പന്തിന്റെ റണ്ണൗട്ട്: തെറ്റുകാ‍രൻ പന്ത് തന്നെയെന്ന് കമന്റേറ്റർമാർ

അഭിറാം മനോഹർ

ശനി, 22 ഫെബ്രുവരി 2020 (13:24 IST)
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യൻ വിക്കറ്റ് കീപ്പിംഗ് താരമായ റിഷഭ് പന്തിന്റെ റണ്ണൗട്ടാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ സംസാരവിഷയം. മത്സരത്തിൽ 19 റൺസെടുത്ത് നിൽക്കേ പങ്കാളിയായ അജിങ്ക്യ രഹാനെയുള്ള ആശയവിനിമയത്തിലെ പ്രശ്‌നമാണ് വിക്കറ്റ് നഷ്ടപ്പെടാൻ ഇടയാക്കിയത്.
 
മത്സരത്തിലെ 59ആം ഓവറിൽ ര്‍ക്കിളിനകത്തു തന്നെ ഷോട്ട് കളിച്ച ശേഷം സിംഗിള്‍ വേണോ, വേണ്ടയോ എന്ന സംശയത്തോടെ ക്രീസിന്റെ മറുവശത്തേക്ക് രഹാനെ ഓടിയപ്പോൾ പന്തിനും സംശയമായി. തുടർന്ന് അജാസ് പട്ടേലിന്റെ നേരിട്ടുള്ള ത്രോയിൽ വിക്കറ്റ് നഷ്ടമായപ്പോൾ രഹാനെയോട് രോഷം പ്രകടിപ്പിച്ച് നിരാശനായാണ് പന്ത് തുടര്‍ന്ന് ക്രീസ് വിട്ടത്. ഇതോടെ രഹാനെയുടെ കുഴപ്പമാണ് വിക്കറ്റ് നഷ്ടമാകുവാൻ കാരണമായതെന്ന അഭിപ്രായത്തിലാണ് ആരാധകർ. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ രഹാനെയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ കമന്റേറ്റര്‍മാര്‍ പന്തിനെയാണ് റണ്ണൗട്ടിന് കാരണക്കാരനെന്ന് വിമർശിക്കുന്നത്.
 
രഹാനെ പന്ത് അടിച്ചശേഷം ബോൾ എവിടെയാണെന്ന് നോക്കുകയാണ് പന്ത് ചെയ്‌തത്. ഇതാണ് ആശയക്കുഴപ്പത്തിനും റണ്ണൗട്ടിനും കലാശിച്ചതെന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. മറ്റൊരു കമന്റേററായ സ്‌കോട്ട് സ്‌റ്റൈറിസും ഈ അഭിപ്രായത്തോട് യോജിക്കുകയാണ് ചെയ്‌തത്. ബാറ്റ് ചെയ്യുമ്പോൾ നിങ്ങൾ പങ്കാളിയെ വിശ്വസിക്കുന്നത് പ്രധാനമാണെന്നും രഹാനെയെ പന്ത് വിശ്വസിച്ചില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യമെന്നും സ്റ്റൈറിസ് വിശദമാക്കി.
 
രഹാനെയിൽ വിശ്വാസമർപ്പിച്ച് പന്ത് ഓടുകയായിരുന്നു വേണ്ടത്.അജാസ് അത്ര വേഗതയുള്ള ഫീൽഡറല്ല. ബൗളര്‍ മറഞ്ഞതും കൊണ്ട് പന്തിന് ബോള്‍ എവിടെയാണെന്നു മനസ്സിലാക്കാനും സാധിച്ചില്ല. നോൺ സ്ട്രൈക്കേഴ്സിന് വിശ്വസിക്കാവുന്ന ബാറ്റ്സ്മാന്മാരിൽ ഒരാളാണ് രഹാനെയെന്നും മഞ്ജരേക്കർ വ്യക്തമാക്കി. ടെസ്റ്റ് കരിയറില്‍ ആദ്യമായാണ് രഹാനെ ഒരു റണ്‍ഔട്ടില്‍ ഭാഗമാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍