ചെന്നൈയുടെ ഇരട്ടച്ചങ്കനായി ഡ്യൂപ്ലെസി; കളിയുടെ ഗതി മാറിയത് അവസാന ഒവറുകളില്‍

ബുധന്‍, 23 മെയ് 2018 (07:50 IST)
ആവേശം വാനോളമുയര്‍ന്ന പോരാട്ടത്തിനൊടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ ഫൈനലിൽ. 140 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മഞ്ഞപ്പട അഞ്ച് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 42 പന്തിൽ 67 റൺസെടുത്ത ഡ്യൂപ്ലെസിയുടെ ഒറ്റയാൾ പോരാട്ടമാണ് അവരെ ജയത്തിലെത്തിച്ചത്.

സീസണിലെ ആദ്യ അർധസെഞ്ചുറി കുറിച്ച ഡ്യൂപ്ലെസി 42 പന്തിൽ അഞ്ചു ബൗണ്ടറിയും നാലു സിക്സും സഹിതം 67 റൺസുമായി പുറത്താകാതെ നിന്നു. ധോണിയടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് ദക്ഷിണാഫ്രിക്കന്‍ താരം ചെന്നൈയുടെ രക്ഷകനായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ഇൻഫോം ബാറ്റ്സ്മാൻ ശിഖർ ധവാൻ കൂടാരം കയറി. പിന്നാലെ ഈ സീസണിലെ ഏറ്റവും മികച്ച ടീം വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു.

ഗോസ്വാമി (12), വില്യംസണ്‍ (24), മനീഷ് പാണ്ഡെ (എട്ട്), ഷാക്കിബ് അൽ ഹസൻ (12), യൂസഫ് പത്താൻ (24), ഭുവനേശ്വർ കുമാർ (7) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങി. അവസാന ഓവറില്‍ ബ്രാത്‌വയ്റ്റിന്റെ (29പന്തില്‍ 43) ഒറ്റയാൾ പ്രകടനമാണ് ഒരുഘട്ടത്തിൽ 100 പോലും തികയ്ക്കില്ലെന്നു തോന്നിയ സൺറൈസേഴ്സിനെ 130 കടത്തിയത്.

140 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഷെയ്ൻ വാട്സൻ റണ്ണൊന്നുമെടുക്കാതെ പുറത്തായതിന് പിന്നാലെ സുരേഷ് റെയ്‌ന (22), അമ്പാട്ടി റായുഡു (0), ധോണി (9), ബ്രാവോ (7), ജഡേജ (3) എന്നിവര്‍ അതിവേഗം കൂടാരം കയറി. അവസാന ഓവറുകളില്‍ ചാഹറിനൊപ്പം (ആറു പന്തിൽ 10) ഹർഭജനൊപ്പം (രണ്ട്) 21, ഷാർദുൽ താക്കൂറിനൊപ്പം (അഞ്ചു പന്തിൽ 15) 27 എന്നിങ്ങനെ കൂട്ടുകെട്ടുകൾ തീർത്ത ഡ്യൂപ്ലെസി ചെന്നൈയെ അനായാസം ഫൈനലിലേക്കു കൈപിടിച്ചു നയിച്ചു.  

ബുധനാഴ്ച നടക്കുന്ന രാജസ്ഥാൻ – കൊൽക്കത്ത എലിമിനേറ്റർ മൽസര വിജയികളുമായി ഒരിക്കൽക്കൂടി സൺറൈസേഴ്സിന് ഫൈനൽ ലക്ഷ്യമിട്ട് പോരാടാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍