ഫോം താത്കാലികമാണ് ക്ലാസ് എന്നത് സ്ഥിരവും, കോലിയ്ക്ക് പിന്തുണയുമായി ജയവർധനെയും ശിഖർ ധവാനും

വ്യാഴം, 11 ഓഗസ്റ്റ് 2022 (15:07 IST)
ഏറെ കാലമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നെടുന്തൂണാണ് ഇന്ത്യൻ മുൻ നായകനായ വിരാട് കോലി, എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ 2 വർഷത്തിൽ കാര്യമായ നേട്ടം ഒന്നും തന്നെ സ്വന്തമാക്കാൻ കോലിയ്ക്ക് സാധിച്ചിട്ടില്ല. ടി20 ലോകകപ്പ് ഒക്ടോബറിൽ നടക്കാനിരിക്കെ ഏഷ്യാ കപ്പ് ആകും കോലിയ്ക്ക് തൻ്റെ ഫോം വീണ്ടെടുക്കാനുള്ള മികച്ച വേദി.
 
 കോലി ഏഷ്യാകപ്പിൽ മടങ്ങിവരവിനൊരുങ്ങുമ്പോൾ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസമായ മഹേല ജയവർധനെ. ഫോം താത്കാലികമാണെന്നും ക്ലാസ് എന്നത് സ്ഥിരമാണെന്നും ജയവർധനെ പറയുന്നു. കോലിയെ പോലൊരു മികച്ച താരത്തിന് തൻ്റെ മികച്ച പ്രകടനത്തിലേക്ക് മടങ്ങിയെത്തുക എന്നത് പ്രയാസകരമാകില്ലെന്നും ജയവർധനെ പറയുന്നു.
 
അതേസമയം ഒരൊറ്റ ഇന്നിങ്ങ്സ് മതിയാകും കോലി പഴയ ഫോമിലേക്ക് തിരികെയെത്താനെന്ന് ഇന്ത്യൻ ടീമിലെ സീനിയർ താരവും കോലിയുടെ സഹതാരവുമായ ശിഖർ ധവാൻ പറഞ്ഞു. കോലി തിരികെ ഫോമിലെത്തിയാൽ കോലിയെ ആർക്കും തടയാനാകില്ലെന്നും ശിഖർ ധവാൻ പറഞ്ഞു. നേരത്തെ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു. യുഎഇയിൽ ഈ മാസം 28ന് പാകിസ്ഥാനെതിരെയാണ് ഏഷ്യാക്കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍