Tilak varma : വിമർശനങ്ങളിൽ കഴമ്പില്ല, തിലക് കളിക്കുന്നത് ടീം പ്ലാൻ അനുസരിച്ചെന്ന് സൂര്യകുമാർ

അഭിറാം മനോഹർ

ഞായര്‍, 22 ഫെബ്രുവരി 2026 (13:09 IST)
ടി20 ലോകകപ്പിലെ സൂപ്പര്‍-8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി യുവതാരം തിലക് വര്‍മ്മയുടെ മോശം സ്‌ട്രൈക്ക് റേറ്റ് സംബന്ധിച്ച് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ടീം മാനേജ്‌മെന്റ് നല്‍കിയ റോള്‍ കൃത്യമായി നിര്‍വഹിക്കുക മാത്രമാണ് തിലക് വര്‍മ ചെയ്യുന്നതെന്ന് സൂര്യകുമാര്‍ യാദവ് ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
 
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ തിലക് വര്‍മ്മയുടെ സ്‌ട്രൈക്ക് റേറ്റ് 120-ലേക്ക് താഴ്ന്നതോടെയാണ് വിമര്‍ശനങ്ങള്‍ ശക്തമായത്. കരിയറില്‍ 141-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള താരം ലോകകപ്പിലെ നാല് മത്സരങ്ങളില്‍ നിന്ന് ആകെ മൂന്ന് സിക്‌സറുകള്‍ മാത്രമാണ് ഇതുവരെ നേടിയത്. എന്നാല്‍ ഇതിന് പിന്നില്‍ ടീം മാനേജ്‌മെന്റ് തിലകിനോട് ആവശ്യപ്പെട്ട ചുമതലയാണെന്നാണ് സൂര്യ പറയുന്നത്.
 
'ടീം മാനേജ്മെന്റും ഞാനും തിലകിനോട് ആവശ്യപ്പെട്ടത് ഇത്തരത്തില്‍ ബാറ്റ് ചെയ്യാനാണ്. തുടക്കത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമാകുന്നതെങ്കില്‍ തിലകിന് പവര്‍പ്ലേയില്‍ തന്റെ സ്വാഭാവികമായ അക്രമണ ശൈലി പുറത്തെടുക്കാം. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ നേരത്തെ വീഴുകയാണെങ്കില്‍, ഒരു വശത്ത് വിക്കറ്റ് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം അവനാണ്. പത്താം ഓവര്‍ വരെ ഒരു പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പടുക്കുക എന്നതാണ് അവന്റെ ദൗത്യം. അതിനുശേഷം തകര്‍ത്തടിക്കാന്‍ ആവശ്യമായ കരുത്ത് ടീമിനുണ്ട് ' സൂര്യകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
 
നിലവിലെ തന്റെ ബാറ്റിംഗ് പ്രകടനത്തില്‍ തിലക് തന്നെ സംതൃപ്തനായിരിക്കില്ലെന്നും വരും മത്സരങ്ങളില്‍ താരം ഫോമിലേക്ക് തിരിച്ചെത്തുമെന്നും സൂര്യകുമാര്‍ പറഞ്ഞു.  തിലകിന് പകരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു സൂര്യകുമാറിന്റെ മറുപടി. 'തിലകിന് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? എന്ന ചോദ്യം സൂര്യകുമാര്‍ തിരിച്ചുചോദിക്കുകയും ചെയ്തു. ഇതോടെ സൂപ്പര്‍ എട്ടില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യതകള്‍ മങ്ങി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍