അയ്യയ്യോ എന്തൊരു നാണക്കേട് ! നിറംമങ്ങി സൂര്യ

വ്യാഴം, 23 മാര്‍ച്ച് 2023 (11:19 IST)
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും കാലിടറി സൂര്യകുമാര്‍ യാദവ്. തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലും സൂര്യ പൂജ്യത്തിനു പുറത്തായി. അതും ഗോള്‍ഡന്‍ ഡക്ക് ! ഇത്തവണ ആഷ്ടണ്‍ അഗറിന്റെ പന്തില്‍ സൂര്യ ബൗള്‍ഡ് ആകുകയായിരുന്നു. 
 
ഓസ്ട്രേലിയയുടെ 270 റണ്‍സ് പിന്തുടരുകയാണ് ഇന്ത്യ. 185-5 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോഴാണ് സൂര്യ ക്രീസിലേക്ക് എത്തിയതും ഗോള്‍ഡന്‍ ഡക്കായി പുറത്തായതും. ഇത്തവണയെങ്കിലും നിര്‍ണായക സമയത്ത് സൂര്യ ടീമിന് വേണ്ടി കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആദ്യ രണ്ട് ഏകദിനങ്ങളിലെ ദുരന്തം ചെപ്പോക്കിലും ആവര്‍ത്തിച്ചു. 
 
മോശം ഫോമില്‍ നില്‍ക്കുമ്പോഴും സൂര്യക്ക് തുടര്‍ച്ചയായി ഏകദിനത്തില്‍ അവസരം നല്‍കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സൂര്യക്ക് ഏകദിനത്തില്‍ അവസരം നല്‍കരുതെന്നാണ് മിക്കവരുടെയും വാദം. 
 
ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും ഗോള്‍ഡന്‍ ഡക്കായി നാണക്കേടിന്റെ റെക്കോര്‍ഡും സൂര്യ സ്വന്തമാക്കി. ഒരു രാജ്യാന്തര ഏകദിന പരമ്പരയിലെ എല്ലാ മത്സരത്തിലും ഗോള്‍ഡന്‍ ഡക്കാകുന്ന ആദ്യ ബാറ്ററെന്ന നാണക്കേടാണ് സൂര്യയുടെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടത്. ഏകദിനത്തില്‍ തുടര്‍ച്ചയായ 3 മത്സരങ്ങളില്‍ പൂജ്യത്തിനു പുറത്താകുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് സൂര്യകുമാര്‍. 2019ല്‍ ജസ്പ്രീത് ബുമ്രയാണ് അവസാനമായി ഇത്തരത്തില്‍ പുറത്തായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍