കോഹ്‌ലി കാഴ്‌ചക്കാരനോ ?; ടീമിന്റെ നിയന്ത്രണം മറ്റൊരാളുടെ കൈയില്‍ - ഗംഭീറിന് പിന്നാലെ മറ്റൊരു സൂപ്പര്‍താരം കൂടി ടീമിലേക്ക്!

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (19:34 IST)
ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ പരുക്കിനെത്തുടര്‍ന്ന് രണ്ടു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടെസ്‌റ്റ് ടീമിലേക്ക് മടങ്ങിയെത്തുകയാണ്. പുതിയ പരിശീലകന്‍ അനിൽ കുംബ്ലെയുടെ ഇടപെടല്‍ മൂലമാണ് ശിഖര്‍ ധവാന്‍ ടീമില്‍ ഉണ്ടായിട്ടും ഗംഭീറിനെ തിരിച്ചുവിളിക്കാന്‍ കാരണമായത്.

ഇതിനിടെ യുവരാജ് സിംഗിനെയും ഏകദിന ടീമിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രം നടത്തുന്നുണ്ട്. ചൊവ്വാഴ്‌ച നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഗംഭീറിനും യുവരാജിനും ഫിറ്റ്നസ് പരിശോധനകൾ നടത്തി. ഇരുവരും ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്‌തതോടെ ഇരുവരും ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചെത്തുമെന്ന് സൂചന ലഭിക്കുന്നുണ്ട്.

കുംബ്ലെയുടെ സ്‌നേഹം തന്നെയാണ് പഴയ ഫോമിന്റെ നിഴലില്‍ മാത്രം കളിക്കുന്ന യുവരാജിന് തുണയാകുന്നത്. ഗ്രേറ്റർ നോയിഡയിൽ ദുലീപ് ട്രോഫിക്കിടെ കുംബ്ലെ ഗംഭീറിനെയും യുവരാജിനെയും കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. ടീമിലേക്ക് ഏതു നിമിഷവും വിളിയുണ്ടാകുമെന്നും ശാരീരിക ക്ഷമത നിലനിർത്താനും അന്ന് ഇരുവര്‍ക്കും ഇന്ത്യന്‍ പരിശീലകന്‍ നിര്‍ദേശം നല്‍കിയിരുന്നു.

2014ൽ ഇംഗ്ലണ്ടിലായിരുന്നു ഗംഭീർ അവസാനമായി ടെസ്റ്റ് കളിച്ചത്. പരമ്പരയില്‍ നാല് ഇന്നിങ്സില്‍നിന്ന് 25 റണ്‍സ് മാത്രാണ് അദ്ദേഹം നേടിയത്. മോശം ഫോമിനൊപ്പം മഹേന്ദ്ര സിംഗ് ധോണിയുമായുള്ള അഭിപ്രായ വ്യത്യാസവും ശക്തമായതോടെ ഗംഭീര്‍ ടീമില്‍ നിന്ന് പുറത്താകുകയായിരുന്നു. പിന്നീട് ടീമിലേക്ക് മടങ്ങിയെത്താന്‍ ഏറെ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞില്ല.

ധോണി ടെസ്‌റ്റില്‍ നിന്ന് രാജിവച്ചതും വിരാട് കോഹ്‌ലി ടെസ്‌റ്റ് ടീമിന്റെ നായകനായതും ഗംഭീറിന്റെ തിരിച്ചുവരവിന് കാരണമായി. കുംബ്ലെ പരിശീലക സ്ഥാനത്തേക്ക് എത്തിയതോടെ തിരിച്ചുവരവ് വേഗത്തിലാകുകയുമായിരുന്നു. കോഹ്‌ലിക്ക് പരിചയസമ്പത്ത് കുറവായതിനാല്‍ ടീമിന്റെ നിയന്ത്രണത്തില്‍ കുംബ്ലെ ഇടപെടല്‍ നടത്തുന്നുണ്ടെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക