ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് നാല് പേര്‍ പരിഗണനയില്‍; ഗംഭീറിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രം വിദേശ പരിശീലകരിലേക്ക് !

രേണുക വേണു

ബുധന്‍, 22 മെയ് 2024 (13:59 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നാല് പേര്‍ പരിഗണനയില്‍. ഗൗതം ഗംഭീര്‍, സ്റ്റീഫന്‍ ഫ്‌ളമിങ്, ജസ്റ്റിന്‍ ലാംഗര്‍, മഹേള ജയവര്‍ധനെ എന്നിവരാണ് ബിസിസിഐയുടെ അന്തിമ പട്ടികയില്‍ ഉള്ളത്. ഇതില്‍ മുഖ്യ പരിഗണന ഗൗതം ഗംഭീറിനാണ്. ഗംഭീര്‍ വിസമ്മതം അറിയിച്ചാല്‍ മാത്രമേ വിദേശ പരിശീലകരെ ബിസിസിഐ പരിഗണിക്കൂ. 
 
നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ ഉപദേഷ്ടാവാണ് ഗംഭീര്‍. ബിസിസിഐ വക്താക്കള്‍ ഗംഭീറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. തനിക്ക് ആലോചിക്കാന്‍ സമയം വേണമെന്നും ഐപിഎല്‍ കഴിഞ്ഞ ശേഷം അന്തിമ തീരുമാനം അറിയിക്കാമെന്നുമാണ് ഗംഭീര്‍ ബിസിസിഐയെ അറിയിച്ചിരിക്കുന്നത്. പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഗംഭീര്‍ വിസമ്മതം അറിയിച്ചാല്‍ ന്യൂസിലന്‍ഡ് മുന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ളമിങ്ങിനെയാകും ബിസിസിഐ പരിഗണിക്കുക. 
 
അതേസമയം ഇന്ത്യയില്‍ നിന്ന് തന്നെ മുഖ്യ പരിശീലകന്‍ വേണമെന്ന നിലപാടില്‍ ബിസിസിഐ എത്തുകയാണെങ്കില്‍ ആശിഷ് നെഹ്‌റ, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരെ കൂടി പരിഗണിക്കും. ഇതില്‍ പരിശീലക സ്ഥാനത്തോട് താല്‍പര്യമില്ലെന്ന നിലപാടിലാണ് ലക്ഷ്മണ്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍