ഈഡനിൽ ബംഗ്ലാ കൂട്ടക്കുരുതി

അഭിറാംന്മനോഹർ

വെള്ളി, 22 നവം‌ബര്‍ 2019 (15:13 IST)
പിങ്ക് ബോൾ ഉപയോഗിച്ച് ഇന്ത്യ ആദ്യമായി മത്സരിക്കാനിറങ്ങിയ ഈഡൻ ഗാർഡൻസ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ പടയോട്ടം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാനുള്ള ബംഗ്ലാദേശ് തീരുമാനം തികച്ചും തെറ്റാണെന്ന് സ്ഥാപിച്ചു കൊണ്ടാണ് ഇന്ത്യൻ പേസ് പട ബംഗ്ലാദേശിന് മുകളിൽ ആധിപത്യം സ്ഥാപിച്ചത്.
 
പിങ്ക് ബോളിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം എന്ന നിലയിൽ ചരിത്രപ്രാധന്യമുള്ള മത്സരത്തിൽ നിറഞ്ഞ ഗാലറിക്ക് മുൻപിലാണ് മത്സരം ആരംഭിച്ചത്. ഷദ്മാൻ ഇസ്ലാമും ഇംറുൾ കയേസും തമ്മിലുള്ള കൂട്ടുക്കെട്ട് പതുക്കെ സ്കോറിങ് തുടങ്ങിയെങ്കിലും സ്കോർ 15ൽ നിൽക്കെ കയേസിനെ പുറത്താക്കികൊണ്ട് ഇഷാന്ത് ശർമ ബംഗ്ലാവേട്ടക്ക് ആരംഭം കുറിച്ചു. ഇതോടെ പിങ്ക് ബോളിൽ ആദ്യ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർ എന്ന അതുല്യനേട്ടവും ഇഷാന്ത് സ്വന്തമാക്കി.
 
എന്നാൽ യഥാർത്ഥ സംഹാരതാണ്ഡവം ആരംഭിച്ചത് ഉമേഷ് യാദവ് എറിഞ്ഞ പതിനൊന്നാമത് ഓവറിലാണ്. മൂന്നാമനായി ബാറ്റിങിനിറങ്ങിയ ക്യാപ്റ്റൻ മൊമിനുൾ ഹഖിനെ പുറത്താക്കികൊണ്ട് ഉമേഷ് കളം പിടിക്കുന്ന കാഴ്ചയായിരുന്നു തുടർന്ന് മത്സരത്തിൽ കാണാനായത്. മൊമിനുൾ ഹഖിനെ പൂജ്യത്തിന് പറഞ്ഞുവിട്ട ഉമേഷ് മുഹമ്മദ് മിഥുനേയും പൂജ്യത്തിന് പവലിയനിലേക്ക് മടക്കിയയച്ചു. 
 
അപകടകാരിയായ മുഷ്ഫിഖുർ റഹീമിനെ കഴിഞ്ഞ മത്സരത്തിലേ താരമായ മുഹമ്മദ് ഷമി കൂടി  പൂജ്യത്തിന് പുറത്താക്കിയതോടെ ബംഗ്ലാകടുവകൾ മാളത്തിലൊളിച്ചു. ഒരറ്റത്ത് ഇഷാന്ത് തിരി കൊളുത്തിയ പേസ് കൊടുംകാറ്റ് ഉമേഷും ഷമിയും കൂടി ആളിക്കത്തിക്കുന്ന കാഴ്ചയാണ് പിങ്ക് ബോളിൽ ഇന്ത്യയുടെ കളികാണാൻ എത്തിയ ആയിരങ്ങൾക്കായി ഈഡൻ ഒരുക്കി വെച്ചത്. 
 
ഒടുവിൽ വിവരം കിട്ടുമ്പോൾ ബംഗ്ലാദേശ്   22 ഓവറിൽ   73ന് ആറ് വിക്കറ്റ്  എന്ന നിലയിലാണ് . 29 റൺസ് നേടിയ ബംഗ്ലാ ഓപ്പണിങ് താരം  ഷദ്മാൻ ഇസ്ലാമാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. മൊമിനുൾ ഹഖ്, മുഹമ്മദ് മിഥുൻ, മുഷ്ഫിഖുർ റഹീം എന്നീ ബംഗ്ലാ നിരയിലെ കരുത്തർക്കൊന്നും തന്നെ സ്കോർബോർഡിൽ അക്കം തികക്കാനായില്ല. 
 
ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് 3 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ഇഷാന്ത് ശർമ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. 24 റൺസോടെ ലിറ്റൺ ദാസും റൺസൊന്നും എടുക്കാതെ നയീം ഹസനുമാണ്  ഉച്ച ഭക്ഷണത്തിന് വേണ്ടി പിരിയുമ്പോൾ ക്രീസിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍