തന്നെ എല്ലാവരും മറക്കുകയാണ്, സെലക്‍ടര്‍മാര്‍ അവസരം തരുന്നുമില്ല: നെഹ്‌റ

ചൊവ്വ, 2 ജൂണ്‍ 2015 (10:53 IST)
സെല‌ക്‍ടര്‍മാര്‍ തന്നെ പലപ്പോഴും ഒഴിവാക്കുകയാണെന്ന് ഇന്ത്യന്‍ മീഡിയം പേസര്‍ ആശിഷ് നെഹ്റ. താൻ എത്ര നന്നായി കളിച്ചാലും എനിക്കൊരവസരം തരാൻ സെല‌ക്‍ടര്‍മാര്‍ തയാറാകുന്നില്ല. ഇന്ത്യൻ ടീമിൽ ഇടം  കിട്ടാതിരുന്ന സമയങ്ങളിലെല്ലാം ആഭ്യന്തര ട്വന്റി - 20, ഏകദിനങ്ങളിൽ മികച്ച  പ്രകടനം തുടർച്ചയായി നടത്തിയിട്ടും ടീം ഇന്ത്യയിലേക്കുള്ള വാതില്‍ മാത്രം തുറന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 
താന്‍ ലോകകപ്പ് ടീമിൽ ഉണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നുവെങ്കിലും 30 അംഗ സാധ്യതാ ടീമിൽപ്പോലും ഉൾപ്പെടുത്താന്‍ സെലക്ടർമാർ തയാറായില്ല. ദേവ്ധർ  ട്രോഫിയിലും ചലഞ്ചർ ട്രോഫിയിലെല്ലാം ഞാൻ നിലവിൽ  ഇന്ത്യൻ ടീമിലുള്ള  ബൗളർമാരെക്കാൾ മികച്ച പ്രകടനം നടത്തി. ആഭ്യന്തര  ട്വന്റി - 20, ഏകദിനങ്ങളിൽ  നിരവധി ബൗളർമാരെ  ദേശീയ ടീം സെലക്ടർമാർ മാറിമാറി പരീക്ഷിച്ചെങ്കിലും എനിക്കൊരവസരം തരാൻ തയ്യാറായില്ലെന്നും നെഹ്റ പറഞ്ഞു. 
 
കഴിഞ്ഞ 4 വർഷത്തിനിടെ  ഇരുപതോളം ബൗളർമാർക്ക്  അവസരം നൽകിയെങ്കിലും തനിക്ക് മാത്രം അർഹിക്കുന്ന അംഗീകാരങ്ങൾ ഒന്നും തനിക്ക്  കിട്ടാറില്ല.  ഇന്ത്യൻ ടീമിൽ കളിക്കാൻ ഇപ്പോഴും പ്രാപ്തനാണെന്നാണ് തന്റെ വിശ്വാസമെന്നും നെഹ്റ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക