ഇന്ത്യ- ഓസീസ് പരമ്പരയല്ല, സച്ചിൻ-വോൺ പോരാട്ടം: ആ‌ർക്ക് മറക്കാനാവും ആ സുവർണകാലം

വെള്ളി, 4 മാര്‍ച്ച് 2022 (21:09 IST)
ക്രിക്കറ്റിൽ ഇന്ത്യ-ഓസീസ് മത്സരങ്ങൾ രണ്ട് ക്രിക്കറ്റ് താരങ്ങളിലേക്ക് ചുരുങ്ങിയ ഒരു കാലഘട്ടം ക്രിക്കറ്റ് പ്രേമികളുടെ ഓർമകളിൽ ഇന്നും ഉണ്ടാകും. മൈതാനത്ത് പരസ്‌പരം പോരടിച്ചിരുന്നെങ്കിലും മികച്ച സൗഹൃദം ഇരു താരങ്ങൾക്കും ഇടയിൽ ഉണ്ടായിരുന്നു. മൈതാനത്തെ ആ സുവർണകാലം സമ്മാനിച്ച ഷെയ്‌ൻ വോൺ വിടപറയുമ്പോൾ പഴയ സച്ചിൻ വോൺ പോരാട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.
 
ക്രിക്കറ്റിൽ എക്കാലവും കരുത്തരായിരുന്ന ഓസീസ് നിര ഇന്ത്യയ്ക്കെതിരെ കളിക്കുന്ന മത്സരങ്ങൾ പക്ഷേ അറിയപ്പെട്ടത് രണ്ട് താരങ്ങളുടെ പേരിലായിരുന്നു. ക്രിക്കറ്റിലെ ബാറ്റർമാരിൽ ഏറ്റവും മികച്ചവൻ എന്ന വിശേഷണം സ്വന്തമായ സച്ചിനും ഏറ്റവും മികച്ച ബൗളറായി ലോകം വാഴ്‌ത്തിയ ഷെയ്‌ൻ വോണും തമ്മിലായിരുന്നു ആ പോരാട്ടങ്ങൾ.
 
ലോക ക്രിക്കറ്റിലെ കൊലകൊമ്പന്‍ ബാറ്റര്‍മാരെയെല്ലാം കറക്കിവീഴ്‌ത്തുകയായിരുന്നു വോണിന് ഹരം. എന്നാൽ സച്ചിന് മുന്നിൽ പലപ്പോഴും വോണിന്റെ അടവുകളൊന്നും തനെ ഫലിച്ചില്ല. ഇരുവരും 29 തവണയാണ് നേർക്ക് നേർ വന്നത്. ഇതിൽ നാലേ നാല് തവണ മാത്രമേ ഓസീസ് സ്‌പിന്‍ ജീനിയസിന് മാസ്റ്റര്‍ ബ്ലാസ്റ്ററെ പവലിയനിലേക്ക് മടക്കാനായുള്ളൂ. ചെന്നൈ(1998), കാണ്‍പൂര്‍(1998), അഡ്‌ലെയ്‌ഡ്(1999), മെല്‍ബണ്‍(1999) എന്നീ വേദികളിലായിരുന്നു വോണിന് മുന്നില്‍ സച്ചിന്‍ അടിയറവ് പറഞ്ഞത്.
 
ഷാർജാ കപ്പിലെ മരുഭൂമിയിലെ കൊടുങ്കാറ്റ് എന്നറിയപ്പെട്ട സച്ചിന്റെ പ്രകടനമടക്കമുള്ള മറ്റവസരങ്ങളിലെല്ലാം സച്ചിന്റെ ബാറ്റിന്റെ ചൂടറിയാനായിരുന്നു വോണിന്റെ നിയോഗം. രാജ്യാന്തര ക്രിക്കറ്റിന് പുറത്ത് ഐപിഎല്ലില്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായും സച്ചിന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായും നേര്‍ക്കുനേര്‍ വന്നപ്പോഴും ആവേശത്തോടെയാണ് ലോകം ആ പോരാട്ടത്തിനും സാക്ഷ്യം വഹിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍