അടുത്ത ലോകകപ്പില്‍ രോഹിത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരിക്കരുത്: രവി ശാസ്ത്രി

ശനി, 13 മെയ് 2023 (13:15 IST)
2024 ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ നായകസ്ഥാനത്ത് ഉണ്ടായിരിക്കരുതെന്ന് രവി ശാസ്ത്രി. 2007 ല്‍ ഇന്ത്യ പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടം ചൂടിയപ്പോള്‍ ചെയ്തതു പോലെ മുതിര്‍ന്ന താരങ്ങളെയെല്ലാം മാറ്റി യുവനിര ആയിരിക്കണം 2024 ട്വന്റി 20 ലോകകപ്പ് കളിക്കേണ്ടതെന്ന് ശാസ്ത്രി പറഞ്ഞു. ഇ.എസ്.പി.എന്‍. ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' 2007 ട്വന്റി 20 ലോകകപ്പിന്റെ വഴിയെ ഇന്ത്യ പോകുമെന്ന് വിചാരിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യയെ അടുത്ത ട്വന്റി 20 ലോകകപ്പില്‍ നായകനാക്കാം. അദ്ദേഹത്തിന്റെ ഐഡിയകള്‍ വളരെ വ്യത്യസ്തമാണ്. അദ്ദേഹം ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയുടെ നായകനാണ്. അദ്ദേഹത്തിനു മറ്റ് താരങ്ങളെ കുറിച്ച് അറിയാം. 2007 ല്‍ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, സഹീര്‍ എന്നിവരെല്ലാം മാറിനിന്ന് ധോണി നയിച്ചതുപോലെ 2024 ല്‍ രോഹിത് മാറിനിന്ന് പാണ്ഡ്യ നയിക്കട്ടെ,' ശാസ്ത്രി പറഞ്ഞു. 
 
'അടുത്തത് ഏകദിന ലോകകപ്പാണ് വരാനുള്ളത്. അതിന് തൊട്ടുപിറകെയാണ് ട്വന്റി-20 ലോകകപ്പ്. ഹാര്‍ദിക് ഇപ്പോള്‍ ടി20 ഇന്ത്യയുടെ സ്റ്റാന്‍ഡ്ബൈ ക്യാപ്റ്റനാണ്. നായക സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ പുതിയ ദിശയിലേക്ക് ടീമിനെ കൊണ്ടുപോകാനാകും. സെലക്ടര്‍മാര്‍ ഇക്കാര്യം ശ്രദ്ധിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ധാരാളം പ്രതിഭകളുണ്ട്. പുതിയ ടീമല്ലെങ്കില്‍ പോലും ചില പുതിയ മുഖങ്ങളെങ്കിലും ടീമിലുണ്ടാകും.' ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍