ഇപ്പോള്‍ അടി കിട്ടാത്തത് നോക്കണ്ട, കളി അറിയുന്നവര്‍ വന്നാല്‍ പഞ്ഞിക്കിടും; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തണമെന്ന് സോഷ്യല്‍ മീഡിയ

ബുധന്‍, 19 ഏപ്രില്‍ 2023 (09:24 IST)
സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. അവസാന ഓവറില്‍ 20 റണ്‍സ് പ്രതിരോധിക്കാന്‍ വേണ്ടപ്പോള്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പന്ത് ഏല്‍പ്പിക്കുകയായിരുന്നു. അവസാന ഓവറില്‍ വെറും അഞ്ച് റണ്‍സ് വഴങ്ങി ഒരു വിക്കറ്റും അര്‍ജുന്‍ വീഴ്ത്തി. 
 
അതേസമയം അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ ബൗളിങ്ങിനെ വിമര്‍ശിച്ചും ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒട്ടും വേഗതയില്ലാത്ത ബൗളിങ്ങാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടേതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഈ വേഗതയും വെച്ച് അര്‍ജുന് അധികകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. നല്ല പ്രഹരശേഷിയുള്ള ബാറ്റര്‍മാരുടെ കൈയില്‍ കിട്ടിയില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ പന്തുകളെല്ലാം ബൗണ്ടറി കടക്കുമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. 
 
അര്‍ജുന്റെ ശരാശരി വേഗത വെറും 120 കി.മി മാത്രമാണ്. ചുരുങ്ങിയത് 135 കി.മി വേഗതയിലെങ്കിലും പന്തെറിഞ്ഞില്ലെങ്കില്‍ അര്‍ജുന്റെ കരിയര്‍ ഉടന്‍ അവസാനിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. വേഗത കുറഞ്ഞ പന്തുകള്‍ അനായാസം അതിര്‍ത്തി കടത്തുന്ന ജോസ് ബട്‌ലറെ പോലെയുള്ള ബാറ്റര്‍മാര്‍ക്ക് മുന്നില്‍ അര്‍ജുന്‍ നന്നായി വിയര്‍ക്കും. പവര്‍പ്ലേയില്‍ ഈ വേഗതയും കൊണ്ട് പന്തെറിയുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണെന്നാണ് ആരാധകരുടെ അഭിപ്രായം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍