ഡെത്ത് ഓവറെന്നാൽ ഓസീസിൻ്റെ അവസാനം, രാജകീയമായി തിരിച്ചെത്തി മുഹമ്മദ് ഷമി

തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (13:33 IST)
ടി20 ലോകകപ്പിന് മുൻപായുള്ള ഇന്ത്യയുടെ ആദ്യ പരിശീലനമത്സരത്തിൽ ഓസീസിനെതിരെ ഇന്ത്യയ്ക്ക് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് കെ എൽ രാഹുലും രോഹിത് ശർമയും ചേർന്നുള്ള ഓപ്പണിങ് ജോഡി നൽകിയത്. ഒരറ്റത്ത് രോഹിത്തിനെ കാഴ്ചക്കാരനാക്കി കളം വാണ രാഹുൽ 57 റൺസെടുത്ത് പുറത്തായി. പിന്നാലെ രോഹിത്തും വീണെങ്കിലും സൂര്യകുമാറിലൂടെ 186 റൺസെന്ന മികച്ച സ്കോർ ഇന്ത്യ നേടി.
 
ഇന്ത്യക്കായി സൂര്യകുമാർ 50 റൺസെടുത്തു പുറത്തായി. ഇന്ത്യയുടെ നാല് വിക്കറ്റുകൾ വീഴ്ഠിയ കെയ്ൻ റിച്ചാർഡ്സണാണ് ഓസീസ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിൽ മിച്ചൽ മാർഷും നായകൻ ആരോൺ ഫിഞ്ചും ചേർന്ന് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. അനായാസമായി ഓസീസ് വിജയലക്ഷ്യം മറികടക്കുമെന്ന് കരുതിയെങ്കിലും ഹർഷൽ പട്ടേൽ എറിഞ്ഞ പത്തൊമ്പതാം ഓവർ കാര്യങ്ങൾ മാറ്റിമറിച്ചു.
 
പത്തൊമ്പതാം ഓവറിൽ ഓസീസിനെ വിജയത്തിലേക്ക് നയിച്ച ആരോൺ ഫീഞ്ചിനെയും പിന്നാലെ റണ്ണൗട്ടിലൂടെ ടിം ഡേവിഡിനെയും ഇന്ത്യ മടക്കി. ഷമി എറിഞ്ഞ അവസാന ഓവർ ശരിക്കും രോമാഞ്ചമണിയിക്കുന്നതായിരുന്നു. പരിക്കിനെയും കൊവിഡിനെയും തുടർന്ന് ഏറെ കാലമായി മാറിനിന്നിരുന്ന മുഹമ്മദ് ഷമി അവസാന ഓവറിൽ 4 വിക്കറ്റുകൾ പിഴുതെടുത്തുകൊണ്ട് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. 
 
ഓസീസിനായി നായകൻ ആരോൺ ഫിഞ്ച് 79ഉം മിച്ചൽ മാർഷ് 35ഉം റൺസെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍