ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസും 150 വിക്കറ്റും പൂർത്തിയാക്കി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ്. നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ക്രിക്കറ്റ് താരമാണ് ബെൻ സ്റ്റോക്‌സ്. ഗാരി സോബേഴ്‌സ്, ഇയാൻ ബോതം,കപിൽ ദേവ്,ജാക്വിസ് കാലിസ് എന്നിവരാണ് ഇതിന് മുൻപ് ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരങ്ങൾ.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ബെൻ സ്റ്റോക്‌സ് 128 പന്തിൽ 120 റൺസെടുത്താണ് പുറത്തായത്.11 ഫോറും ആറ് സിക്‌സറും ഉള്‍പ്പടെയായിരുന്നു സ്റ്റോക്‌സിന്‍റെ റണ്‍വേട്ട. താരത്തിന്റെ പതിനൊന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 150.5 ഓവറില്‍ 9 വിക്കറ്റിന് 507 റണ്‍സ് എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌തു. 153 റൺസെടുത്ത ജോ റൂട്ടിന്റെയും 120 റൺസെടുത്ത ബെൻസ്റ്റോക്‌സിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിൽ എത്തിച്ചത്.
ഡാനിയേല്‍ ലോറന്‍സ് 91 റണ്‍സെടുത്ത് പുറത്തായി. വാലറ്റത്ത് ക്രിസ് വോക്‌സ് നേടിയ 41 റണ്‍സും ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. വെസ്റ്റ് ഇന്‍ഡീസിനായി വീരസ്വാമി പെരുമാള്‍ മൂന്നും കെമാര്‍ റോച്ച് രണ്ടും ജെയ്‌ഡന്‍ സീല്‍സും അല്‍സാരി ജോസഫും ജേസന്‍ ഹോള്‍ഡറും ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റും ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ രണ്ടാം ദിനം സ്റ്റംപെടുത്തപ്പോള്‍ ഒരു വിക്കറ്റിന് 71 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്.