ദില്‍ഷന്‍ കളി മതിയാക്കുന്നതിന് പിന്നില്‍ ഇവരോ ?; ലങ്ക എന്തിന് ഈ കടുംകൈ ചെയ്‌തു...

വ്യാഴം, 25 ഓഗസ്റ്റ് 2016 (20:32 IST)
ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മരതകദ്വീപിന്റെ പരിചയസമ്പന്നനായ ഓപ്പണിംഗ് ബാറ്റ്സ്മാൻ പാഡഴിക്കുന്നത്.

മഹേള ജയവര്‍ധനെ, കുമാര്‍ സംഗാക്കാര, തിലകരത്‌നെ ദില്‍ഷന്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ ഒരു കാലത്ത് ലങ്കയുടെ ഗ്ലാമര്‍ താരങ്ങളായിരുന്നു. സംഗാക്കാരയും ജയവര്‍ധനെയും കളി മതിയാക്കിയപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ദില്‍ഷനുണ്ടായിരുന്നു. മൂവര്‍ സംഘം ഒരുമിച്ച് വിരമിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വന്നുവെങ്കിലും അത്തരം തീരുമാനം ടീമിനെ ബാധിക്കുമെന്നതിനാല്‍ ദില്‍‌ഷന്‍ ടീമില്‍ തുടരുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദില്‍ സ്‌കൂപ്പ് എന്ന ഷോട്ട് തരംഗമാക്കി മാറ്റിയ താരമായിരുന്നു ദില്‍ഷന്‍. സനത് ജയസൂര്യയ്‌ക്ക് ശേഷം ലങ്കന്‍ ടീമില്‍ എത്തിയ വെടിക്കെട്ട് ഓപ്പണറായിരുന്നു ദില്‍‌ഷന്‍. 1999ൽ സിംബാബ്‌വെയ്ക്കെതിരെ ആയിരുന്നു അരങ്ങേറ്റം. മധ്യനിരയില്‍ നിന്ന് ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള സ്ഥാനചലനം ആഘോഷമാക്കിയ താരം കൂടിയായിരുന്നു അദ്ദേഹം. ട്വന്റി-20 ലോകകപ്പില്‍ ലങ്കയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് ദില്‍‌ഷനായിരുന്നു.











2019 ലോകകപ്പിന് ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഈ സാഹചര്യത്തിലാണ് ദില്‍ഷന്‍ കളി അവസാനിപ്പിക്കുന്നത്. വലം കൈയന്‍ ബാറ്റ്‌സ്മാനും ഓഫ് ബ്രേക്ക് ബൗളറുമാണ്. 329 ഏകദിന മത്സരങ്ങളിൽ നിന്നായി 39.26 ശരാശരയിൽ 10,248 റൺസ് ദിൽഷൻ സ്കോർ ചെയ്തിട്ടുണ്ട്. ഇതിൽ 22 സെഞ്ചുറികളും 47 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. 78 ട്വന്റി–20യിൽ നിന്നായി 1,884 റൺസും നേടി. ഏകദിനത്തിൽ 106 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 87 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ദിൽഷൻ 5,492 റൺസ് നേടി.

ഏകദിനത്തിൽ 10,000 റൺസ് നേടിയ 11മത്തെ ബാറ്റ്സ്മാനും നാലാമത്തെ ലങ്കന്‍ താരവുമാണ് ദിൽഷൻ. ട്വന്റി-20യിൽ മഹേല ജയവർധനക്ക് ശേഷം സെഞ്ചുറി തികച്ച രണ്ടാമത്തെ ലങ്കൻ താരമാണ് അദ്ദേഹം. 2011ൽ ഓസ്ട്രേലിയക്കെതിരായിരുന്നു (104 *) ഈ നേട്ടം.

വെബ്ദുനിയ വായിക്കുക