50 ഷാംപെയ്ൻ സമ്മാനമായി നല്‍കാമെന്ന് സച്ചിന്‍; വെല്ലുവിളി ഏറ്റെടുത്ത് കോഹ്‌ലി
ചൊവ്വ, 24 ഏപ്രില്‍ 2018 (16:06 IST)
ഏകദിന ക്രിക്കറ്റിലെ 49 സെഞ്ചുറിയെന്ന തന്റെ റെക്കോര്‍ഡ് തകര്‍ത്താന്‍ വിരാട് കോഹ്‌ലിക്ക് 50 ബോട്ടില്‍ ഷാംപെയ്ൻ നല്‍കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.
49 ഏകദിന സെഞ്ചുറിയെന്ന റെക്കോര്‍ഡ് കോഹ്‌ലി മറികടന്നാല്‍ കോഹ്‌ലിക്ക് ഷാംപെയ്ൻ സമ്മാനമായി അയച്ചു നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സച്ചിന്‍ മറുപടി നല്‍കിയത്.
50 ഏകദിന സെഞ്ചുറി നേടിയാല്‍ കോഹ്‌ലിയെ ഞാന്‍ നേരില്‍ പോയി കാണും. എന്റെ റെക്കോര്‍ഡ് തകര്‍ന്നതിന്റെ സന്തോഷം പങ്കുവയ്‌ക്കാന്‍ 50 ബോട്ടില്‍ ഷാംപെയ്‌നുമായിട്ടാകും ഞാന്‍ പോകുകയെന്നും കോഹ്‌ലിയെ സാക്ഷിയാക്കി സച്ചിന്‍ പറഞ്ഞു.
അതേസമയം, താന്‍ സച്ചിന്റെ ബാറ്റിംഗ് കണ്ടിട്ടാണ് ക്രിക്കറ്റിലേക്ക് തിരിഞ്ഞതെന്ന് കോഹ്‌ലി വ്യക്തമാക്കി. എന്റെ കരിയറില്‍ അദ്ദേഹമുണ്ടാക്കിയ സ്വാധീനം ശക്തമാണ്. ക്രീസിലും ഡ്രസിംഗ് റൂമിലും ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങള്‍ ജീവിതത്തിലെ വലിയഭാഗ്യമാണെന്നും കോഹ്‌ലി വ്യക്തമാക്കി.
കൊൽക്കത്തയിൽ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിലാണ് കോഹ്‌ലിയും സച്ചിനും ഒരുമിച്ചെത്തിയത്.