ഹിറ്റ്‌മാന്‍റെ വിമര്‍ശകര്‍ കാണുന്നുണ്ടല്ലോ അല്ലേ? കിടിലന്‍ 176 !

നിത്യ കല്യാണ്‍

വ്യാഴം, 3 ഒക്‌ടോബര്‍ 2019 (14:17 IST)
ടെസ്റ്റ് ക്രിക്കറ്റിന്‍റെ എ ബി സി ഡി അറിയാത്തയാളാണ് രോഹിത് ശര്‍മ എന്ന രീതിയിലായിരുന്നു കുപ്രചരണങ്ങള്‍. രോഹിത്തിനെ ടെസ്റ്റില്‍ ഓപ്പണറാക്കിയാല്‍ അത് വലിയ ദോഷം ചെയ്യും എന്നായിരുന്നു വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ തന്നെ രോഹിത് ശര്‍മ എല്ലാ വിമര്‍ശനങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കി.
 
ഒരിക്കല്‍ വീരേന്ദ്രര്‍ സേവാഗ് ടെസ്റ്റില്‍ ഏതുരീതിയിലുള്ള ബാറ്റിംഗാണോ കാഴ്ചവച്ചത് അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു രോഹിത് ശര്‍മയുടെ ബാറ്റിംഗ്. നല്ല പന്തുകളെ ബഹുമാനിച്ചും മോശം പന്തുകളെ അതിര്‍ത്തികടത്തിയും ക്ലാസും മാസും ഒരുമിപ്പിച്ച ശൈലി. കാഴ്ചക്കാര്‍ക്ക് ബോറടിക്കാത്ത രീതിയില്‍ ബൌണ്ടറികളും സിക്സറുകളും യഥേഷ്ടം. 
 
244 പന്തുകളില്‍ നിന്ന് 176 റണ്‍സാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. 23 ഫോറുകളും ആറ്‌ സിക്സറുകളുമായിരുന്നു രോഹിത് പറത്തിയത്. കേശവ് മഹാരാജിനെ സിക്സും ഫോറും പറത്തിയ ശേഷം മറ്റൊരു സിക്സിന് ശ്രമിക്കുമ്പോള്‍ സ്റ്റമ്പ് ചെയ്താണ് രോഹിത്തിനെ പുറത്താക്കിയത്. 
 
രോഹിത് സെഞ്ച്വറി തികച്ചശേഷം ഗ്യാലറിയെ അഭിവാദ്യം ചെയ്യുമ്പോള്‍ എഴുന്നേറ്റുനിന്ന് കൈയ്യടിച്ചു നായകന്‍ വിരാട് കോഹ്‌ലി. രോഹിത്തിനെ ഓപ്പണറാക്കാനുള്ള തന്‍റെ തീരുമാനം പൂര്‍ണമായും ശരിയായതിന്‍റെ ചാരിതാര്‍ത്ഥ്യമായിരുന്നു അപ്പോള്‍ കോഹ്‌ലിയുടെ കണ്ണുകളില്‍ തിളങ്ങിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍