Mental Health: ചുറ്റും എന്നെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ നിൽക്കുമ്പോഴും ഞാൻ ഒറ്റയ്ക്കാണെന്ന് തോന്നും, മാനസികാരോഗ്യത്തെ പറ്റി തുറന്ന് പറഞ്ഞ് കോലി

വ്യാഴം, 18 ഓഗസ്റ്റ് 2022 (18:24 IST)
കരിയറിൽ ഉടനീളം മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. മുറി നിറയെ തന്നെ സ്നേഹിക്കുന്ന ആളുകൾ ആയിരുന്നിട്ടും ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കോലി വെളിപ്പെടുത്തി. കരിയറിൽ നേരിട്ട സമ്മർദ്ദം തൻ്റെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നതായാണ് കോലിയുടെ  വെളിപ്പെടുത്തൽ.
 
എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരുപാട് ആളുകൾ മുറിയിൽ നിൽക്കുമ്പോഴും ഞാൻ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്. ഒരുപാട് ആളുകൾക്ക് ആ അനുഭവം മനസിലാകും. ഇത് വളരെ ഗൗരവകരമായ കാര്യമാണ്. എത്രമാത്രം ശക്തരാവാൻ ശ്രമിച്ചാലും അത് നിങ്ങളെ കീറിമുറിക്കും. കായികതാരം എന്ന നിലയിൽ മത്സരങ്ങളുടെ സമ്മർദ്ദങ്ങളിൽ നിന്നും ഇടയ്ക്ക് മാറി നിൽക്കുകയും നമ്മളോട് തന്നെ കൂടുതൽ കണക്ട് ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമാണ്. നിങ്ങൾക്ക് ആ കണക്ഷൻ നഷ്ടപ്പെട്ടാൽ ചുറ്റുമുള്ള മറ്റ് കാര്യങ്ങൾ നമ്മെ അലട്ടാൻ അധികം സമയം വേണ്ടിവരില്ല. കോലി പറഞ്ഞു.
 
രാജ്യാന്തര ക്രിക്കറ്റിൽ കോലി 14 വർഷം പിന്നിട്ടതിൻ്റെ സന്തോഷം ആരാധകർ ആഘോഷമാക്കുന്നതിനിടെയാണ് മാനസികാരോഗ്യത്തെ പറ്റിയുള്ള കോലിയുടെ വാക്കുകൾ ചർച്ചയാകുന്നത്. 2008 ഓഗസ്റ്റ് 18നാണ് കോലി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഏറെ കാലമായി ബാറ്റിങ്ങിൽ ഫോം കണ്ടെത്താനാവത്തതിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും ചെറിയ ഇടവേളയിലാണ് കോലി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍