“ഗ്ലൗസ് അണിഞ്ഞെന്ന് കരുതി വിക്കറ്റ് കീപ്പറാകില്ല, പന്തിനെ കളിപ്പിക്കരുത്”- ആഞ്ഞടിച്ച് മുന്‍ താരം
ബുധന്‍, 28 ഓഗസ്റ്റ് 2019 (14:41 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായി ടീമിലെത്തിയിട്ടും പറയത്തക്ക മികച്ച പ്രകടനങ്ങളൊന്നും യുവതാരം ഋഷഭ് പന്തില്‍ നിന്ന് ഉണ്ടാകുന്നില്ല. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലും ട്വന്റി-20യിലും ടീമിലിടം ലഭിച്ചിട്ടും സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശാന്‍ താരത്തിനായില്ല.
വിന്‍ഡീസിനെതിരായ ഒന്നാം ടെസ്‌റ്റിലും ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കോഹ്‌ലി തയ്യാറായി. ആദ്യ ഇന്നിംഗ്‌സില്‍ 24 റണ്‍സിന് പുറത്തായ താരം രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സുമായി കൂടാരം കയറി. മുതിര്‍ന്ന താരം വൃദ്ധിമാന്‍ സാഹ ടെസ്‌റ്റ് സ്‌ക്വാഡിലുള്ളപ്പോഴാണ് പന്ത് അനാവശ്യ ഷോട്ടിലൂടെ പുറത്താകുന്നത്. ഇതോടെ താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.
പന്തിനെ മാറ്റി സാഹയ്‌ക്ക് അവസരം നല്‍കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി രംഗത്തുവന്നു. രണ്ടാം ടെസ്‌റ്റിനുള്ള ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കി സാഹയെ കളിപ്പിക്കണമെന്ന് കിര്‍മാനി വ്യക്തമാക്കി.
“ഗ്ലൗസ് അണിഞ്ഞെന്ന് കരുതി വിക്കറ്റ് കീപ്പറായിക്കൊള്ളണമെന്നില്ല. യുവതാരമായ പന്ത് വിക്കറ്റിന് പിന്നിലെ സാഹചര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. ക്രിക്കറ്റില്‍ ഏറെ ബുദ്ധിമുട്ടേറിയ ജോലിയാണ് വിക്കറ്റ് കീപ്പറുടേത്. സാഹയില്‍ നിന്ന് പന്തിന് പലതും പഠിക്കാനുണ്ട്. അതിനാല്‍ ഇനിയുള്ള ടെസ്‌റ്റില്‍ സാഹയ്‌ക്ക് അവസരം നല്‍കണം”.
ചില കാര്യങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ പന്തിന്റെ കരിയര്‍ ശരിയായ വഴിയിലാവും. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ടീമില്‍ ഇടം ലഭിച്ച സാഹയ്‌ക്ക് പന്തിന് നല്‍കുന്ന അതേ പരിഗണന നല്‍കണം. ടീമില്‍ ഉള്‍പ്പെടുത്തിയിട്ട് കളിപ്പിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും കിര്‍മാനി പറഞ്ഞു.