2015ൽ തൻ്റെ ഇരുപതാം വയസിൽ ഹരാരെയിൽ സിംബാബ്‌വെയ്ക്കെതിരെയാണ് സഞ്ജു തൻ്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിന് തുടക്കമിട്ടത്. ഐപിഎല്ലിലെ മാസ്മരിക ഇന്നിങ്ങ്സുകൾ കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സഞ്ജുവിൻ്റെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റും നോക്കികണ്ടത്. എന്നാൽ തൻ്റെ ആദ്യ ടി20യിൽ 19 റൺസിന് താരം പുറത്തായി.
പിന്നീട് നിരവധി വർഷങ്ങൾക്ക് ശേഷമാണ് ഐപിഎല്ലിലെ മികച്ചപ്രകടനങ്ങളിലൂടെ സഞ്ജു ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിൽ സ്ഥാനം നേടുന്നത്. റിഷഭ് പന്ത്,ദിനേഷ് കാർത്തിക്,ഇഷാൻ കിഷൻ എന്നീ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാർ ടീമിൽ ഉള്ളതിനാൽ തന്നെ ടി20 ടീമിൽ തൻ്റെ സ്ഥാനം സഞ്ജു ഇതുവരെ ഉറപ്പിച്ചിട്ടില്ല. എന്നാൽ ഏകദിനക്രിക്കറ്റിൽ സഞ്ജുവിൻ്റെ സ്ഥിതി വ്യത്യസ്തമാണ്.
അതേസമയം ഈ വർഷത്തെ പ്രകടനം മാത്രം കണക്കിലെടുത്താൽ ഈ വർഷം ടി20യിൽ സഞ്ജു ശ്രീലങ്കക്കെതിരെ രണ്ട് മത്സരങ്ങളിൽ 39,18 എന്നിങ്ങനെ സ്കോർ ചെയ്തു. അയർലൻഡിനെതിരെ 77 റൺസ് പിന്നീട് വിൻഡീസിനെതിരെ 30*,15. ഈ വർഷം ടി20യിൽ 44.75 ശരാശരിയിലാണ് സഞ്ജു ബാറ്റ് വീശുന്നത്.