ടി 20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ടി 20 നായകസ്ഥാനം വിരാട് കോലി ഒഴിയുന്നത്. നമീബിയക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ശേഷം സംസാരിക്കുമ്പോഴാണ് കോലി അടുത്ത നായകനാരെന്നത് സംബന്ധിച്ച് സൂചന നല്‍കിയത്. ഇന്ത്യയുടെ നായക സ്ഥാനം താന്‍ വളരെ ആസ്വദിച്ചുവെന്നും അവസരത്തിനും നന്ദിയെന്നും പറഞ്ഞ കോലി ഭാവിയിലേക്ക് നോക്കേണ്ട സമയമായെന്നും രോഹിത് ഇപ്പോള്‍ തന്നെ ടീമിന്റെ കാര്യങ്ങള്‍ നോക്കുന്നുവെന്നും പറഞ്ഞു. താനും രോഹിത് ശര്‍മയും ഡ്രസിങ് റൂമില്‍ നായകന്‍മാരായി ഉണ്ടാകുമെന്നും കോലി പറഞ്ഞു. നിലവില്‍ ഏകദിനത്തിലും ടി 20 യിലും രോഹിത് ശര്‍മ ഉപനായകനാണ്.