കോഹ്‌ലിയുടെ കലിപ്പില്‍ ഓസ്‌ട്രേലിയന്‍ ഹുങ്ക് അവസാനിച്ചോ ?; സ്‌മിത്തിന് കൊടുക്കണം നല്ലൊരു കൈയടി

ചൊവ്വ, 28 മാര്‍ച്ച് 2017 (18:58 IST)
മനോഹരമായ ടെസ്‌റ്റ് പരമ്പരയാണ് അവസാനിച്ചത്. മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍, ബാറ്റ്‌സ്‌മാനെ കറക്കി വീഴ്‌ത്തുന്ന സ്‌പിന്‍ മാന്ത്രികന്മാരുടെ തന്ത്രങ്ങള്‍, അതിലുപരി ചൂടന്‍ വിവാദങ്ങളും വാക് പോരും. എല്ലാം കൊണ്ടും എരിവും പുളിയും നിറഞ്ഞു നിന്ന പരമ്പരയായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം.

നാടകീയതയ്‌ക്കും അത്ഭുതങ്ങള്‍ക്കും പിടികൊടുക്കാതെ വിരാട് കോഹ്‌ലിയുടെ അഭാവത്തിലിറങ്ങിയ ടീം ഇന്ത്യ അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കി. 106 റൺസിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

ടെസ്‌റ്റ് ക്രിക്കറ്റിന്റെ സകല ചേരുവകളും ഈ പരമ്പരയിലുണ്ടായിരുന്നു. സ്‌പിന്‍ പിച്ചില്‍ പൊരുതി നേടിയ സ്‌റ്റീവ് സ്‌മിത്തിന്റെ തകര്‍പ്പന്‍ സെഞ്ചുറി, സ്‌റ്റീവ് ഒ കീഫിന്റെയും രവീന്ദ്ര ജഡേജയുടെയും ബോളിംഗ് മികവ്. വൃദ്ധിമാന്‍ സാഹയുടെ സൂ‍പ്പര്‍മാന്‍ സ്‌റ്റൈല്‍ ക്യാച്ചും ഉമേഷ് യാദവിന്റെ പന്ത് പ്രതിരോധിക്കവെ ഗ്ലെന്‍ മാക്‍സ്‌വെല്ലിന്റെ ബാറ്റ് രണ്ട് കഷണമായതും ക്രിക്കറ്റ് ആരാധകര്‍ കണ്ടു. വാക് പോരിനൊപ്പം ചൂടന്‍ വിവാദങ്ങളും ബൗൺസറുകളായി പാഞ്ഞപ്പോള്‍ നാല് ടെസ്‌ടുകളുടെ പരമ്പര ആരാധകരെ നിരാശപ്പെടുത്തിയില്ല.



വെസ്റ്റ് ഇന്‍ഡീസിനെതിര തുടങ്ങിയ ഇന്ത്യയുടെ ജൈത്രയാത്ര ഇംഗ്ലണ്ടും, ന്യൂസിലന്‍ഡും ബംഗ്ലാദേശും പിന്നിട്ട് കുതിച്ചു. എന്നാല്‍, തുടര്‍ജയങ്ങളുടെ ഹുങ്കുമായി ഗ്രൌണ്ടിലിറങ്ങിയ ഇന്ത്യയെ ആദ്യ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ പൂട്ടി. ബംഗ്ലൂരു ടെസ്‌റ്റില്‍ വിരാടിന്റെ പട ജയം പിടിച്ചതോടെ പരമ്പര കലിപ്പിലാകുമെന്നു വ്യക്തമായി. റാഞ്ചി ടെസ്‌റ്റില്‍ തോല്‍‌വി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഷോണ്‍ മാര്‍ഷലും പീറ്റര്‍ ഹാന്‍ഡ്കോമ്പും ചേര്‍ന്ന് ഓസീസിനെ ജയത്തോളം വിലയുള്ള  സമനിലയിലെത്തിച്ചു. ഇതോടെയാണ് ധര്‍മ്മശാലയിലെ ഫൈനല്‍ ടെസ്‌റ്റ് ആവേശക്കൊടുമുടിയിലെത്തിയത്.

വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു ഈ പരമ്പര. ഡിആര്‍എസ് വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്തും കോഹ്‌ലിയും നേര്‍ക്കുനേര്‍ എത്തിയതോടെ ഇരു ടീമുകളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് വരെ വിഷയത്തില്‍ ഇടപെടേണ്ടിവന്നു. മൂന്നാം ടെസ്‌റ്റില്‍ ഫീല്‍‌ഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ കോഹ്‌ലിയെ പരിഹസിച്ച് ഗ്ലെന്‍ മാക്‍സ്‌വെല്‍ രംഗത്തെത്തിയതും ഇന്ത്യന്‍ ക്യാപ്‌റ്റനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാഡ് ട്രംപിനോട് ഓസീസ് മാധ്യമം ഉപമിച്ചതും പരമ്പരയെ മറ്റൊരു തലത്തിലെത്തിച്ചു.

ഒരു വിട്ടു വീഴ്‌ചയ്‌ക്കും തയാറാകാതെ ഓസ്‌ട്രേലിയന്‍ ടീമിനെ വരച്ചവരയില്‍ നിര്‍ത്താന്‍ കോഹ്‌ലിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. കളത്തിന് പുറത്തും അകത്തുമായി പ്രസ്‌താവനകളിലൂടെ എതിരാളികളെ മാനസികമായി തകര്‍ക്കുന്ന ഓസീസ് തന്ത്രം കോഹ്‌ലിയുടെ മുന്നില്‍ തകര്‍ന്നതോടെ കങ്കാരുക്കള്‍ കാലങ്ങളായി പുറത്തെടുക്കുന്ന ആയുധത്തിന് മൂര്‍ച്ഛ കുറഞ്ഞുവെന്ന് വ്യക്തമായി.

തുടര്‍ ജയങ്ങളുമായിട്ടാണ് ഇന്ത്യ പരമ്പരയ്‌ക്ക് ഇറങ്ങിയതെങ്കില്‍ ഓസ്‌ട്രേലിയ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലെത്തിയത്. എല്ലാവരും എഴുതിത്തള്ളിയപ്പോള്‍ പൂനെയില്‍ ജയം സ്വന്തമാക്കി അവര്‍ കൈയടി നേടി. പലപ്പോഴും  പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിക്കാനും പിന്നീടുള്ള ടെസ്‌റ്റുകളില്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചു.



വിരാട് കോഹ്‌ലിയെന്ന നായകന്റെ എല്ലാ അര്‍ഥത്തിലുമുള്ള വിജയം കൂടിയായിരുന്നു ഈ പരമ്പര. താന്‍ ആര്‍ക്കും പിടി തരാത്തവനാണെന്നും ആരെയും തോല്‍‌പ്പിക്കാന്‍ കരുത്തുള്ള കൂട്ടമാണ് തന്റെ ടീമെന്നും അദ്ദേഹം തെളിയിച്ചു. ഓസ്ട്രേലിയൻ താരങ്ങളുടെ കഠിനവാക് ശരങ്ങളും പ്രകോപനവും ചങ്കുറപ്പോടെ നേരിട്ട് ബോർഡർ ഗാവസ്കർ ട്രോഫി തിരിച്ചുപിടിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഒരു പുലിക്കുട്ടിയായി.

പരുക്കേറ്റ് അവസാന ടെസ്‌റ്റില്‍ നിന്ന് മാറി നിന്നപ്പോഴും സഹതാരങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ വെള്ളക്കുപ്പിയുമായി ഗ്രൌണ്ടിലെത്താന്‍ കോഹ്‌ലിക്ക് യാതൊരു മടിയുമുണ്ടായില്ല. സ്വന്തം ടീമിനെ എങ്ങനെയൊക്കെ പ്രചോദിപ്പിക്കാമോ അതെല്ലാം ചെയ്യാന്‍ മനസുള്ള നായകന്‍ അദ്ദേഹം. ടീം അംഗങ്ങള്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടുമ്പോള്‍ ഡ്രസിംഗ് റൂമിലിരുന്ന അലറി വിളിക്കുന്ന ക്യാപ്‌റ്റനെ ഇന്ത്യന്‍ ക്രിക്കറ്റ് മുമ്പ് കണ്ടിട്ടുണ്ടാകില്ല.

രവീന്ദ്ര ജഡേജയുടെ പുതിയ മുഖമാണ് ഈ പരമ്പരയില്‍ കണ്ടത്. താന്‍ അശ്വിന്റെ നിഴലില്‍ നില്‍ക്കേണ്ടവനല്ലെന്ന് അദ്ദേഹം സ്വയം തെളിയിച്ചു. ഈ സീസണിലെ ആറാമത്തെ അർധ സെഞ്ചുറിയാണ് അവസാന ടെസ്‌റ്റില്‍ അദ്ദേഹം സ്വന്തമാക്കിയത്. കൂടാതെ കപിൽദേവിനു ശേഷം ഒരു സീസണിൽ 50 വിക്കറ്റും 500 റൺസും പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ജഡ്ഡുവിന് സ്വന്തമായി. ജഡേജയാണ് കളിയെലും പരമ്പരയിലേയും താരം.

ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌മിത്തിന്റെ പ്രകടനത്തെ വിലകുറച്ചു കാണാന്‍ സാധിക്കില്ല. കോഹ്‌ലിയേക്കാള്‍ മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. തന്റെ കരിയറിലെ ഏറ്റവും വിലപിടപ്പുളള ഇന്നിംഗ്‌സുകളാണ് ഈ പരമ്പരയില്‍ കണ്ടതെന്ന സ്‌മിത്തിന്റെ അഭിപ്രായം എതിരാളികള്‍ പോലും സമ്മതിക്കുന്നു. ഇന്ത്യയിലെ സ്‌പിന്‍ പിച്ചില്‍ മൂന്ന് സെഞ്ചുറി ഉള്‍പ്പെടെ പരമ്പരയില്‍ 499 റണ്‍സാണ് ഓസീസ് ക്യാപ്‌ന്‍ നേടിയത്. പരമ്പരയില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം കൂടിയാണ് സ്മിത്ത്.

വാല്‍ക്കഷണം:-

ഇന്ത്യയുടെ തുടർച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടമാണ് ഓസ്‌ട്രേലിയക്കെതിരെ കണ്ടത്. രണ്ടാം ഇന്നിങ്സിൽ 137 റൺസിന് ഓസ്ട്രേലിയ പുറത്തായതോടെ ഇന്ത്യക്ക് 32 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസ് എന്ന നിലയിലാണ് നാലാം ദിനത്തിൽ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്കോർ 46ൽ വച്ച് ഇന്ത്യക്ക് മുരളി വിജയിയെയും (8) പൂജാരെയും (0) നഷ്ടമായെങ്കിലും പിന്നീട് രാഹുലും (51) ക്യാപ്റ്റൻ രാഹനെയും (38)ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. സ്കോർ: ഓസ്ട്രേലിയ 300 & 137, ഇന്ത്യ: 332 & 106/2 (23.5 ov).

വെബ്ദുനിയ വായിക്കുക