വാസിൽകീവിലെ എണ്ണ സംഭരണ ശാലയിലും ഖാർക്കിവിൽ വാതക പൈപ്പ് ലൈനിലും ആക്രമണം

ഞായര്‍, 27 ഫെബ്രുവരി 2022 (08:41 IST)
യുക്രെയ്‌നിന് നേരെയുള്ള യുദ്ധം കടുപ്പിച്ച് റഷ്യ. സിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്.ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി.ഇവിടങ്ങളിൽ തീ പടരുകയാണ്.
 
ഇതിനിടെ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി രംഗത്തെത്തി. റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് യുക്രെയ്‌ൻ ആവശ്യം. ഇക്കാര്യങ്ങൾ യു.എൻ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.
 
ഇതിനിടെ യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ രം​ഗത്തെത്തി. ബെൽജിയം യുക്രൈൻ സൈന്യത്തിന് 2,000 മെഷീൻ ഗണ്ണുകളും 3,800 ടൺ ഇന്ധനവും നൽകും. യുക്രെയ്‌നിന് ആയുധങ്ങൾ ന‌ൽകാമെന്ന് ജർമനിയും അറിയിച്ചിട്ടുണ്ട്. നെതർലാൻഡ്‌സും യുക്രെയ്‌നിന് സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
 
അതേസമയം കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കൻ വാ​ഗ്ദാനം യുക്രൈൻ സിഡന്റ് വ്ലോദിമിർ സെലെൻസ്കി നിരസിച്ചു.യുദ്ധം ഇവിടെയാണ്, എനിക്ക് ആയുധങ്ങളാണ് വേണ്ടത്, ഒളിച്ചോടേണ്ട' എന്ന് സെലൻസ്കി പറഞ്ഞതായി യുക്രൈൻ എംബസി ട്വീറ്റ് ചെയ്യുകയായിരുന്നു. യുക്രൈൻ ജനത തങ്ങളുടെ പ്രസിഡന്റിനെ ഓർത്ത് അഭിമാനിക്കുന്നു എന്നും എംബസി ട്വീറ്റ് ചെയ്തു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍