India vs England, 4th Test: നാണക്കേടില്‍ നിന്ന് കരകയറ്റി ജുറല്‍; ഇന്ത്യ ഇപ്പോഴും 134 റണ്‍സ് പിന്നില്‍

രേണുക വേണു

ശനി, 24 ഫെബ്രുവരി 2024 (17:30 IST)
India

India vs England, 4th Test: റാഞ്ചി ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങാതിരിക്കാന്‍ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 353 നെതിരെ 73 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. മൂന്ന് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ 134 റണ്‍സ് അകലെയാണ് ഇന്ത്യ. ധ്രുവ് ജുറല്‍ (58 പന്തില്‍ 30), കുല്‍ദീപ് യാദവ് (72 പന്തില്‍ 17) എന്നിവരാണ് ക്രീസില്‍. 
 
ഓപ്പണര്‍ യഷസ്വി ജയ്‌സ്വാള്‍ മാത്രമാണ് ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടിയിട്ടുള്ളത്. 117 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 73 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ശുഭ്മാന്‍ ഗില്‍ 38 റണ്‍സ് നേടി. രജത് പട്ടീദാര്‍ (17), രവീന്ദ്ര ജഡേജ (12), സര്‍ഫ്രാസ് ഖാന്‍ (14) എന്നിവര്‍ ചെറുത്ത് നില്‍പ്പിനു ശ്രമിച്ചെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. നായകന്‍ രോഹിത് ശര്‍മ (രണ്ട്), രവിചന്ദ്രന്‍ അശ്വിന്‍ (ഒന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. 
 
ഇംഗ്ലണ്ടിനായി ഷോയ്ബ് ബഷീര്‍ നാല് വിക്കറ്റും ടോം ഹാര്‍ട്ട്‌ലി രണ്ട് വിക്കറ്റും വീഴ്ത്തി. ആന്‍ഡേഴ്‌സണ് ഒരു വിക്കറ്റ്. ജോ റൂട്ടിന്റെ (274 പന്തില്‍ 122) സെഞ്ചുറി കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സ് നേടിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍