മൊഹാലിയിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയിക്കാനായെങ്കിലും ആർസിബി ബാറ്റിംഗ് നിരയ്ക്കെതിരെ വിമർശനവുമായി മുൻ ഓസീസ് താരമായ മാത്യു ഹെയ്ഡൻ.മത്സരത്തിൽ ഓപ്പണിംഗ് ജോഡിയായ കോലിയും ഡുപ്ലെസിസും തങ്ങളുടെ രണ്ടാം സെഞ്ചുറി കൂട്ടുക്കെട്ട് സ്വന്തമാക്കിയിരുന്നെങ്കിലും പത്തോവറിന് ശേഷം ആർസിബി ഇന്നിങ്ങ്സിൻ്റെ വേഗത നഷ്ടമായിരുന്നു.
ഇതോടെയാണ് ഇന്നിങ്ങ്സിന് വേഗത കൂട്ടാതെയുള്ള ആർസിബി ബാറ്റർമാരുടെ സമീപനത്തിനെതിരെ കമൻ്റേറ്റർ കൂടിയായ മാത്യു ഹെയ്ഡൻ രംഗത്ത് വന്നത്. ആർസിബി ബാറ്റർമാർ ആക്സിലേറ്ററിൽ കാലുവെയ്ക്കാത്തത് അവരുടെ ബാറ്റിംഗ് നിരയിൽ വിശ്വാസമില്ലാത്തത് കൊണ്ടാണെന്ന് ഹെയ്ഡൻ പറഞ്ഞു. അതേസമയം മത്സരത്തിൽ ആദ്യ വിക്കറ്റിന് ശേഷം ആർസിബി ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകർന്നടിയുകയും ചെയ്തു. ടി20യിൽ പന്തുകൾ പാഴാക്കരുത്. ഈ രണ്ടിൽ ഒരാൾ അവസാന അഞ്ച് ഓവർ വരെ ബാറ്റ് ചെയ്യാൻ തീരുമാനിച്ചാൽ പോലും മറ്റൊരാൾ സ്കോർ ഉയർത്താൻ വമ്പൻ ഷോട്ടുകളുമായി മുന്നോട്ട് വരണം. അല്ലാതെ ക്രീസിൽ ചുറ്റി നടന്നിട്ട് കാര്യമില്ല. കമൻ്ററിക്കിടെ ഹെയ്ഡൻ പറഞ്ഞു.