മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ചെന്നൈ സൂപ്പര്‍ കിങ്സ് താരം ശര്‍ദുല്‍ താക്കൂറിനെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹാര്‍ദിക്കിന് പകരക്കാരന്‍ ആകില്ല ശര്‍ദുല്‍ താക്കൂര്‍ എന്ന മുന്‍ താരം ആശിഷ് നെഹ്റയുടെ പരസ്യപ്രസ്താവന വന്നതോടെ ഈ റിപ്പോര്‍ട്ടുകള്‍ക്ക് ബലംവയ്ക്കുകയാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഹാര്‍ദിക്കിന് താളം കണ്ടെത്താന്‍ പറ്റുന്നില്ലെന്നതാണ് ബിസിസിഐയെ ആശങ്കയിലാഴ്ത്തുന്നത്. ഐപിഎല്‍ പ്രകടനം പരിഗണിച്ച് സ്‌ക്വാഡില്‍ മാറ്റം വരുന്ന കാര്യം ആലോചിക്കണമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി സെലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ക്വാഡില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ഒക്ടോബര്‍ പത്തിനു മുന്‍പ് ഐസിസിയെ അറിയിക്കണം.
15 അംഗ സ്‌ക്വാഡില്‍ ഇല്ലാത്ത ശ്രേയസ് അയ്യര്‍, ശര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളിലേക്ക് കടന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ടി 20 ലോകകപ്പിനായുള്ള സ്റ്റാന്‍ഡ്ബൈ പട്ടികയിലുള്ള താരങ്ങളാണ് ശര്‍ദുല്‍ താക്കൂറും ശ്രേയസ് അയ്യരും. മധ്യനിരയാണ് ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. മറ്റ് മാറ്റങ്ങളൊന്നും സ്‌ക്വാഡില്‍ വരുത്തിയില്ലെങ്കിലും വളരെ അനുഭവ സമ്പത്തുള്ള ശ്രേയസ് അയ്യരെ സ്റ്റാന്‍ഡ്ബൈ താരങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റി 15 അംഗ സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്താന്‍ സാധ്യതയേറി.