന്‍ അഫ്രീദിയും ഹസന്‍ അലിയും ഡ്രസിങ് റൂമില്‍ ഇരുന്ന് കരഞ്ഞതായി വെളിപ്പെടുത്തല്‍. ഹസന്‍ അലി തന്നെയാണ് ഇതേ കുറിച്ച് വെളിപ്പെടുത്തിയത്. ഓസീസ് ബാറ്റര്‍ മാത്യു വെയ്ഡിന്റെ ക്യാച്ച് താന്‍ നഷ്ടപ്പെടുത്തിയത് തോല്‍വിയില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന് ഹസന്‍ അലി പറഞ്ഞു. ടൂര്‍ണമെന്റില്‍ അതുവരെ നന്നായി പന്തെറിഞ്ഞിരുന്ന ഷഹീന്‍ അഫ്രീദിയും ഓസീസിനെതിരെ നിരാശപ്പെടുത്തി. ഇതാണ് ഇരുവരേയും വേദനിപ്പിച്ചതെന്ന് ഹസന്‍ അലി പറഞ്ഞു. 
 
'കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. ഇത്തരം കാര്യങ്ങള്‍ വേഗത്തില്‍ മറക്കുക പ്രയാസമാണ്. ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ തീര്‍ച്ചയായും ഇതില്‍ നിന്നും മറികടക്കണം. സത്യസന്ധമായി പറഞ്ഞാല്‍ ഞാനിതൊന്നും ആരോടും പറഞ്ഞിട്ടില്ല. ആ ക്യാച്ച് നഷ്ടപ്പെടുത്തിയ ശേഷം രണ്ട് ദിവസത്തേക്ക് എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. എന്റെ ഭാര്യ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാന്‍ ഉറങ്ങാത്തതില്‍ അവള്‍ക്ക് വലിയ ടെന്‍ഷന്‍ തോന്നി. ഇടയ്ക്കിടെ വെറുതെ ഇരിക്കുമ്പോള്‍ ആ ക്യാച്ച് നഷ്ടപ്പെടുത്തുന്ന രംഗങ്ങള്‍ എന്റെ മനസ്സില്‍ തെളിയും,' ഹസന്‍ അലി പറഞ്ഞു
 
' ഒരു മത്സരത്തേയും ഞാന്‍ ചെറുതായി കാണുന്ന ആളല്ലെന്ന് എന്റെ ടീം അംഗങ്ങള്‍ക്ക് നന്നായി അറിയാം. ഞാന്‍ നന്നായി തയ്യാറായിരുന്നു. പാക്കിസ്ഥാന് വേണ്ടി ഏറ്റവും നല്ല പ്രകടനം നടത്താന്‍ എല്ലായ്‌പ്പോഴും ഞാന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ എന്റെ 120 ശതമാനവും സമര്‍പ്പിച്ചു. മത്സരശേഷം ഞാന്‍ കരയുകയായിരുന്നു, ഷഹീന്‍ അഫ്രീദിയും. അത് വളരെ സങ്കടം നിറഞ്ഞ നിമിഷമായിരുന്നു,' ഹസന്‍ അലി പറഞ്ഞു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍