അന്നത്തെ ഇരട്ടസെഞ്ചുറിക്ക് സഹായിച്ചത് കോലിയുടെ ഉപദേശം, രഹസ്യം വെളിപ്പെടുത്തി മായങ്ക് അഗർവാൾ

അഭിറാം മനോഹർ

ശനി, 15 ഫെബ്രുവരി 2020 (11:05 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യമായ താരമാണ് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിംഗ് താരം മായങ്ക് അഗർവാൾ.ന്യൂസിലാന്‍ഡിനെതിരേ നടന്ന കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലൂടെ ഏകദിനത്തിലും അദ്ദേഹം അരങേറിയിരുന്നുവെങ്കിലും ഏകദിനത്തിൽ പക്ഷേ ടെസ്റ്റിലെ പോലുള്ള പ്രകടനങ്ങൾ കാഴ്ച്ചവെക്കാൻ സാധിച്ചില്ല. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ മായങ്ക് നേടിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം വിശാഖപട്ടണത്ത് നടന്ന ടെസ്റ്റിലായിരുന്നു താരത്തിന്റെ കന്നി ടെസ്റ്റ് ഡബിള്‍. അന്ന് വിരാട് കോലി നൽകിയ ഉപദേശമാണ് ഇരട്ട സെഞ്ചുറി സ്വന്തമാക്കാൻ സാഹായിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മായങ്ക് അഗർവാൾ ഇപ്പോൾ.
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അന്നു 150 റണ്‍സ് തികയ്ക്കുമ്പോള്‍ ക്രീസിന്റെ മറുഭാഗത്ത് ഇന്ത്യൻ നായകൻ വിരാട് കോലിയായിരുന്നു നിന്നിരുന്നത്.നീ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. തനിക്കു വേണ്ടി റണ്‍സെടുക്കുന്നതിനെക്കുറിച്ചു മാത്രമല്ല ടീമിനു വേണ്ടി കൂടിയാണ് നീ റൺസ് എടുക്കുന്നത്. ടീമിന് വലിയ റൺസ് ആവശ്യമുണ്ട് അതുകൊണ്ട് തന്നെ നീ ക്രീസിൽ തുടരേണ്ടത് ടീമിന്റെ ആവശ്യമാണ്. കഴിയുന്നത്ര വേഗത്തിൽ സ്കോർ ചെയ്‌ത് ടീമിന്ന് വലിയ സ്കോർ നേടിത്തരാൻ ശ്രമിക്കു എന്നതായിരുന്നു കോലിയുടെ ഉപദേശം. 200 റൺസിൽ കുറഞ്ഞ യാതൊന്നും ചിന്തിക്കരുതെന്നും കോലി ഉപദേശിച്ചെന്നും മായങ്ക് പറയുന്നു.
 
കോലിയുടെ ഈ ഉപദേശം കൂടുതല്‍ പ്രചോദനം നല്‍കിയതായും ഇതാണ് ഡബിള്‍ സെഞ്ച്വറിയില്‍ തന്നെ എത്തിച്ചതെന്നുമാണ് മായങ്ക് പറയുന്നത്.ആ മത്സരത്തിൽ 215 റൺസ് നേടിയാണ് അന്ന് മായങ്ക് പുറത്തായത്.ബംഗ്ലാദേശിനെതിരേ കഴിഞ്ഞ വര്‍ഷം തന്ന നടന്ന മറ്റൊരു ടെസ്റ്റ് പരമ്പരയ്ക്കിടെയും കോലി സമാനമായ രീതിയില്‍ തന്നെ ഉപദേശിച്ചതായി മായങ്ക് വെളിപ്പെടുത്തി. ആ മത്സരത്തിലും മായങ്ക് അഗർവാൾ സെഞ്ചുറി നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍